വരുന്നൂ, സ്ത്രീകൾക്ക് സർക്കാർ ക്രെഡിറ്റ് കാർഡും ഇൻഷൂറൻസും

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് വനിതകൾക്ക് ഏറെ സന്തോഷം പകരുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ. സ്ത്രീകൾക്ക് ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ വഴി വായ്പയും ഇൻഷറൻസ് പരിരക്ഷയും അടക്കം നൽകാനാണ് സർക്കാർ പദ്ധതി തയാറാക്കിയത്. ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. എല്ലാവർക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയെന്ന ​ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം.

ക്രെഡിറ്റ് കാർഡുകളും വായ്പകളും സ്ത്രീകൾക്ക് വേണ്ടിയു​ള്ള പ്രത്യേക ഇൻഷൂറൻസ് പദ്ധതികളുമായിരിക്കും ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളെന്ന് കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഗ്രാമീണ സംരംഭങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും എളുപ്പം വായ്പ ലഭ്യമാക്കാൻ കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച ഗ്രാമീൺ ക്രെഡിറ്റ് സ്കോർ നടപ്പാക്കുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്. ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്ന ജൻ സുരക്ഷാ പദ്ധതികൾക്ക് കീഴിലുള്ള ഇൻഷൂറൻസ് പ്ലാനുകളുടെ കവറേജ് വർധിപ്പിക്കാനും ഉയർന്ന ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാനുള്ള അവസരം നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്.

നിതി ആയോഗ് നൽകിയ നിർദേശ പ്രകാരമാണ് കേന്ദ്ര സർക്കാർ പദ്ധതി നടപ്പാക്കുക. പ്രവർത്തനരഹിതമായ പ്രധാനമന്ത്രി ജൻ ധൻ യോജന (പി.എം.ജെ.ഡി.വൈ) അക്കൗണ്ടുകൾ സജീവമാക്കുന്നതിനുള്ള പദ്ധതികളാണ് നിതി ആയോഗ് നിർദേശിച്ചത്. ഇതിന്റെ ഭാഗമായാണ് പി.എം.ജെ.ഡി.വൈ അക്കൗണ്ടുകളിലൂടെ ഉടമകൾക്ക് ക്രെഡിറ്റ് കാർഡുകളും ഇൻഷൂറൻസ് പരിരക്ഷയും നൽകാനുള്ള നീക്കം.

രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ പി.എം.ജെ.ഡി.വൈ അക്കൗണ്ടുകളിലൂടെ എല്ലാവർക്കും ക്രെഡിറ്റ് കാർഡും വായ്പയും ലഭ്യമാക്കി സാമ്പത്തിക സാക്ഷരത വളർത്തേണ്ടത് അത്യാവശ്യമാണെന്നാണ് നിതി ആയോഗിന്റെ നിലപാട്. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് എല്ലാവർക്കും സാമ്പത്തിക സേവനം ഉറപ്പുവരുത്തുന്നതിന് പി.എം.ജെ.ഡി.വൈ സ്കീമുകളുടെ പ്രവർത്തനം വിലയിരുത്തുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. 

Tags:    
News Summary - government plans credit cards and insurance to women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.