റെക്കോഡുകൾ ഭേദിച്ച് സ്വർണം; ആഭരണം പവന് ഒന്നേകാൽ ലക്ഷം രൂപ

കൊച്ചി: എല്ലാ റെക്കോഡുകളും ഭേദിച്ച് സ്വർണവില മുന്നോട്ട് കുതിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ പവന് 1,14,000 രൂപയിലേക്കാണ് വില ഉയർന്നത്. ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കും ബുധനാഴ്ച രേഖപ്പെടുത്തി. നിലവിലെ വില അനുസരിച്ച് സംസ്ഥാനത്ത് അഞ്ച് ശതമാനം പണിക്കൂലിയിൽ ഒരു പവൻ ആഭരണം വാങ്ങാൻ ജി.എസ്.ടി അടക്കം 1,25,000 രൂപയെങ്കിലും ചെലവാകും.

ബുധനാഴ്ച രാവിലെ രണ്ട് തവണയായി ഗ്രാമിന് 685 രൂപ വർധിച്ച് 14,415 രൂപയും പവന് 5480 രൂപ വർധിച്ച് 1,15,320 രൂപയുമായി. വൈകിട്ട് ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,355 രൂപയിലേക്കും പവന് 480 രൂപ കുറഞ്ഞ് 1,14,840 രൂപയിലേക്കും എത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 510 രൂപ വർധിച്ച് 11,795 രൂപയിലെത്തി. പവന് 94,360 രൂപ നൽകണം. വെള്ളി ഗ്രാമിന് 325 രൂപയാണ്. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.10 ഗ്രാം) സ്വർണത്തിന്‍റെ വില 4850 ഡോളർ കടന്നതും രൂപയുടെ വിനിമയ നിരക്ക് 91.24 ലേക്ക് എത്തിയതും ആണ് സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്താൻ കാരണമായത്. ജനുവരി ഒന്നിന് ഗ്രാമിന് 12,380 രൂപയും പവന് 99,040 രൂപയുമായിരുന്നു. 21 ദിവസത്തിനിടെ യഥാക്രമം 1,975 രൂപയും 14,800 രൂപയുമാണ് വർധിച്ചത്.

സ്വർണം, വെള്ളി വിലകളിൽ പരിധി നിശ്ചയിക്കാനാവാത്ത കുതിപ്പാണ് തുടരുന്നതെന്ന് വ്യാപാരികൾ പറയുന്നു. വെനിസ്വേലയിലെയും ഇറാനിലെയും സംഘർഷങ്ങൾക്കിടയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഡിമാൻഡ് വർധിക്കുന്നതും യു.എസ് ഫെഡറൽ റിസർവ് പലിശ കുറക്കാനുള്ള സാധ്യതകളുമാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. ഈ വർഷം കഴിഞ്ഞ 20 ദിവസത്തിനിടെ മാത്രം അന്താരാഷ്ട്ര സ്വർണവില 500 ഡോളറിലധികമാണ് കൂടിയത്. വിലക്കുതിപ്പ് തുടരുന്ന പശ്ചാത്തലത്തിൽ വൻകിട നിക്ഷേപകർ താൽക്കാലികമായി ലാഭം എടുത്ത് വിറ്റൊഴിഞ്ഞാൽ ചെറിയൊരു തിരുത്തലിനും സാധ്യതയുണ്ട്. എങ്കിലും വരും ദിവസങ്ങളിലും വില കൂടുമെന്ന് തന്നെയാണ് പ്രവചനം.

Tags:    
News Summary - Gold breaks records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.