ട്രംപിനെ വിശ്വസിക്കാൻ കൊള്ളി​ല്ല; 1,236 ടൺ സ്വർണം തിരിച്ചുതരണമെന്ന് ജർമനി

ബെർലിൻ: യു.എസിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം തിരിച്ചെടുക്കണമെന്ന് ജർമനിയിലെ ജനപ്രതിനികളും സാമ്പത്തിക വിദഗ്ധരും. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂക്ഷമാകുന്നതിനിടെയാണ് ആവശ്യവുമായി ഇവർ രംഗത്തെത്തിയത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ​യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നീക്കം. യു.എസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ സ്വർണ ശേഖരം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന കാര്യം കഴിഞ്ഞ ഏപ്രിലിൽ ജർമനിയിലെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ നേതൃത്വത്തിലുള്ള സർക്കാറിന്റെ മുതിർന്ന നേതാക്കൾ ചർച്ച ചെയ്തിരുന്നു.

​ലോകത്ത് ഏറ്റവും കൂടുതൽ സ്വർണത്തിന്റെ കരുതൽ ശേഖരമുള്ള രണ്ടാമത്തെ രാജ്യമാണ് ജർമനി. 3350.25 ടൺ സ്വർണമാണ് ജർമനിക്കുള്ളത്. കരുതൽ ശേഖരത്തിന്റെ പകു​തിയോളം ജർമനിയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരമായ ഫ്രാങ്ക്ഫർട്ടിലാണ്. എന്നാൽ, 37 ശതമാനം അതായത് 1,236 ടൺ സ്വർണം ന്യൂയോർക്കിലെ ഫെഡറൽ റിസർവിലാണ് സൂക്ഷിച്ചിരിക്കുന്നത്. 13 ശതമാനം ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും സൂക്ഷിച്ചിട്ടുണ്ട്. 30 ഓളം രാജ്യങ്ങളുടെ 6300 ടൺ സ്വർണം യു.എസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ കസ്റ്റഡിയി​ലുണ്ടെന്നാണ് കണക്ക്.

രണ്ടാം ലോക യുദ്ധകാലത്ത് സോവിയറ്റ് യൂനിയൻ ജർമനി പിടിച്ചെടുത്തതിന് പിന്നാ​ലെയാണ് സ്വർണത്തിന്റെ കരുതൽ ശേഖരം യു.എസിലേക്ക് മാറ്റിയത്. എന്നാൽ, 2008ലെ സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ കരുതൽ സ്വർണം ഇനിയും യു.എസിൽ സൂക്ഷിക്കേണ്ടതില്ലെന്നും തിരിച്ചുകൊണ്ടുവരണമെന്നും ജർമൻ ​രാഷ്ട്രീയ നേതാക്കൾക്കിടയിൽ അഭിപ്രായം ഉയർന്നു. 2013 മുതൽ ജർമനിയുടെ കേന്ദ്ര ബാങ്കായ ബു​ൻഡെസ് ബാങ്ക് വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ വലിയൊരു ഭാഗം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. അതിന്റെ ഫലമായി ന്യൂയോർക്കിൽനിന്ന് 300 ടൺ സ്വർണം തിരിച്ചുവാങ്ങി. പാരീസിൽനിന്ന് 374 ടണും തിരിച്ചെത്തിച്ചു.

നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ, യു.എസിൽ ഇത്രയധികം സ്വർണം സൂക്ഷിക്കുന്നത് അപകടകരമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും ബു​ൻഡെസ് ബാങ്ക് ​ഗവേഷണ വിഭാഗം മുൻ തലവനുമായ ഇമ്മാനുവേൽ മോഞ്ച് പറഞ്ഞു. യു.എസിൽനിന്ന് കൂടുതൽ നയതന്ത്ര സ്വാതന്ത്രം നേടണമെങ്കിൽ സ്വർണം തിരിച്ചെടുക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വർണം യു.എസിൽനിന്ന് തിരിച്ചുവാങ്ങണമെന്ന കാര്യത്തിൽ യൂറോപ്യൻ നികുതി ദായകരുടെ അസോ​സിയേഷന്റെയും ജർമൻ നികുതി ദായകരുടെ അസോസിയേഷന്റെയും തലവനായ മിഷേൽ ജോഗറും സമാന അഭിപ്രായം പങ്കുവെച്ചു. ട്രംപ് എന്തു ചെയ്യുമെന്ന് പറയാൻ കഴിയില്ലെന്നും വരുമാനമുണ്ടാക്കാൻ അദ്ദേഹം എന്തും ചെയ്യുമെന്നും മിഷേൽ ജോഗർ അഭിപ്രായപ്പെട്ടു. ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള നിലപാട് പോലെ യു.എസ് പുതിയ ആക്രമണ പദ്ധതി നടപ്പാക്കുകയാണെങ്കിൽ സ്വർണം ഒരിക്കലും തിരിച്ചുകിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്വർണം രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് ജർമൻ പാർലമെന്റിലെ പ്രതിപക്ഷമായ ഗ്രീൻ പാർട്ടിയുടെ ധനകാര്യ വക്താവ് കാതറീന ബെക്കും ആവശ്യപ്പെട്ടു. അനിശ്ചിതാവസ്ഥയുടെ കാലത്ത് ആത്മവിശ്വാസവും സാമ്പത്തിക സ്ഥിരതയും ഉറപ്പുനൽകുന്ന സ്വർണത്തെ അന്താരാഷ്ട്ര ഏറ്റുമുട്ടലുകളുടെ കരുക്കളാക്കരുതെന്നും അവർ പറഞ്ഞു.

അതേസമയം, യു.എസിൽനിന്ന് കരുതൽ സ്വർണം ജർമനിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനെ ഭരണകക്ഷിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ പാർട്ടി എതിർത്തു. ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് ഫ്രെഡറിക് മെർസ് സഖ്യ സർക്കാരിന്റെ വക്താവ് സ്റ്റെഫാൻ കൊർണേലിയസ് വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളുടെ ആശങ്ക ലഘൂകരിക്കാൻ ബുൻഡെസ്ബാങ്കിന്റെ പ്രസിഡന്റ് ജോച്ചിം നഗേലും ശ്രമിച്ചു. ഫെഡറൽ റിസർവിൽ സൂക്ഷിച്ചിരിക്കുന്ന കരുതൽ സ്വർണ ശേഖരത്തെ കുറിച്ച് ആശങ്കയില്ലെന്നാണ് ഒക്ടോബറിൽ വാഷിങ്ടൺ ഡി.സിയിൽ നടന്ന അന്താരാഷ്ട്ര നാണയ നിധിയുടെ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. യു.എസിന്റെ കസ്റ്റഡിയിലുള്ള കരുതൽ സ്വർണം പരിശോധിക്കാൻ അനുവദിക്കണമെന്ന ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ സർക്കാറിലെ മന്ത്രി മാർകോ വൻഡർവിറ്റ്സിന്റെ ആവശ്യം നേരത്തെ നിരസിക്കപ്പെട്ടിരുന്നു. 

Tags:    
News Summary - get back gold reserves from United States -german law makers ans economists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.