മുകേഷ്​ അംബാനി, ഗൗതം അദാനി (Photo courtesy: PTI)

ഒടുവിൽ അത്​ സംഭവിച്ചു; അംബാനിയെ മറികടന്ന്​ അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ

മുംബൈ: അംബാനിയും അദാനിയും തമ്മിലുള്ള മത്സരത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കുമെന്ന്​ ബിസിനസ്​ ലോകം പ്രവചിച്ചിരുന്ന ആ നിമിഷം യാഥാർഥ്യമായി. റിലയന്‍സ് മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കി വ്യവസായി ഗൗതം അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായതായി ഇക്കണോമിക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. അദാനി ഗ്രൂപ്പിന്‍റ ഓഹരികളില്‍ ഉണ്ടായ വന്‍ കുതിച്ചുചാട്ടവും റിലയൻസ്​ നേരിട്ട തിരിച്ചടിയുമാണ്​ ഗൗതം അദാനിക്ക്​ അംബാനിയെ മറികടക്കാന്‍ സഹായകരമായത്.

അദാനി എന്‍റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ് & സെസ്, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ അദാനി ഗ്രൂപ്പിന്​ കീഴിലുണ്ട്​.

കോവിഡ്​ കാലത്താണ്​ അദാനിയുടെ സമ്പത്ത്​ വൻതോതിൽ വളർന്നത്​. 2020 മാർച്ച് 18ന് അദ്ദേഹത്തിന്‍റെ മൊത്തം ആസ്​തി ഏകദേശം 4.91 ബില്യൺ ഡോളറായിരുന്നു. എന്നാൽ, ഇപ്പോഴത്​ 90 ബില്യൺ ഡോളറായി ഉയർന്നു. 1800 ശതമാനത്തിലധികമാണ്​ വർധിച്ചത്​.

അതേസമയം, സൗദി അറേബ്യയിലെ പെട്രോളിയം- പ്രകൃതി വാതക കമ്പനിയായ അരാംകോയുമായുള്ള കരാർ റിലയൻസ് ഇൻഡസ്ട്രീസ്​ റദ്ദാക്കിയതിന് പിന്നാലെ അംബാനിയുടെ അറ്റാദായത്തിൽ നേരിയ ഇടിവുണ്ടായി. 2020 നവംബറിൽ ഉള്ളതിനേക്കാൾ 14.3 ബില്ല്യണ്‍ ഡോളറാണ് അംബാനിക്ക്​ ഒരു വർഷം കൊണ്ട്​ ആകെ വർധിച്ചത്​. എന്നാൽ, അദാനിക്കാവ​ട്ടെ ഇതേ കാലയളവില്‍ 55 ബില്ല്യണ്‍ ഡോളർ വർധിച്ചു.

ആരംകോ- റിലയന്‍സ്​ കരാറില്‍ നിന്നുള്ള പിന്‍മാറ്റമാണ് ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ റിലയന്‍സിന് വന്‍ തിരിച്ചടി ഉണ്ടാക്കിയത്. ബോംബെ സ്റ്റോക്ക് എക്സേഞ്ചില്‍ റിലയന്‍സ് ഓഹരികളില്‍ 1.48 ശതമാനത്തിന്‍റെ വീഴ്ച സംഭവിച്ചു. 22,000 കോടിയോളമാണ് ഇത് മൂലം നഷ്ടം സംഭവിച്ചത്. മുകേഷ് അംബാനിക്ക് മാത്രം 11,000 കോടി നഷ്ടം സംഭവിച്ചെന്നാണ് കണക്ക്. അതേ സമയം അദാനി ഓഹരികളില്‍ 2.76 ശതമാനം ഉയര്‍ച്ചയാണ് ബുധനാഴ്ച ഉണ്ടായത്.

സ്വത്തുക്കൾ വീതംവെക്കാൻ അംബാനി ഫോർമുല; റിലയൻസിന്‍റെ​ ​പ്രവർത്തനം ഇനി ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ മുകേഷ്​ അംബാനി തന്‍റെ സ്വത്തുക്കൾ വീതംവെക്കുന്നത്​ സംബന്ധിച്ച്​ തീരുമാനമെടുത്തെന്ന്​ സൂചന​. വർഷങ്ങളായി ഇതിനായി വിവിധ വഴികൾ അംബാനി കുടുംബം പരിഗണിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഒടുവിൽ ഇക്കാര്യത്തിൽ തീരുമാനമായെന്നാണ്​ റിപ്പോർട്ട്​. തന്‍റെ 208 ബില്യൺ ഡോളർ മൂല്യമുള്ള സാമ്രാജ്യം വീതംവെക്കു​േമ്പാൾ തർക്കങ്ങൾ ഉടലെടുക്കാതിരിക്കാനുള്ള നീക്കങ്ങളാണ്​ 64കാരനായ അംബാനി നടത്തുന്നത്​.

വാൾമാർട്ടിന്‍റെ ഉടമസ്ഥരായ വാൾട്ടൺ ഫാമിലി സ്വത്ത്​ കൈമാറിയ രീതി തന്നെയാവും മുകേഷ്​ അംബാനിയും പിന്തുടരുക. മുഴുവൻ സ്വത്തുക്കളും ട്രസ്റ്റിന്‍റെ ഘടനയുള്ള സ്ഥാപനത്തിന്​ കീഴിലേക്ക്​ മാറ്റുകയാവും അംബാനി ചെയ്യുക. റിലയൻസ്​ ഇൻഡസ്​ട്രീസിന്‍റെ നിയന്ത്രണവും ഈ ട്രസ്റ്റിനാകും.

മുകേഷ്​ അംബാനിക്കും നിത അംബാനിക്കും മൂന്ന്​ മക്കൾക്കും സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടാവും. അംബാനിയുടെ വിശ്വസ്​തർ ഉപദേശകരായും ട്രസ്റ്റിൽ ഇടംപിടിക്കും. ഓയിൽ റിഫൈനറിൽ മുതൽ ഇ-കോമേഴ്​സ്​ വരെ വ്യാപിച്ച്​ കിടക്കുന്ന റിലയൻസിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്​ധരുടെ സംഘവുമുണ്ടാകും.

നേരത്തെ 2005ൽ പിതാവ്​ ധീരുഭായി അംബാനി വളർത്തിയെടുത്ത 90,000 കോടി രൂപ ആസ്​തിയുള്ള റിലയൻസ്​ വ്യവസായ ശൃംഖലയുടെ വീതംവെച്ചപ്പോൾ വലിയ തർക്കം ഉടലെടുത്തിരുന്നു. തുടർന്ന്​ അമ്മ കോകില ബെന്നിന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ്​ തർക്കം അവസാനിപ്പിക്കാൻ സാധിച്ചത്​.

Tags:    
News Summary - Gautam Adani has surpassed Mukesh Ambani to become the richest person in India and Asia.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.