ദുബൈ: രാജ്യത്ത് ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധനവ്. കഴിഞ്ഞ രണ്ടു മാസങ്ങളിൽ തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന വിലയാണ് പ്രതീക്ഷിക്കപ്പെട്ടത് പോലെ നേരിയ വർധനവ് രേഖപ്പെടുത്തിയത്.
സൂപ്പർ പെട്രോളിന്‍റെ പുതുക്കിയ വില ലിറ്ററിന് 2.74 ദിർഹമാണ്. കഴിഞ്ഞ മാസമിത് 2.61 ദിർഹമായിരുന്നു. പെട്രോൾ സ്പെഷ്യൽ 2.63 ദിർഹം (ജനുവരിയിൽ 2.50), ഇ പ്ലസിന് 2.55 ദിർഹം (ജനുവരിയിൽ 2.43), ഡീസലിന് 2.82 ദിർഹം (ജനുവരിയിൽ 2.68) എന്നിങ്ങനെയാണ് നിരക്ക്.
ജനുവരിയിൽ പെട്രോൾ, ഡീസൽ വില ഡിസംബറിലേത് തുടരുകയായിരുന്നു. ഇന്ധന വിലനിർണയ കമ്മിറ്റിയാണ് എല്ലാ മാസവും നിരക്ക് സംബന്ധിച്ച അറിയിപ്പ് പുറത്തുവിടുന്നത്. ഡിസംബറിൽ നവംബറിനെ അപേക്ഷിച്ച് പെട്രോളിന് 13 ഫിൽസ് കുറഞ്ഞപ്പോൾ ഡീസലിന് ഒരു ഫിൽസ് കൂടിയിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കിയാണ് യു.എ.ഇ ഇന്ധന വില നിർണയ സമിതി എല്ലാ മാസവും വില പുനർനിർണയിക്കുന്നത്. ഓരോ മാസവും രാജ്യത്ത് ചെറിയ മാറ്റം വിലയിലുണ്ടാകാറുണ്ട്.
അജ്മാനിൽ ടാക്സി നിരക്കുകൾ വര്‍ധിച്ചു
അജ്മാന് : ഇന്ധന വില വർധനയെത്തുടർന്ന് ഫെബ്രുവരിയിൽ അജ്മാനിലെ ടാക്സി നിരക്കുകൾ വർധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് മാസത്തെ മാറ്റമില്ലാത്ത നിരക്കുകൾക്ക് ശേഷമാണ് ഈ വർധന.
ഡിസംബർ, ജനുവരി മാസങ്ങളിൽ 1.74 ദിർഹമിൽ നിന്ന് കിലോമീറ്ററിന് 1.77 ദിർഹമായി നിരക്ക് വർധിക്കും. എല്ലാ മാസവും നിശ്ചയിക്കുന്ന ഇന്ധന വിലയ്ക്ക് അനുസരിച്ച് അജ്മാൻ ടാക്സി നിരക്കുകൾ ക്രമീകരിക്കാറുണ്ട്.
ഇതിന്റെ ഭാഗമായാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്. ശനിയാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.