സഹകരണ മേഖലയിൽ എഫ്.പി.ഒകൾ; കേന്ദ്രത്തെ പ്രതിരോധിക്കാൻ

പാലക്കാട്: പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പകരം കാര്‍ഷിക മേഖലയുടെ വികസനത്തിന് കര്‍ഷക ഉല്‍പാദന കമ്പനികള്‍ (എഫ്.പി.ഒ) എന്ന പുതിയ ആശയവുമായി സംസ്ഥാന സർക്കാർ. കേരള ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് 100 കാര്‍ഷിക ഉല്‍പാദക കമ്പനികള്‍ രൂപവത്കരിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. മൾട്ടി സംഘങ്ങൾ രൂപവത്കരിച്ച് കേന്ദ്ര സർക്കാറും ബി.ജെ.പിയും സഹകരണ കാർഷിക മേഖലയിൽ നടത്തുന്ന ഇടപെടലുകളെ പ്രതിരോധിക്കുകയാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം, പുതിയ സംവിധാനം പ്രാഥമിക സഹകരണ ബാങ്കുകളെ കൂടുതൽ ദുർബലപ്പെടുത്തുമെന്ന ആശങ്ക ശക്തമാണ്.

മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് എഫ്.പി.ഒ എന്ന ആശയം പ്രാവർത്തികമാക്കാൻ സർക്കാർ നടപടി ആരംഭിച്ചത്. കേരള ബാങ്കിന്റെ നേതൃത്വത്തിലായിരിക്കും പഞ്ചായത്തുതലങ്ങളിൽ കമ്പനികളുടെ രൂപവത്കരണം. നിലവിലെ പ്രാഥമിക ബാങ്കുകളെ (പ്രൈമറി സഹകരണ സംഘം) മള്‍ട്ടി സര്‍വിസ് സെന്ററുകളാക്കണമെന്നാണ് നബാര്‍ഡ് നിർദേശം.

സംഘങ്ങള്‍ക്ക് കീഴില്‍ സ്വാശ്രയ ഗ്രൂപ്പുകളും സംരംഭക ഗ്രൂപ്പുകളും തുടങ്ങണമെന്നാണ് കേന്ദ്ര നിർദേശം. ഇത്തരം സംഘങ്ങൾക്ക് ധനസഹായം നൽകുമെന്ന് നബാർഡ് പ്രഖ്യാപിച്ചിരുന്നു. സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ സ്വാശ്രയ ഗ്രൂപ്പുകള്‍ എന്ന ആശയമാണ് ദേശീയ സഹകരണ വികസന കോർപറേഷന്‍ (എന്‍.സി.ഡി.സി) മുന്നോട്ടുവെക്കുന്നത്. കേന്ദ്ര സഹകരണ മന്ത്രാലയം മൾട്ടി സഹകരണ സംഘങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്ന നടപടികളുമായി ത്വരിതഗതിയിൽ മുന്നോട്ടുപോകുമ്പോഴാണ് എഫ്.പി.ഒകൾ എന്ന പുതിയ ദൗത്യത്തിന് സംസ്ഥാന സർക്കാർ നീക്കമാരംഭിച്ചത്.

ഒരു കര്‍ഷക ഉൽപാദക സംഘത്തില്‍ ചുരുങ്ങിയത് 300 അംഗങ്ങളെ ഉള്‍പ്പെടുത്തുമെന്നും തൊഴില്‍ രംഗത്ത് ഇത് സുപ്രധാന വഴിത്തിരിവാകുമെന്നും കേരള ബാങ്ക് അധികൃതർ പറയുന്നു. പദ്ധതിക്ക് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.അതേസമയം, പുതിയ ഉൽപാദക കമ്പനികൾ പ്രാഥമിക ബാങ്കുകളെ അപ്രസക്തമാക്കുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കേരള ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റ് എന്ന നിലയിലേക്ക് പ്രാഥമിക ബാങ്കുകൾ മാറുമെന്നും കേരളത്തിലെ പ്രാഥമിക ബാങ്കുകളുടെ നിലനില്‍പ് അപകടത്തിലാകുമെന്നും ബാങ്ക് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക ബാങ്കുകൾക്കൊപ്പം ഈ കമ്പനികൾകൂടി കേരള ബാങ്കിന്റെ വായ്പ വിതരണത്തിന്റെ ഭാഗമാകും.

Tags:    
News Summary - FPOs in the Cooperative Sector; To defend the Central Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.