ന്യൂഡൽഹി: ഫാസ്ടാഗ് ഉപയോക്താക്കൾക്ക് ഏറെ ആശ്വാസം നൽകി ദേശീതപാത അതോറിറ്റി ഉത്തരവ്. ഫാസ്ടാഗുകളിൽ കെ.വൈ.വി (നോ യുവർ വെഹിക്കിൾ) വിവരങ്ങൾ നൽകുന്ന പ്രക്രിയ ദേശീതപാത അതോറിറ്റി കൂടുതൽ ലളിതമാക്കി. ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന്റെ പുതിയ ഉത്തരവ് പ്രകാരം ഫാസ്ടാഗ് ഉപയോഗിക്കുന്നവർ ഇനി വാഹനങ്ങളുടെ വശങ്ങളിൽനിന്നുള്ള ഫോട്ടോകൾ അപ്ലോഡ് ചെയ്യേണ്ടതില്ല. പകരം നമ്പർ പ്ലേറ്റ് കാണുന്ന തരത്തിൽ വാഹനത്തിന്റെ മുന്നിൽനിന്നുള്ള ചിത്രം മതി.
ഫാസ്ടാഗിൽ വാഹനത്തിന്റെ വിവരങ്ങൾ ചേർക്കാൻ ഇനി അധികം കഷ്ടപ്പെടേണ്ട. ഓട്ടോമാറ്റിക്കായി ‘വാഹൻ’ ഡാറ്റബേസിൽനിന്ന് പൂർണ വിവരങ്ങൾ ശേഖരിക്കാം. ഒരു മൊബൈൽ നമ്പറിൽ ഒന്നിൽ കൂടുതൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് വിവരങ്ങൾ തിരഞ്ഞെടുക്കാനുള്ള ഒപ്ഷനുണ്ട്.
ദുരുപയോഗം ചെയ്തില്ലെങ്കിൽ നിലവിലെ ഫാസ്ടാഗുകൾ റദ്ദാക്കപ്പെടില്ല. കെ.വൈ.വി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും മറ്റും ബാങ്കുകൾ ഉപഭോക്താക്കളെ എസ്.എം.എസിലൂടെ ഓർമിപ്പിക്കും. രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിൽ ഉപയോക്താക്കൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സേവനം വിച്ഛേദിക്കുന്നതിന് മുമ്പ് ബാങ്കുകൾ സഹായിക്കും. കെ.വൈ.വിയുമായി ബന്ധപ്പെട്ട് പരാതികളോ സംശയങ്ങളോ ഉണ്ടെങ്കിൽ ദേശീയ പാത ഹെൽപ് ലൈനിന്റെ 1033 എന്ന നമ്പറിൽ വിളിക്കാം.
എന്താണ് കെ.വൈ.വി
അനുവദിച്ച വാഹനത്തിൽ തന്നെയാണ് ഫാസ്ടാഗ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് നോ യുവർ വെഹിക്കിൾ അല്ലെങ്കിൽ കെ.വൈ.വി നിർബന്ധമാക്കിയത്. ഫാസ്ടാഗ് പതിക്കുന്ന വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ, ചേസിസ് നമ്പർ തുടങ്ങിയ വിവരങ്ങളും നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ള വാഹനത്തിന്റെ ചിത്രവും ഉടമകൾ സമർപ്പിക്കണം. വാഹനങ്ങളിൽ ഫാസ്ടാഗ് മാറ്റി പതിക്കുക, ഒരു വാഹനത്തിൽ ഒന്നിൽ കൂടുതൽ ഫാസ്ടാഗുകൾ, ഫാസ്ടാഗുകൾ അശ്രദ്ധമായി പതിക്കുക തുടങ്ങിയ ദുരുപയോഗങ്ങൾ തടയുകയാണ് കെ.വൈ.വി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
ദേശീയപാതയിലൂടെയോ സംസ്ഥാന പാതകളിലൂടെയോ സഞ്ചരിക്കുമ്പോൾ ടോൾ പ്ലാസകളിൽ ഓട്ടോമാറ്റിക്കായി പണമടക്കാനുള്ള ഇലക്ട്രോണിക് ടോൾ പെയ്മെന്റ് സംവിധാനമാണ് ഫാസ്ടാഗ്. നിങ്ങളുടെ വാഹനത്തിൽ പതിച്ചിരിക്കുന്ന ഫാസ്ടാഗുകൾ ടോൾ പ്ലാസകളിലെ കാമറകൾ അതിവേഗം സ്കാൻ ചെയ്ത് അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക്കായി പണം ഈടാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.