വാഷിങ്ടൺ: ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ് എക്സ് എ.ഐ വൻ നഷ്ടത്തിലെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 1.46 ബില്ല്യൻ ഡോളർ (3,161.9 കോടി രൂപ) നഷ്ടമാണ് കമ്പനിക്കുണ്ടായത്. അതിന് മുമ്പുള്ള പാദത്തിൽ നഷ്ടം ഒരു ബില്ല്യൻ ഡോളർ അതായത് 9,015 കോടി രൂപയായിരുന്നു. ബ്ലൂംബർഗ് ന്യൂസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേസമയം, നഷ്ടം കൂടിയെങ്കിലും കമ്പനിയുടെ വരുമാനത്തിൽ വൻ പുരോഗതിയെന്ന് റിപ്പോർട്ട് പറയുന്നു. തൊട്ടുമുമ്പത്തെ സാമ്പത്തിക പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ കമ്പനിയുടെ വരുമാനം ഏകദേശം ഇരട്ടിയായി വർധിച്ചു. 107 ബില്ല്യൻ ഡോളറാണ് സെപ്റ്റംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത വരുമാനം.
എഐ സാധ്യതകൾ കണക്കിലെടുത്ത് വൻതുകയാണ് അടിസ്ഥാന സൗകര്യവികസനങ്ങൾക്കും എ.ഐ സാങ്കേതിക വിദ്യാ വികസനത്തിനുമായി എക്സ് എ.ഐ ചെലവഴിക്കുന്നത്. എ.ഐ രംഗത്ത് പൊതുവിൽ ഈ ട്രെൻഡ് നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ 7.8 ബില്ല്യൻ ഡോളർ അതായത് 70,317 കോടി രൂപ എക്സ്എഐ ചെലവാക്കി. എ.ഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ വൻ തുക മുടക്കേണ്ടി വന്നതാണ് കനത്ത നഷ്ടം നേരിടാനുള്ള കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
വിവിധ നിക്ഷേപകരിൽനിന്ന് 20 ബില്ല്യൻ ഡോളർ (1.80 ലക്ഷം കോടി രൂപ) സമാഹരിച്ചതായി ഈ ആഴ്ച ആദ്യം എക്സ്എഐ പ്രഖ്യാപിച്ചിരുന്നു. 15 ബില്ല്യൻ ഡോളറായിരുന്നു ലക്ഷ്യം. പുതിയ എ.ഐ മോഡലുകളുടെയും കമ്പനിയുടെ കമ്പ്യൂട്ടിങ് സൗകര്യങ്ങളുടെയും വികസനത്തിനു വേണ്ടിയാണ് നിക്ഷേപ സമാഹരം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.