വാഷിങ്ടൺ: എ.ഐ സാങ്കേതിക രംഗത്തെ അതികായനായ ഓപൺ എ.എക്കെതിരെ വീണ്ടും കടുത്ത വിമർശനവുമായി ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്ക്. പെരുംനുണയിലാണ് ഓപൺ എ.ഐ കെട്ടിപ്പടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. ചാരിറ്റി തുക മോഷ്ടിച്ച് സാമ്പത്തിക നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും മസ്ക് കുറ്റപ്പെടുത്തി.
വൈറലായ ഓപൺ എ.ഐയുടെ ടെക്സ്റ്റ് ടു വിഡിയോ ആപ് സോറയുടെ ഒന്നാം വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് വിമർശനവുമായി മസ്ക് വീണ്ടും രംഗത്തെത്തുന്നത്. നിർമിത ബുദ്ധി മനുഷ്യകുലത്തിന്റെ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയെന്ന സ്ഥാപിത ലക്ഷ്യം ഓപൺ എ.ഐ ഉപേക്ഷിച്ചതായി നേരത്തെ മസ്ക് ആരോപിച്ചിരുന്നു. മൈക്രോസോഫ്റ്റുമായി ചേർന്ന് വൻ ലാഭമുണ്ടാക്കാനാണ് ഓപൺ എ.ഐ ഉടമ സാം ആൾട്ട്മാന്റെ ശ്രമമെന്നും മസ്ക് ചൂണ്ടിക്കാട്ടിയിരുന്നു.
ലാഭേച്ഛയില്ലാത്ത സ്ഥാപനമായി 2015ലാണ് ഇലോൺ മസ്കും സാം ആൾട്ട്മാനും ഗ്രെഗ് ബ്രോക്മാനും ചേർന്ന് ഓപൺഎഐ തുടങ്ങിയത്. അഭിപ്രായ ഭിന്നതകളെ തുടർന്ന് ഓപൺഎഐ വിട്ട മസ്ക് എക്സ്എഐ എന്ന പുതിയ കമ്പനി തുടങ്ങുകയായിരുന്നു.
മസ്കിന്റെ ബഹിരാകാശ പേടക നിർമാണ കമ്പനിയായ സ്പേസ് എക്സിനെ മറികടന്ന് ചാറ്റ്ജിപിടി ഉടമയായ ഓപൺ എ.ഐ ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ട്അപ് ആയി മാറിയിരുന്നു. 500 ബില്ല്യൻ ഡോളർ അതായത് 44.33 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൊത്തം വിപണി മൂലധനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.