ഇറക്കുമതി കുറക്കാൻ ഉറച്ച് ഇന്ത്യ; പട്ടികയിൽ 16 ഉത്പന്നങ്ങൾ

മുംബൈ: നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കാൻ തീരുമാനിച്ച് രാജ്യം. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുക എന്ന ലക്ഷ്യമിട്ട് ഈ വർഷം 16 ഉത്പന്നങ്ങൾ ആഭ്യന്തരമായി നിർമിക്കാനുള്ള പദ്ധതിയിലാണെന്ന് ഇലക്ട്രോണിക്സ് വ്യവസായ മേഖല അറിയിച്ചു. ഇന്ത്യൻ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷനാണ് (ഐ.സി.ഇ.എ) പ്രധാനമന്ത്രിയുടെ ഓഫിസിനെ ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഉത്പാദനം തുടങ്ങുകയും പുറത്തിറക്കാൻ പദ്ധതിയിടുകയും ചെയ്ത ഉത്പന്നങ്ങളുടെ പട്ടിക പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രക്ക് ഐ.സി.ഇ.എ കൈമാറി.

ടാറ്റ ഇലക്ട്രോണിക്സ്, ഫോക്സ്കോൺ, വിവൊ ​മൊബൈൽ ഇന്ത്യ, ആപ്പിൾ, ഡിക്സൺ ടെക്നോളജീസ്, ഭഗവതി പ്രൊഡക്ട്സ്, ലാവ ഇന്റർനാഷനൽ, കോർണിങ്, ആംപെറക്സ് ടെക്നോളജി, സാൽകോംപ് തുടങ്ങിയ നിരവധി കമ്പനികളുടെ കൂട്ടായ്മയാണ് ഐ.സി.ഇ.എ.

സ്വാശ്രയത്വം ശക്തമാക്കാനും ഇറക്കുമതി, പ്രത്യേകിച്ച് ചൈനയിൽനിന്ന് കുറക്കാനുമാണ് ഐ.സി.ഇ.എ പദ്ധതിയിടുന്നതെന്ന് ചെയർമാൻ പങ്കജ് മൊഹിന്ദ്രൂ പറഞ്ഞു. ആദ്യം ഇറക്കുമതി കുറക്കുക എന്ന ഉദ്ദേശത്തോടെ ഉത്പാദനം തുടങ്ങുകയും പിന്നീട് കയറ്റമതി നടത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഐ.സി.ഇ.എ പദ്ധതി തയാറാക്കിയിരിക്കുന്നത്. സ്മാർട്ട് കാമറ മൊഡ്യൂൾ അടക്കം സബ് അസംബ്ലികളും ചിപ്പുകൾ, ലിഥിയം അയേൺ സെല്ലുകൾ, ഇലക്ട്രോണിക്സ് ഉത്പാദന പ്രക്രിയക്ക് ആവശ്യമായ വിലയേറിയ യന്ത്രങ്ങൾ തുടങ്ങിയവയാണ് ആഭ്യന്തരമായി നിർമിക്കുക. ഇലക്ട്രോണിക്സ് മേഖലക്ക് ആവശ്യമായ ഘടകങ്ങളും യന്ത്രങ്ങളും ആഭ്യന്തരമായി തന്നെ വികസിപ്പിക്കാൻ ഐ.സി.ഇ.എ രൂപരേഖ തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നിർമാണം പൂർത്തിയായ ഉത്പന്നങ്ങളിൽ സ്മാർട്ട് ഫോണുകളുടെ ഇറക്കുമതി കുറക്കുന്നതിനായിരുന്നു ഐ.സി.ഇ.എ ആദ്യ പരിഗണന നൽകിയിരുന്നത്. 2014-15 കാലയളവിൽ രാജ്യത്ത് വിൽപന നടത്തിയ 78 ശതമാനം സ്മാർട്ട് ഫോണുകളും ഇറക്കുമതി ചെയ്തവയായിരുന്നു. ചൈനയിൽനിന്നായായിരുന്നു പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. നിലവിൽ ഇന്ത്യ വിൽക്കുന്ന 99.2 ശതമാനം സ്മാർട്ട് ഫോണുകളും ആഭ്യന്തരമായി നിർമിച്ചവയാണ്. മാത്രമല്ല, 2024-25 വർഷം 24.1 ബില്ല്യൻ ഡോളറിന്റെ സ്മാർട്ട് ​ഫോൺ കയറ്റുമതി ചെയ്യാനും കഴിഞ്ഞു. ഈ വർഷം നിർമാണം പൂർത്തിയായ ഉത്പന്ന വിഭാഗത്തിൽ ലാപ്ടോപുകളും ടാബ്‍ലറ്റുകളും ഹിയറബിളു​കളും വിയറബിളുകളും ഇറക്കുമതി ചെയ്യുന്നത് കുറക്കാനാണ് ലക്ഷ്യമിടുന്നത്.

കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് 100 ഉത്പന്നങ്ങൾ കണ്ടെത്തി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. പാരിസ്ഥിതി മലിനീകരണം കുറച്ച് ന്യൂനതകളില്ലാത്ത ഉൽപന്നങ്ങൾ പുറത്തിറക്കുകയും രാജ്യത്തെ കൂടുതൽ സ്വാശ്രയമാക്കുകയും ചെയ്യണമെന്നായിരുന്നു കഴിഞ്ഞ മാസം 28ന് നടന്ന ചീഫ് സെക്രട്ടറിമാരുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിൽ മോദി ഉന്നയിച്ച ആവശ്യം.

Tags:    
News Summary - Electronics industry targets 16 products to reduce imports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.