ജാബിർ കാരാട്ടിനൊപ്പം ഡോ. തോമസ് ഐസക് (ഇടത്ത്), 2016ൽ ഇരുവരും കണ്ടുമുട്ടിയ​പ്പോഴുള്ള ചിത്രം (വലത്ത്)

ആ ‘വട്ടൻ’ ഇന്ന് പ്രധാന സംരംഭകൻ, അന്ന് 15 ലക്ഷം വിറ്റുവരവ്, ഇന്ന് 70 കോടി -ജാബിറിന്റെ വളർച്ച പങ്കുവെച്ച് ഡോ. തോമസ് ഐസക്

കോഴിക്കോട്: ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം മാലിന്യ സംസ്കരണം തൊഴിലായി സ്വീകരിച്ച യുവസംരംഭകനെ പരിചയപ്പെടുത്തി മുൻ ധനമന്ത്രി തോമസ് ഐസക്. ‘ഗ്രീൻ വോംസ്’ എന്ന മാലിന്യ സംസ്കരണ കമ്പനി നടത്തുന്ന താമരശ്ശേരി സ്വദേശി ജാബിർ കാരാട്ടിന്റെ വളർച്ചയാണ് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പങ്കുവെച്ചത്.

തോമസ് ഐസകിന്റെ കുറിപ്പ് വായിക്കാം:

‘2016-ൽ ജാബിറിനെ ഞാൻ പരിചയപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ Green Worms എന്ന സ്ഥാപനത്തിന്റെ ടേൺ ഓവർ 15 ലക്ഷം. ഇന്ന് 70 കോടി. അന്ന് ജാബിറിനെ പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു: “താമരശ്ശേരിക്കാരൻ ജാബീർ കാരാട്ട് ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പക്ഷേ, പലരും ജാബിറിന് വട്ടാണെന്നാണു പറയുന്നത്. കാരണം ഈ ബിരുദാനന്തര ബിരുദക്കാരൻ തൊഴിലായി സ്വീകരിച്ചിരിക്കുന്നത് ഗവേഷണമോ ഉദ്യോഗമോ അല്ല, മാലിന്യ സംസ്കരണമാണ്. ഇതുകൊണ്ട് ജീവിക്കാനുള്ള വക കിട്ടിയിരുന്നെങ്കിൽ സഹിക്കാമായിരുന്നു. അതുമില്ല. വട്ടെന്നല്ലാതെ എന്ത് പറയാൻ” പക്ഷേ, ഇന്ന് ആ വട്ടൻ കേരളത്തിലെ ഏറ്റവും പ്രധാന മാലിന്യ സംരംഭകനാണ്. കൊച്ചി, കൊല്ലം, തിരുവനന്തപുരം കോർപ്പറേഷനുകളടക്കം 186 തദ്ദേശഭരണ സ്ഥാപനങ്ങൾക്കു സർവ്വീസ് പ്രൊവൈഡറാണ്. 55,000 ടൺ മാലിന്യമാണ് സംസ്കരിക്കുന്നത്. 12 വിവിധതരം വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റുകൾ പലയിടങ്ങളിലായുണ്ട്.


കേരളം, തമിഴ്നാട്, ആന്റമാൻസ് എന്നിവിടങ്ങളിലായി 827 ജീവനക്കാരുണ്ട്. 599 പേർ മലയാളികളാണ്. ഇപ്പോൾ കണ്ണൂർ കെഎസ്ഐഡിസി പാർക്കിൽ ഒരു വലിയ പ്ലാസ്റ്റിക് റീസൈക്ലിംഗ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നു. ഞാൻ ആദ്യമായിട്ടാണ് പ്ലാസ്റ്റിക് റീസൈക്ലിംഗ് പ്ലാന്റ് സന്ദർശിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നു തരംതിരിച്ചു കൊണ്ടുവരുന്ന പ്ലാസ്റ്റിക് 5 ഇനങ്ങളായി വീണ്ടും തിരിക്കുന്നു, ശുദ്ധീകരിക്കുന്നു, പൊടിക്കുന്നു, ഗ്രാന്യൂളുകളായി മാറ്റുന്നു. അങ്ങനെ ഇവിടെ നിർമ്മിക്കുന്ന 5 ഇനം ഗ്രാന്യൂളുകൾ പ്ലാസ്റ്റിക് നിർമ്മാതാക്കൾക്കു വിൽക്കുന്നു. ഇപ്പോൾ കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്. ടേൺ ഓവറായ 70 കോടി രൂപയിൽ 15 ശതമാനം ഇപ്പോൾ കയറ്റുമതിയിൽ നിന്നാണ്.

പ്ലാന്റിന്റെ കപ്പാസിറ്റി ഇനിയും വർദ്ധിപ്പിക്കാനാണ് പരിപാടി. അതിനായി മറ്റൊരു ഒന്നരയേക്കർ പ്ലോട്ടുകൂടി എടുത്തിട്ടുണ്ട്. തമിഴ്നാട്ടിലേക്കും മറ്റും വേസ്റ്റ് കൊണ്ടുപോകുന്നവരെയും ജാബിറിനെപ്പോലുള്ള നാട്ടിലെ സംരംഭകരെയും ഇപ്പോൾ ഒരുപോലെയാണ് പരിഗണിക്കുന്നത്. കേരളത്തിലെ വ്യവസായ സംരംഭകർക്കു മുൻഗണന നൽകണമെന്നതാണ് ജാബിറിന്റെ ആവശ്യം. കേരളത്തിൽ നിന്നുള്ള സ്ത്രീകളെ ജോലിക്കെടുക്കാൻ തയ്യാറാണോ? അതിനെന്താ സ്ത്രീകൾ മുന്നോട്ടുവന്നാൽ മാത്രംമതി. ഇപ്പോൾ 827 തൊഴിലാളികൾ ഉള്ളതിൽ 45 ശതമാനവും സ്ത്രീകളാണ്.


തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ പരിചയം പുതുക്കൽ. കെഎസ്ഐഡിസി വ്യവസായ പാർക്കിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയപ്പോൾ മാലിന്യ സംസ്കരണ പ്ലാന്റിലും കയറിയതാണ്. ഓർമ്മയുണ്ടോയെന്ന് ജാബിർ ചോദിച്ചപ്പോൾ പഴയ കഥ ഓർത്തെടുക്കാൻ കുറച്ചു നേരമെടുത്തു.

ആദ്യത്തെ രണ്ട് ചിത്രങ്ങളിൽ അന്നത്തെയും (2016) ഇന്നത്തെയും (2025) ജാബിർ കാരാട്ടിനെയും കാണാം. മൂന്നാമത്തെ ചിത്രം ജാബിറിന്റെ ഫാക്ടറിയിലെ അഞ്ചുതരം പ്ലാസ്റ്റിക് ഗ്രാന്യൂളുകളുടെ തരംതിരിവുകളാണ്’

2016ൽ ജാബിറിനെ കുറിച്ച് തോമസ് ഐസക് എഴുതിയ കുറിപ്പ്:

താമരശ്ശേരിക്കാരന്‍ ജാബിര്‍ കാരാട്ട് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് . പക്ഷേ പലരും ജാബിറിന് വട്ടാണെന്നാണ് പറയുന്നത്. കാരണം ഈ ബിരുദാനന്തര ബിരുദക്കാരന്‍ തൊഴിലായി സ്വീകരിച്ചിരിക്കുന്നത് ഗവേഷണമോ ഉദ്യോഗമോ അല്ല, മാലിന്യ സംസ്‌കരണമാണ്. ഇതുകൊണ്ട് ജീവിക്കാനുള്ള വക കിട്ടിയിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. അതുമില്ല. വട്ടെന്നല്ലാതെ എന്തുപറയാന്‍!

ഡല്‍ഹി പഠനം കഴിഞ്ഞ് ഗാന്ധി ഫെലോഷിപ്പ് നേടി മുംബെയിലെ അന്ധേരി ചേരിയില്‍ പ്രവര്‍ത്തിച്ചപ്പോഴാണ് മാലിന്യ സംസ്‌കരണത്തിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞത്. അമീര്‍ഖാന്റെ ''സത്യമേവ ജയതേ'' എന്ന ടിവി പരമ്പരയില്‍ മാലിന്യം കമ്പോസ്റ്റാക്കുന്ന ഒരു സംരംഭകനെ കണ്ടു. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പൊതുസേവകര്‍ കണ്ടെത്തുന്ന സഫലമായ പരിഹാരങ്ങളാണ് ഈ ടിവി പരമ്പരയുടെ പ്രമേയം. ഒന്നും വേസ്റ്റല്ല, സമ്പത്താക്കി മാറ്റാമെന്ന് ജാബിറിന് ബോധ്യപ്പെട്ടു . തുടര്‍ന്ന് കോയമ്പത്തൂരിനടുത്ത് വെല്ലൂര്‍ ശ്രീനിവാസന്റെ ശുചീകരണ തൊഴിലാളി സംഘത്തോടൊപ്പം പരിശീലിച്ചു.

നാട്ടില്‍ തിരിച്ചു വന്നിട്ട് പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ നോക്കി പരാജയപ്പെട്ടു . താമരശ്ശേരിക്കാര്‍ കാര്യങ്ങളെല്ലാം തലകുലുക്കി സമ്മതിക്കും. പക്ഷേ മാസംതോറും മാലിന്യം സംസ്‌കരിക്കുന്നതിന് ഒരു ചെറുഫീസ് കൊടുക്കാന്‍ സന്നദ്ധരല്ല. അതിലും എളുപ്പം വലിച്ചെറിയലാണ്. അങ്ങനെയാണ് വിവാഹം പോലുള്ള ആഘോഷങ്ങളുടെ മാലിന്യസംസ്‌കരണത്തിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞത്. ചെറിയൊരു ഫീസിന് ജാബിറിന്റെ ഗ്രീന്‍വേംസ് എന്ന സ്ഥാപനം ഇത്തരം വിശേഷങ്ങള്‍ പരിസര മലീനികരണം സൃഷ്ടിക്കാതിരിക്കുതിനുള്ള ഉപദേശങ്ങളും സഹായങ്ങളും നല്‍കും. സാമൂഹ്യ സംരംഭകന്‍ എന്നാണ് ജാബിര്‍ സ്വയം വിശേഷിപ്പിക്കുന്നത്.


ആദ്യം ചെയ്യുന്നത് മാലിന്യം പരമാവധി കുറയ്ക്കാനാവും വിധം പേപ്പര്‍, പ്ലാസ്റ്റിക് തുടങ്ങി വലിച്ചെറിയുവയുടെ ഉപയോഗം കുറയ്ക്കാനുള്ള പ്ലാന്‍ തയ്യാറാക്കലാണ്. സ്റ്റീല്‍ അല്ലെങ്കില്‍ സെറാമിക് പ്ലേറ്റുകളും കപ്പുകളുമെല്ലാം വാടകയ്ക്ക് ലഭ്യമാക്കും. അവ കഴുകിയെടുക്കാന്‍ ടീമുമുണ്ട്. ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റും അപ്പോള്‍തന്നെ ഇനം തിരിച്ച് ബിന്നുകളില്‍ ശേഖരിക്കുകയും റിസോഴ്‌സ് റിക്കവറി സെന്ററിലേയ്ക്ക് നീക്കം ചെയ്യും. ഭക്ഷണാവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കുകയാണ് പതിവ്.

കുന്നമംഗലത്ത് നടന്ന മര്‍ക്കസ് സമ്മേളനമായിരുന്നു ആദ്യത്തെ വമ്പന്‍ വെല്ലുവിളി. ഒര ലക്ഷത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്ത മൂന്ന് ദിവസത്തെ സമ്മേനമായിരുന്നു അത്. 25,000 രൂപയായിരുന്നു ഫീസ്. സമ്മേളനം കഴിഞ്ഞപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടൂ . ഇത്ര വൃത്തിയായി ഒരു മഹാസമ്മേളനം വിജയിപ്പിക്കുവാന്‍ കഴിയുമോ? തീര്‍ന്നില്ല. കമ്പോസ്റ്റ് വിറ്റപ്പോള്‍ കിട്ടിയ 16,000 രൂപ മര്‍ക്കസുകാര്‍ക്ക് തിരികെ കിട്ടി. മര്‍ക്കസിന്റെ യുവജന സമ്മേളനവും ജാബിര്‍ കരാറെടുത്തു. വിവാഹം തുടങ്ങിയ പരിപാടികള്‍ക്കും ഇപ്പോള്‍ ഓര്‍ഡര്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട് .


പക്ഷേ ലക്ഷങ്ങളും ചിലപ്പോള്‍ കോടികളും മുടക്കി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നവര്‍ക്ക് മാലിന്യ സംസ്‌കരണത്തിനായി കുറച്ചുപണം നീക്കിവയ്ക്കാന്‍ മടിയാണ്. സാമൂഹ്യ ഉത്തരവാദിത്തതോടെ നിങ്ങളുടെ ഒരു ആഘോഷം ധന്യമാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ജാബിറിനെ ബന്ധപ്പെടാം.

ഫോണ്‍ - 9656363502

Full View

Tags:    
News Summary - Dr.T.M Thomas Isaac about jabir karat's green worms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.