സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്; ഇന്ത്യക്ക് തിരിച്ചടിയാകും

ന്യൂയോർക്ക്: അമേരിക്ക സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽനിന്ന് ന്യൂ ഓർലിയാൻസിലെ എൻ.‌എഫ്‌.എൽ സൂപ്പർ ബൗളിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

‘യു.എസിലേക്ക് വരുന്ന എല്ലാവിധ സ്റ്റീലുകൾക്കും 25 ശതമാനം തീരുവ ചുമത്തും. സമാന തീരുവ അലൂമിനിയത്തിനും ഏർപ്പെടുത്തും’ -ട്രംപ് പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ പരസ്പര താരിഫ് പദ്ധതി നടപ്പാക്കും. പരസ്പര താരിഫ് ഏതെല്ലാം രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ മറ്റ് രാജ്യങ്ങൾ ചുമത്തുന്ന താരിഫ് നിരക്കുകൾക്ക് തുല്യമായി യു.എസ് ഈടാക്കുമെന്നും ഇത് എല്ലാ രാജ്യങ്ങൾക്കും ബാധകമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

തങ്ങളുടെ ഉൽപന്നങ്ങൾക്ക് 130 ശതമാനം തീരുവ ചുമത്തുമ്പോൾ തിരിച്ച് ഒരുപൈസ പോലും യു.എസ് ഈടാക്കുന്നില്ല. ഇനി അങ്ങനെയാകില്ല കാര്യങ്ങളെന്നും ട്രംപ് പറഞ്ഞു. കാനഡ, മെക്സികോ, ചൈന എന്നീ രാജ്യങ്ങളുമായി തുടക്കമിട്ട തീരുവ യുദ്ധം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്‍റെ വ്യക്തമായ സൂചനയാണ് ട്രംപ് നൽകുന്നത്.

ലോകത്തിലെ പ്രധാന സ്റ്റീൽ കയറ്റുമതി രാജ്യങ്ങളായ കാനഡ, ഇന്ത്യ, ചൈന, യു.കെ ഉൾപ്പെടെയുള്ളവരെ പ്രതികൂലമായി ബാധിക്കുന്നതാണ് ട്രംപിന്‍റെ പുതിയ തീരുമാനം. ലോകമെമ്പാടുമുള്ള വ്യാപാര ഇടപാടുകളെ ട്രംപിന്റെ നയങ്ങൾ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. നേരത്തെ, ഒന്നാം ട്രംപ് ഭരണകാലത്ത് സ്റ്റീലിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും തീരുവ ഏർപ്പെടുത്തിയിരുന്നു. പിന്നീട് കാനഡ, മെക്സികോ, ബ്രസീൽ ഉൾപ്പെടെയുള്ള വ്യാപാര പങ്കാളികൾക്ക് ഡ്യൂട്ടി-ഫ്രീ ക്വാട്ടകൾ അനുവദിച്ചിരുന്നു. 

Tags:    
News Summary - Donald Trump says US to impose 25% tariff on all steel, aluminium imports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.