മുംബൈ: രാജ്യത്തെ ശീതപാനീയ വിപണിയെ നയിക്കുന്ന കൊക്ക കോള കമ്പനി പ്രഥമ ഓഹരി വിൽപനക്ക് (ഐ.പി.ഒ) ഒരുങ്ങുന്നു. ഒരു ബില്ല്യൻ ഡോളർ അതായത് 9027 കോടി രൂപയുടെ ഐ.പി.ഒക്കാണ് തയാറെടുക്കുന്നത്. ഈ വർഷം മേയ് മാസത്തിനകം ഐ.പി.ഒ വിപണിയിലെത്തും. ഓഹരി വിൽപന നടത്തുന്നതിന് കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി, സിറ്റി തുടങ്ങിയ ബാങ്കുകളെ സമീപിച്ചതായി കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു
ലോകത്തെ ഏറ്റവും വലിയ ശീതള പാനീയ കമ്പനിയായ കൊക്ക കോളയുടെ ഇന്ത്യൻ യൂനിറ്റായ ഹിന്ദുസ്ഥാൻ കൊക്ക കോള ബിവറേജസിന്റെ (എച്ച്.സി.സി.ബി) ഓഹരികളാണ് വിൽക്കുക. 10 ബില്ല്യൻ ഡോളർ മൂല്യമാണ് (90,000 കോടി രൂപ) എച്ച്.സി.സി.ബിക്ക് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തിന് സമാനമായി ഇത്തവണ വേനൽ മഴ ശീതളപാനീയ ഡിമാൻഡിനെ മോശമായി ബാധിച്ചാൽ മാത്രമേ ഐ.പി.ഒ അടുത്ത വർഷത്തേക്ക് മാറ്റിവെക്കൂവെന്ന് കമ്പനിയുടെ എക്സികുട്ടിവ് പറഞ്ഞു.
വിദേശ കമ്പനികളായ ഹ്യൂണ്ടായിയുടെയും എൽ.ജി ഇലക്ട്രോണിക്സിന്റെയും ഇന്ത്യൻ യൂനിറ്റുകളുടെ ഓഹരി വിൽപനക്ക് വിപണിയിൽ വൻ സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് എച്ച്.സി.സി.ബിയും ഐ.പി.ഒക്ക് ഒരുങ്ങുന്നത്. ഹ്യൂണ്ടായിയുടെത് 3.3 ബില്ല്യൻ ഡോളറിന്റെയും എൽ.ജിയുടെത് 1.3 ബില്ല്യൻ ഡോളറിന്റെതുമായിരുന്നു ഐ.പി.ഒ.
60,000 കോടി രൂപയുടെ ശീതളപാനീയ വിപണിയാണ് ഇന്ത്യയുടെത്. കൊക്ക കോള, സ്പ്രൈറ്റ്, തംസ്അപ്, മാസ ജൂസ്, കിൻലി, ദസാനി കുടിവെള്ളം, ജോർജിയ കോഫി തുടങ്ങിയവ ആഭ്യന്തര വിപണിയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതും വിൽക്കുന്നതും എച്ച്.സി.സി.ബിയാണ്. ഒരു വർഷം മുമ്പാണ് ഓഹരി വിൽക്കാനുള്ള പദ്ധതിക്ക് കമ്പനി ആലോചന തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.