നിക്ഷേപക വഞ്ചന; ജെൻസോൾ നൽകുന്ന പാഠം

തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചതിന് ജെൻസോൾ എൻജിനീയറിങ് എന്ന കമ്പനിയുടെ പ്രമോട്ടർമാ​ർക്കെതിരെ സെബി കഴിഞ്ഞയാഴ്ച നടപടി സ്വീകരിച്ചു. കമ്പനിയുടെ പേരിൽ സ്വരൂപിച്ച തുകയിൽ വലിയൊരു പങ്ക് വകമാറ്റിയെന്നും ഇത് മറച്ചുവെക്കാൻ വ്യാജരേഖ ചമച്ചുവെന്നുമാണ് കണ്ടെത്തൽ. പ്രമോട്ടർമാരായ അൻമോൽ സിങ് ജഗ്ഗി, പുനിത് സിങ് ജഗ്ഗി സഹോദരന്മാർക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തുകയും ജെൻസോളിലോ മറ്റു കമ്പനികളിലോ ഉന്നത സ്ഥാനം വഹിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തു. ഇവരുടെ വസതിയിലും സ്ഥാപനങ്ങളിലും വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇരുവരെയും കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. കമ്പനിയുടെ ക്രെഡിറ്റ് റേറ്റിങ് വിവിധ ഏജൻസികൾ താഴ്ത്തിയിട്ടുണ്ട്. വായ്പ തിരിച്ചടക്കാൻ ബുദ്ധിമുട്ടുന്ന ഡി റേറ്റിലേക്കാണ് താഴ്ത്തിയത്.

അനുബന്ധ കമ്പനിയായ ബ്ലൂ സ്മാർട്ടിനായി വൈദ്യുതി വാഹനങ്ങൾ വാങ്ങാൻ എന്ന പേരിൽ ​ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്ത 977 കോടി രൂപയിൽ 664 കോടി മാത്രം ചെലവഴിക്കുകയും ബാക്കി പ്രമോട്ടർമാരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തു. 6.2 കോടി പ്രമോട്ടർമാരുടെ അമ്മയുടെ അക്കൗണ്ടിലേക്ക് വകമാറ്റി. ഗോൾഫ് സെറ്റ് വാങ്ങാനും സ്വകാര്യ യാത്രകൾക്കും കമ്പനി പണം ഉപയോഗിച്ചു. വായ്പ തിരിച്ചടച്ചതായി വ്യാജരേഖയുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് സൂചന പുറത്തുവന്നതിനുശേഷം കമ്പനിയുടെ ഓഹരിവില 90 ശതമാനത്തിലധികം ഇടിഞ്ഞു. ഇപ്പോൾ വിൽക്കാൻ ശ്രമിച്ചാലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. ഓഹരി വില വെള്ളിയാഴ്ചയും അഞ്ച് ശതമാനം ഇടിഞ്ഞ് 90.16 രൂപയിലെത്തി. 1125 രൂപയിൽ നിന്നാണ് ഒരു വർഷത്തിനകം ഈ കൂപ്പുകുത്തൽ. കഴിഞ്ഞ 12 ദിവസം തുടർച്ചയായി ഇടിഞ്ഞത് 44 ശതമാനം. പണം നഷ്ടമായത് സാധാരണക്കാരായ നിക്ഷേപകർക്കാണ്.

പ്രമോട്ടർമാരുടെ വിശ്വാസ്യത നഷ്ടമായാൽ ഓഹരിവില കൂപ്പുകുത്തുക സ്വാഭാവികമാണ്. അപായ സൂചന ഒരുവർഷം മുമ്പേ പുറത്തുവരുന്നുണ്ട്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ജെൻസോളിലെ നിക്ഷേപം ഒരു വർഷം മുമ്പേ ഒഴിവാക്കി. വിദേശനിക്ഷേപ സ്ഥാപനങ്ങൾക്ക് 2023 ഡിസംബറിൽ 2.94 ശതമാനം ഓഹരിയുണ്ടായിരുന്നത് ഇപ്പോൾ 0.63 ശതമാനം മാത്രമാണ്. വിലയിടിവിനെ അവസരമായി കണ്ട് പണമിറക്കിയവരാണ് വെട്ടിലായത്. ഇത്തരം അബദ്ധം സംഭവിക്കാതിരിക്കാൻ സാധാരണ നിക്ഷേപകർക്ക് ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളുണ്ട്. ത്രൈമാസ റിപ്പോർട്ടും മാനേജ്മെന്റ് ഗൈഡൻസും സൂക്ഷ്മമായി പഠിക്കണം. അസ്വാഭാവിക വളർച്ചയും വീഴ്ചയും അപായ സൂചനയാണ്. വൻകിട നിക്ഷേപ സ്ഥാപനങ്ങൾ ഓഹരി വിറ്റൊഴിയുന്നത് ശുഭകരമല്ല, കാരണം നമ്മളേക്കാൾ വേഗത്തിൽ വിവരം ലഭിക്കാൻ സാധ്യതയുള്ളത് അവർക്കാണ്.

തട്ടിപ്പ് സൂചനകൾ

● മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും അസ്വാഭാവികമായ സജീവത

● നിസ്സാര കാര്യങ്ങള്‍ പോലും ആഘോഷമാക്കുന്നു

● യുക്തിസഹമല്ലാതെ ഫണ്ടുകൾ സമാഹരിക്കുന്നു

● ബന്ധമില്ലാത്ത ബിസിനസുകളിലേക്ക് എടുത്തുചാടുന്നു

● ഉന്നത മാനേജ്മെന്റ് ടീമംഗങ്ങളും ഓഡിറ്റർമാരും രാജിവെക്കുന്നു

● പ്രമോട്ടർമാരും നിക്ഷേപ സ്ഥാപനങ്ങളും ഓഹരി വിറ്റൊഴിയുന്നു

● ഓഹരി വിലയിലെ അസ്വാഭാവിക ചലനം

● വലിയ പ്രഖ്യാപനങ്ങൾ, എന്നാൽ നടപ്പാക്കുന്നതിൽ വീഴ്ച

● വ്യക്തതയില്ലാത്ത ബിസിനസ് മോഡലുകളും അനുബന്ധ കമ്പനികളും

പൊളിയാൻ പോകുന്ന കമ്പനികളുടെ ലക്ഷണങ്ങൾ

● കടം പെരുകും

● വരുമാനം കുറയുന്നു, നഷ്ടം കൂടുന്നു

● പ്രമോട്ടർമാർ ഓഹരി പണയത്തിലാക്കുന്നു

● സാമ്പത്തികനില മെച്ചമല്ലെങ്കിലും വൻ പ്രചാരണം

● ഓപറേറ്റിങ് കാഷ് ഫ്ലോ കുറഞ്ഞുവരുന്നു

● കണക്കുകൾ യഥാസമയം പുറത്തുവിടുന്നതിൽ വീഴ്ച

Tags:    
News Summary - Case against Gensol engineering on cheating investors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.