യു.എസ് തീരുവക്ക് അതേ നാണയത്തിൽ മറുപടി; ‘പ്രതികാര’ തീരുവ ചുമത്തി കാനഡയും ചൈനയും

വാഷിങ്ടൺ: തങ്ങളുടെ ഉൽപന്നങ്ങൾക്ക് തീരുവ ചുമത്താനുള്ള യു.എസ് തീരുമാനത്തിന് അതേ നാണയത്തിൽ മറുപടി നൽകി കാനഡയും ചൈനയും. 25 ശതമാനം തീരുവ ചുമത്താനുള്ള പദ്ധതിയുമായി ഡോണൾഡ് ട്രംപ് ഭരണകൂടം മുന്നോട്ടുപോയാൽ ചൊവ്വാഴ്ച മുതൽ 30 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന യു.എസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

125 ബില്യൺ കനേഡിയൻ ഡോളറിന്‍റെ യു.എസ് ഉൽപന്നങ്ങൾക്ക് 21 ദിവസത്തിനുള്ളിൽ അധിക തീരുവ ഈടാക്കുമെന്നും ട്രൂഡോ വ്യക്തമാക്കി. കാനഡക്കും മെക്‌സിക്കോക്കും എതിരെ യു.എസ് ചുമത്തിയ താരിഫുകളിൽ മാറ്റമില്ലെന്നും നേരത്തെ തീരുമാനിച്ച പോലെ മാർച്ച് നാലിന് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു. കാനഡയിൽനിന്നും മെക്‌സിക്കോയിൽനിന്നുമുള്ള ഇറക്കുമതികൾക്ക് 25 ശതമാനം താരിഫുകളും ചൈനയിൽ നിന്നുള്ള സാധനങ്ങൾക്ക് 10 ശതമാനം അധിക താരിഫുകളുമാണ് ചുമത്തിയത്. 30 ദിവസത്തെ ഇടവേളക്കുശേഷം, കനേഡിയൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം താരിഫും കനേഡിയൻ ഊർജ ഉൽപന്നങ്ങൾക്ക് 10 ശതമാനം താരിഫും ചുമത്താനുള്ള യു.എസ് ഭരണകൂടത്തിന്‍റെ തീരുമാനത്തിന് ഒരു ന്യായീകരണവുമില്ലെന്ന് ട്രൂഡോ പറഞ്ഞു.

അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാനായി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 1.3 ബില്യൺ ഡോളറിന്‍റെ അതിർത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ട്. യു.എസ് വ്യാപാര നടപടി പിൻവലിക്കുന്നതുവരെ തങ്ങളുടെ താരിഫുകൾ നിലനിൽക്കുമെന്നും ട്രൂഡോ കൂട്ടിച്ചേർത്തു. 25 ശതമാനം തീരുവ ചുമത്തിയാൽ രാജ്യം അതിനെ നേരിടാൻ തയാറാണെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു.

അതേസമയം, ചൈനയും വ്യത്യസ്ത യു.എസ് ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തി. മാർച്ച് 10 മുതൽ ഏതാനും യു.എസ് ഉൽപന്നങ്ങൾക്ക് 10-15 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ചിക്കൻ, ഗോതമ്പ്, പരുത്തി, ചോളം എന്നിവക്ക് 15 ശതമാനവും പച്ചക്കറി ഉൽപന്നങ്ങൾക്ക് 10 ശതമാനവും തീരുവയാണ് ചുമത്തിയത്. 

Tags:    
News Summary - Canada to impose retaliatory tariffs on US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.