ഇനി അജ്ഞാത നമ്പറുകളില്ല; ഫോൺ വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിച്ച് കമ്പനികൾ

മുംബൈ: അജ്ഞാതരായവർ വിളിക്കുമ്പോൾ അവരുടെ പേര് ഇനി നിങ്ങളുടെ മൊബൈ​ൽ ​​ഫോണിൽ ​വ്യക്തമായി ദൃശ്യമാകും. വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിക്കുന്ന സേവനത്തിന്റെ പരീക്ഷണത്തിന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ തുടക്കം കുറിച്ചു. കോളിങ് നെയിം പ്രസന്റേഷൻ (സി.എൻ.എ.പി) എന്നാണ് ഈ സേവനത്തിന്റെ പേര്. നിലവിൽ ഹരിയാനയിലും ഹിമാചൽ പ്രദേശിലുമാണ് പദ്ധതി പരീക്ഷണം തുടങ്ങിയത്. അടുത്ത വർഷം മാർച്ചോടുകൂടി മറ്റു സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അജ്ഞാത ​നമ്പറുകൾ തിരിച്ചറിയാൻ ട്രൂകോളർ അടക്കമുള്ള ആപ്പുകളാണ് പലരും ആശ്രയിച്ചിരുന്നത്. ഇനി അത്തരം ആപ്പുകൾ മൊബൈൽ ഫോണിൽനിന്ന് ഒഴിവാക്കാമെന്നതാണ് വലിയ ആശ്വാസം.

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ എന്നിവ ഹരിയാനയിലും ഭാരതി എയർടെൽ ഹിമാചൽ പ്രദേശിലുമാണ് സേവനം പരീക്ഷിക്കുന്നത്. നിലവിൽ ഈ സർക്കിളുകളിൽനിന്ന് മൊബൈൽ ഫോൺ കണക്ഷൻ എടുത്തവരുടെ പേര് മാത്രമാണ് ​പ്രദർശിപ്പിക്കുക. ഉദാഹരണത്തിന്, ഹരിയാനയിൽനിന്നോ ഹിമാചൽ പ്രദേശിൽനിന്നോ മൊബൈൽ ഫോൺ കണക്ഷൻ എടുത്ത ഉപഭോക്താവ് രാജ്യത്തെവിടെയെങ്കിലുമുള്ള മറ്റൊരാളെ വിളിച്ചാൽ പേര് ഫോണിൽ ദൃശ്യമാകും.

തട്ടിപ്പുകളും ശല്യപ്പെടുത്തലും തടയുന്നതിന്റെ ഭാഗമായാണ് വിളിക്കുന്നവരുടെ നമ്പറിന് പകരം പേര് ​പ്രദർശിപ്പിക്കാനുള്ള പദ്ധതി കൊണ്ടുവന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമെന്ന വ്യാജേന വിവിധ നമ്പറുകളിൽനിന്ന് വിളിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഇനി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾ മൊബൈൽ കണക്ഷനെടുക്കുമ്പോൾ തിരിച്ചറിയൽ രേഖക്കൊപ്പം നൽകിയ പേരാണ് വിളിക്കുമ്പോൾ പ്രദർശിപ്പിക്കുക. രാജ്യവ്യാപകമായി സി.എൻ.എപി സേവനം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ടെലികോം ഓപ്പറേറ്റർമാരോടും പരീക്ഷണം നടത്തണമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ഡി.ഒ.ടി) ആവശ്യപ്പെട്ടിരുന്നു. ലാൻഡ്‌ലൈൻ നമ്പറുകളും 2ജി നെറ്റ്‌വർക്കിൽ ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും ഈ സേവനം ലഭിക്കില്ല. ഡാറ്റ സംയോജിപ്പിച്ചശേഷമായിരിക്കും ലാൻഡ്‌ലൈൻ നമ്പറുകൾ ഉൾപ്പെടുത്തുകയെന്ന് ടെലികോം എക്സിക്യൂട്ടീവ് പറഞ്ഞു. പദ്ധതി പരീക്ഷണം തുടങ്ങിയതിനെ കുറിച്ച് ടെലികോം കമ്പനികൾ പ്രതികരിച്ചിട്ടില്ല.

സി.എൻ.എപി സേവനം എത്രയും വേഗം നടപ്പാക്കാൻ ഡി.ഒ.ടി ടെലികോം കമ്പനികളെ നിർബന്ധിക്കുന്നതിനിടെയാണ് പരീക്ഷണത്തിന് തുടക്കം കുറിച്ചത്. സാ​ങ്കേതിക പരിമിതികളാണ് പദ്ധതി ഇത്രയും വൈകാൻ കാരണമെന്നാണ് സൂചന.

സി.എൻ.എപി സേവനം നടപ്പാക്കാൻ ടെലികോം കമ്പനികൾക്കും ആറ് മാസത്തിനുള്ളിൽ ഈ സേവനമുള്ള ഹാൻഡ് സെറ്റ് പുറത്തിറക്കാൻ മൊബൈൽ ​ഫോൺ കമ്പനികൾക്കും നിർദേശം നൽകണമെന്ന് സർക്കാറിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആവശ്യപ്പെട്ടിരുന്നു.

സി.എൻ.എ.പി സേവനം നടപ്പാക്കുന്നത് തട്ടിപ്പുകാരുടെയും ശല്യക്കാരുടെയും ഫോൺ ​കോളുകൾ എളുപ്പത്തിൽ തിരിച്ചറിയാനും നിരുത്സാഹപ്പെടുത്താനും സഹായിക്കുമെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പ്രതീക്ഷ. കഴിഞ്ഞ നിരവധി വർഷങ്ങൾക്കിടെ വ്യാജ ഫോൺ വിളികളിലൂടെ കോടിക്കണക്കിന് രൂപയാണ് തട്ടിപ്പുകാർ കീശയിലാക്കിയത്. ഡിജിറ്റൽ ഉത്പന്നങ്ങളുടെ വളർച്ച രാജ്യത്ത് വളരെ ശക്തമാണെങ്കിലും പൗരന്മാർക്ക് ഡിജിറ്റൽ സാക്ഷരത കുറവാണെന്നാണ് സർക്കാറിന്റെയും ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെയും വിലയിരുത്തൽ.

Tags:    
News Summary - calling name presentation (CNAP) service starts in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.