ന്യൂഡൽഹി: ലാഭം നേടാനുള്ള പ്രവർത്തനത്തിനായി ബാങ്ക് വായ്പയെടുത്തയാളെ ‘ഉപഭോക്താവ്’ എന്ന് വിളിക്കാനാവില്ലെന്ന് സുപ്രീംകോടതി. ദേശീയ ഉപഭോക്തൃ പരാതി പരിഹാര കമീഷൻ ഉത്തരവിനെതിരെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നൽകിയ അപ്പീൽ പരിഗണിക്കവെ ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് ഈ നിരീക്ഷണം.
രജനീകാന്ത് നായകനായ ‘കൊച്ചടിയാൻ’ സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ ‘ആഡ് ബ്യൂറോ’ എന്ന പരസ്യ ഏജൻസി സെൻട്രൽ ബാങ്കിൽ നിന്ന് പത്ത് കോടി രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോൾ കേസ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിൽ എത്തി. 3.56 കോടി ഒറ്റത്തവണയായി നൽകി കേസ് തീർന്നെങ്കിലും പരസ്യ ഏജൻസി വീഴ്ചവരുത്തിയത് സെൻട്രൽ ബാങ്ക് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (സിബിൽ) റിപ്പോർട്ട് ചെയ്തു.
ഇത് പ്രതിച്ഛായ നഷ്ടവും ബിസിനസ് നഷ്ടവും ഉണ്ടാക്കിയതായി ചൂണ്ടിക്കാട്ടി പരസ്യ ഏജൻസി ദേശീയ ഉപഭോക്തൃ പരാതി പരിഹാര കമീഷനിൽ പരാതി നൽകി. 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വായ്പ അടച്ചുതീർത്തുവെന്ന് സർട്ടിഫിക്കറ്റ് നൽകാനുമാണ് കമീഷൻ ഉത്തരവിട്ടത്. ഇതിനെതിരെയാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.