ഓണവിപണിയിൽ എ.ഐ മോഡ്; ശതകോടികൾ മറിയുന്ന ആഘോഷം

എ.ഐ എനർജി മോഡ് ഉപയോഗിച്ച് ആവശ്യമുള്ളപ്പോൾ വേണ്ടത്ര തണുപ്പിക്കുകയും അല്ലാത്തപ്പോൾ ഊർജം സംരക്ഷിക്കുകയും ചെയ്യുന്ന റഫ്രിജറേറ്റർ, എ.ഐ പവേർഡ് 8കെ സാ​ങ്കേതികവിദ്യയിലൂടെ ഇതുവരെയില്ലാത്ത ദൃശ്യാനുഭവം സമ്മാനിക്കുന്ന ടി.വി, അലക്കാനുള്ള വസ്ത്രത്തിന്‍റെ ലോഡിനും ആവശ്യത്തിനുമനുസരിച്ച് സ്മാർട്ട് വാഷ് ചെയ്യുന്ന എ.ഐ പവേർഡ് വാഷിങ് മെഷീനുകൾ...ഓണത്തോടനുബന്ധിച്ചുള്ള ഗൃഹോപകരണ വിൽപനയിൽ ഇത്തവണ എ.ഐയുടെ അയ്യരുകളിയാണ്. സ്മാർട്ടായ ആളുകൾക്ക് സ്മാർട്ടെസ്റ്റ് ഉപകരണങ്ങൾ സമ്മാനിച്ച് വിപണിയിൽ ഓളം തീർക്കുമ്പോൾ മലയാളികളൊന്നാകെ പഴയ ടി.വിയും ഫ്രിഡ്ജുമെല്ലാം മാറ്റി ‘ബുദ്ധിയുള്ള’വയെമെടുക്കാൻ കടകളിലേക്കോടുന്നു.

നിരവധി നൂതന ഫീച്ചറുകളുമായാണ് വിവിധ ബ്രാൻഡുകൾ തങ്ങളുടെ ഉൽപന്നങ്ങൾ ഓണ വിപണിയിലെത്തിച്ചിട്ടുള്ളത്. ഗൃഹോപകരണ വിപണിയിൽ ഒരുവർഷം നടക്കുന്ന ബിസിനസിന്റെ 40 ശതമാനത്തോളവും നടക്കുന്നത് ഓണക്കാലത്താണെന്ന് മുൻനിര ഡീലർമാർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ 3000 കോടിക്ക് മുകളിലാണ് ഈ ഓണത്തിന് ഗൃഹോപകരണ വിപണി വിൽപന പ്രതീക്ഷിക്കുന്നത്. 500 കോടിക്കടുത്ത് തങ്ങളുടെ ഉൽപന്നങ്ങൾക്ക് മാത്രം വിൽപന പ്രതീക്ഷിക്കുന്ന ബ്രാൻഡുകളുണ്ട്. മുൻ വർഷങ്ങളിൽ പ്രളയം, കോവിഡ്, വയനാട് ദുരന്തം എന്നിങ്ങനെ പല ഘടകങ്ങൾ ഓണവിപണിയുടെ നിറം കെടുത്തിയിരുന്നെങ്കിലും ഇത്തവണ എല്ലാം പോസീറ്റിവാണെന്നതും വ്യാപാരികളിൽ പ്രതീക്ഷ ഇരട്ടിയാക്കുന്നു.

ഓണം ബൂമിന് പിന്നിൽ...

ഓണക്കാലത്ത് ബിസിനസ് മറ്റു കാലങ്ങളെക്കാൾ കുതിക്കുന്നതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനം മിക്ക കമ്പനികളും ഓണക്കാലത്ത് പ്രത്യേക ഓഫറുകൾ സമ്മാനിക്കുന്നുവെന്നതാണ്. ഓണത്തിന് തൊട്ടു മുമ്പ് ടി.വിയുടെ വാറൻറി കാലാവധി രണ്ടുവർഷമാണെങ്കിൽ ഓണവിപണിയിൽ അത് നാലു വർഷമായി കൂട്ടിക്കിട്ടുന്നു. ടി.വി മാത്രമല്ല, മിക്ക ഉപകരണങ്ങൾക്കും വിവിധ കമ്പനികൾ ഇത്തരത്തിൽ ഓണ വിൽപനയിൽ മാത്രമായി അധിക വാറൻറി നൽകുന്നുണ്ട്.

കൂടാതെ വിവിധ ബ്രാൻഡുകളും ഡീലർമാരും വെവ്വേറെ വൻ ഇളവുകളും ഓഫറുകളും പ്രഖ്യാപിക്കുന്നതും ഉപഭോക്താവിനെ ആകർഷിക്കുന്നു. ഇതിന് പുറമെയാണ് കോടിക്കണക്കിന് രൂപയുടെ സമ്മാനപദ്ധതികൾ. കാറുകളും സ്വർണവും കാഷ്ബാക്കുമെല്ലാം സമ്മാനിക്കുന്ന ദിനേനയും പ്രതിവാരവുമുള്ള നറുക്കെടുപ്പുകൾ. ഫ്ലാറ്റും ആഡംബര കാറുകളും വിദേശ യാത്രയും100 പവൻ സ്വർണവുമെല്ലാം മോഹിപ്പിക്കുന്ന ബംബർ നറുക്കെടുപ്പ് വേറെ. ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങൾ ഉൾ​പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് കടകളിൽ. നറുക്കെടുപ്പില്ലാതെ എല്ലാവർക്കും സമ്മാനം കിട്ടുന്ന പദ്ധതിയുമുണ്ട്. ഒന്നെടുത്താൽ ഒന്ന് ഫ്രീ, ഫ്രിഡ്ജിനൊപ്പം മിക്സി ഫ്രീ എന്നിങ്ങനെ കോമ്പോ ഓഫറുകളും പലരും ഒരുക്കിയിട്ടുണ്ട്.

ഓണവിൽപനയുടെ വ്യാപ്തി ഈ വമ്പൻ സമ്മാനങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കാം. ഒരു രൂപപോലും കൈയിലില്ലാതെ സാധനം വാങ്ങി വീട്ടിൽപോവാൻ സൗകര്യമൊരുക്കുന്ന സീറോ ഡൗൺപേയ്മെൻറ് ഇ.എം.ഐ സൗകര്യം, ക്രെഡിറ്റ് കാർഡുകളിൽ ഇൻസ്റ്റൻറ് കാഷ്ബാക്ക് ഓഫർ, പഴയ ഉപകരണങ്ങൾ മാറ്റിവാങ്ങാനുള്ള സൗകര്യം...ഇതെല്ലാം കാണുമ്പോൾ ഒന്നും ആവശ്യമില്ലാത്തവർപോലും എന്തെങ്കിലുമൊക്കെ വാങ്ങിയിട്ടേ പോകൂ. വ്യാപാരസ്ഥാപനങ്ങളിൽ ഓണത്തെ വരവേൽക്കാൻ ഒരുക്കുന്ന അലങ്കാരങ്ങളും ആളുകളെ ആകർഷിക്കുന്ന ഘടകം തന്നെ.

കാണം വിൽക്കേണ്ട, ബോണസുണ്ടല്ലോ...

പ്രകൃതിക്കും മനുഷ്യനും സമൃദ്ധിയുടെ ഉത്സവകാലമാണ് ഓണം. സാധാരണക്കാരന്റെ പോക്കറ്റിലാണെങ്കിലും അത്യാവശ്യം പൈസയുണ്ടാകുന്ന സമയം. മുമ്പത്തെപോലെ ഓണമുണ്ണാൻ കാണം വിൽക്കേണ്ട ബുദ്ധിമുട്ടൊന്നും മിക്കവർക്കുമില്ല. ബോണസിന്റെ രൂപത്തിൽ സർക്കാർ ജീവനക്കാർക്കും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമെല്ലാം ആവശ്യത്തിന് പണം കിട്ടുന്ന കാലമാണ് ഓണക്കാലം.

രാജ്യത്തിന്റെ വിവിധയിടങ്ങളിലെ ഉത്സവവിപണിയുടെ ഒന്നാംഘട്ടമായാണ് ഓണത്തെ വൻകിട ബ്രാൻഡുകൾ കണക്കാക്കുന്നത്. ഓണത്തിന്റെ വിപണി വളർച്ചക്കനുസരിച്ചാണ് തുടർന്നു വരുന്ന ദീപാവലി, ദുർഗാപൂജ, ദസറ, ക്രിസ്മസ് വിപണികളിൽ പുതിയ വിപണനതന്ത്രങ്ങൾ പരീക്ഷിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സ്വന്തം ആഘോഷമായ ഓണം അതുകൊണ്ടുതന്നെ ബിസിനസ് മേഖലയെ സംബന്ധിച്ചിടത്തോളം ശരിക്കും ആഘോഷത്തിന്റെ നാളുകളാണ്.

വേണം വലിയ ടി.വി

മുമ്പത്തെപോലെ 28 ഇഞ്ചും 32 ഇഞ്ചുമൊന്നും പോരാ പുതിയ കാലത്തെ ടി.വിക്ക്. 55 ഇഞ്ചും 65 ഇഞ്ചും ഒക്കെ വലിപ്പത്തിൽ സ്വീകരണമുറിയിലെ ചുമർ നി‍റഞ്ഞുനിന്നാലേ ഒരു ഗുമ്മുള്ളൂ. "55 ഇഞ്ച് ടി.വിയാണ് കൂടുതലും ആളുകൾ ചോദിച്ചുവരുന്നത്. ക്യുഎൽ.ഇ.ഡി (ക്വാണ്ടം ഡോട്ട് ലൈറ്റ് എമിറ്റിങ് ഡയോഡ്) സാങ്കേതികവിദ്യയുള്ള കൂടുതൽ മികവാർന്ന ദൃ‍ശ്യങ്ങൾ കാണാനാവുന്ന ടി.വികളാണ് ഇപ്പോഴിറങ്ങുന്നത്. 40,000 രൂപക്ക് മുകളിലാണ് ഇതിന്‍റെ വില. ‘ടി.വിക്കുവേണ്ടി മാത്രം ലക്ഷങ്ങൾ ചെലവഴിക്കുന്നവരുമുണ്ട്’- കൊച്ചിയിലെ പ്രമുഖ ഡീലർമാരിലൊരാൾ ചൂണ്ടിക്കാട്ടി.

റെഫ്രിജറേറ്ററിന്‍റെ കാര്യമെടുത്താൽ സിംഗ്ൾ ഡോറും ഡബ്ൾ ഡോറുമെല്ലാം കളമൊഴിഞ്ഞ്, സൈഡ് ബൈ സൈഡ് ഡോറുകളുള്ളവ ഇടംപിടിച്ചു കഴിഞ്ഞു. 300 ലിറ്റർ ശേഷിയുള്ള ഫ്രിഡ്ജുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ചില അറകളിൽ കൂടുതൽ തണുപ്പിക്കാനും ചിലയിടത്ത് തണുപ്പ് കുറപ്പിച്ചും ക്രമീകരിക്കാവുന്ന സംവിധാനങ്ങൾവരെ പുതിയ ഫ്രിഡ്ജുകളിലുണ്ട്. വാഷിങ് മെഷീനിൽ എട്ടു കിലോ ടോപ് ലോഡഡ് ഫുള്ളി ഓട്ടോമാറ്റിക്കിനാണ് കൂടുതൽ പ്രിയം. ഇതിനെല്ലാം പുറമെ എയർ ഫ്രയറും ഫാനും മിക്സിയും ദോശച്ചട്ടിയുംവരെ ഓഫറിൽ ചൂടപ്പം പോലെ വിറ്റഴിയുന്നതായാണ് വിപണി വൃത്തങ്ങൾ പറയുന്നത്.

വിൽപനയിൽ മാത്രമല്ല, പ്രചാരണത്തിലെ മത്സരത്തിനും ഓണക്കാലം സാക്ഷിയാവുന്നു. വ്യത്യസ്ത പേരുകളും ടാഗ് ലൈനുമിട്ട് ഓണാഘോഷ കാമ്പയിനായിട്ടാണ് മാർക്കറ്റിങ്. രാവും പകലുമില്ലാതെയാണ് പൊടിപൂരം. മലയാളികളുടെ പ്രിയ താരങ്ങൾ ബ്രാൻഡ് അംബാസഡർമാരായി പരസ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. സദ്യയൊരുക്കാനും അണിഞ്ഞൊരുങ്ങാനും മാത്രമല്ല ഗൃഹോപകരണങ്ങളും വ്യക്തിഗത സ്മാർട്ട് ഡിവൈസുകളും വാഹനങ്ങളും സ്വന്തമാക്കാനുള്ളതു കൂടിയാണ് മലയാളികൾക്കിന്ന് ഓണപ്പാച്ചിൽ.

Tags:    
News Summary - AI home appliances market at onam season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.