മുംബൈ: ഇന്ത്യയിൽ ലഭ്യമാകുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി അദാനി ടോട്ടൽ ഗ്യാസും റിലയൻസ് ബി.പി മൊബിലിറ്റിയും ഒന്നിക്കുന്നു. ഇരു കമ്പനികളുടേയും ഇന്ധനം വിൽക്കുന്നത് സംബന്ധിച്ച് കരാറിലെത്താനാണ് റിലയൻസിന്റേയും അദാനിയുടെയും പദ്ധതി.
ഇതുപ്രകാരം അദാനി ടോട്ടൽ ഗ്യാസ് ഔട്ട്ലെറ്റുകളിൽ റിലയൻസിന്റെ പെട്രോളും ഡീസലും വിൽക്കും. ജിയോബി.പി പമ്പുകളിൽ അദാനി ഗ്യാസും വിൽക്കും. ജനങ്ങൾ മികച്ച സേവനം നൽകാനാണ് ശ്രമമെന്ന് ജിയോ ബി.പി ചെയർമാൻ ശാർതാക് ബെഹുറിയ പറഞ്ഞു. അദാനിയുമായുള്ള പങ്കാളിത്തം കമ്പനിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങളുടെ ഔട്ട്‍ലറ്റുകളിലൂടെ ഗുണനിലവാരമുളള ഇന്ധനം ലഭ്യമാക്കുക എന്നത് തങ്ങളുടെ എക്കാലത്തേയും വലിയ ലക്ഷ്യമാണെന്ന് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് സി.ഇ.ഒ സുരേഷ് പി മംഗലാനി പറഞ്ഞു. റിലയൻസുമായുള്ള കൂട്ടുകെട്ട് ഈ ലക്ഷ്യം പൂർത്തീകരിക്കാനുള്ള ഉദ്യമങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും പൊതുമേഖല കമ്പനികൾ പെട്രോൾ, ഡീസൽ വില കുറക്കാൻ തയാറായിരുന്നില്ല. ഇതുമുതലാക്കി പൊതുവിപണിയേക്കാൾ വിലകുറച്ച് എണ്ണവിറ്റ് റിലയൻസും നയാരയും നേട്ടകൊയ്തിരുന്നു. ഇതോടെ ഏപ്രിലിൽ ഇന്ത്യയിലെ സ്വകാര്യ കമ്പനികളുടെ ഡീസൽ വിൽപന വിഹിതം 9.6 ശതമാനത്തിൽ നിന്നും 11.5 ശതമാനമായി ഉയർന്നിരുന്നു. പെട്രോളിന്റെ വിഹിതം ഒമ്പത് ശതമാനത്തിൽ നിന്ന് 10 ശതമാനമായും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.