ട്രംപിന്റെ അക്കൗണ്ട് പൂട്ടി; യു.എസിലെ ഏറ്റവും വലിയ ബാങ്കിനെതിരെ നിയമനടപടിക്ക്

വാഷിങ്ടൺ: രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി അക്കൗണ്ട് പൂട്ടിയ യു.എസിലെ ഏറ്റവും വലിയ ബാങ്കിനെതിരെ നിയമനടപടി സ്വീകരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ​ജെ.പി മോർഗൻ ചെയ്സ് ആൻഡ് കമ്പനിക്കും ചീഫ് എക്സികുട്ടിവ് ഓഫിസർ ജാമി ഡിമോണി​നുമെതിരെയാണ് കേസ് നൽകിയിരിക്കുന്നത്. 2021 ജനുവരി ആറിന് നടന്ന കാപിറ്റോൾ കലാപത്തിന് ശേഷം രാഷ്ട്രീയ കാരണം പറഞ്ഞ് ബാങ്ക് അക്കൗണ്ട് ​ക്ലോസ് ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ച് ബില്ല്യൻ ഡോളർ അതായത് 45,795 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ട്രംപിന്റെയും അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളുടെയും നിരവധി അക്കൗണ്ടുകൾ ബാങ്ക് പൂട്ടിയെന്നും കരിമ്പട്ടികയിൽപെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

ഫ്ലോറിഡയിലെ മിയാമി-ഡേഡ് കൗണ്ടിയിലെ സംസ്ഥാന കോടതിയിലാണ് കേസ് നൽകിയിരിക്കുന്നത്. ട്രംപിനോടും അദ്ദേഹത്തിന്റെ അനുയായികളോടും ജെ.പി മോർഗൻ ബാങ്ക് വിവേചനം കാണിക്കുന്നെന്ന ആരോപണങ്ങൾക്കിടെയാണ് പരാതി. ജെ.പി മോർഗൻ ബാങ്കിന്റെ വെൽത്ത് മാനേജ്‌മെന്റ് ബിസിനസ് ട്രംപിനെ കരിമ്പട്ടികയിൽ പെടുത്തി. ഇതിന് സി.ഇ.ഒ ഡിമോണിന്റെ അനുമതിയുണ്ടായിരുന്നു. ജെ.പി മോർഗന്റെ നടപടി കാരണം ട്രംപുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽനിന്ന് മറ്റു ബാങ്കുകളെ പിന്തിരിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി.

വ്യക്തമായ കാരണങ്ങളില്ലാതെ ചിലർക്ക് സേവനം നിഷേധിക്കുന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കിനെതിരെ ട്രംപ് നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേസമയം, രാഷ്ട്രീയത്തി​ന്റെ പേരിൽ ആരോടും വിവേചനം കാണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ​​ജെ.പി മോർഗൻ, ഉപഭോക്താക്ക​ളുടെ അക്കൗണ്ട് കാരണങ്ങളില്ലാതെ പൂട്ടുന്നത് തടയാൻ നിയമം കൊണ്ടുവരാനുള്ള ട്രംപി​ന്റെ നീക്കങ്ങളെ സ്വാഗതം ചെയ്തു. ട്രംപ് നിയമനടപടി സ്വീകരിച്ചതിൽ നിരാശയുണ്ടെന്നും എന്നാൽ പരാതിയിൽ കഴമ്പില്ലെന്നും ജെ.പി മോർഗ​ൻ വക്താവ് പറഞ്ഞു. നിയമ നടപടി സ്വീകരിക്കാനുള്ള ട്രംപിന്റെ അവകാശത്തെ മാനിക്കുന്നതായും അവർ വ്യക്തമാക്കി.

2021ൽ നൂറുകണക്കിന് കോർപറേറ്റ് അക്കൗണ്ടുകൾ അടച്ചുപൂട്ടിയെന്ന് ആരോപിച്ച് മുമ്പ് ക്യാപിറ്റൽ വൺ ഫിനാൻഷ്യലിനെതിരെ സമാനമായ ഒരു കേസ് ട്രംപ് ഓർഗനൈസേഷൻ ഫയൽ ചെയ്തിരുന്നു.

Tags:    
News Summary - Account closed; Trump Sues JPMorgan For Billions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.