മുംബൈ: ജീവനക്കാർക്കും ഏജൻറുമാർക്കും ഉയർന്ന കമ്മീഷൻ നൽകി ഇൻഷൂറൻസ് പോളിസികൾ വിൽക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്തെ 23 കമ്പനികൾ നിരീക്ഷണത്തിൽ. ഇൻഷൂറൻസ് മേഖലയുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഇൻഷൂറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് (ഐ.ആർ.ഡി.എ) പരിശോധ തുടങ്ങിയത്. അമിത കമ്മീഷൻ നൽകുന്നതടക്കം നിരവധി ചട്ടങ്ങൾ കമ്പനികൾ ലംഘിക്കുന്നതായി ഐ.ആർ.ഡി.എയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നിരീക്ഷണത്തിലുള്ള 23 ഇൻഷൂറൻസ് കമ്പനികളിൽ എട്ട് കമ്പനികൾ ലൈഫ് ഇൻഷൂറൻസ് മേഖലയിലും ബാക്കിയുള്ളവ ആരോഗ്യ ഇൻഷൂറൻസ് രംഗത്തും പ്രവർത്തിക്കുന്നവയാണ്.
നിലവിൽ ഇൻഷൂറൻസ് കമ്പനികൾ സമർപ്പിച്ച വിശദീകരണം പരിശോധിക്കുകയാണെന്ന് ഐ.ആർ.ഡി.എ വൃത്തങ്ങൾ അറിയിച്ചു. ചട്ടം ലംഘനങ്ങൾ കണ്ടെത്തുന്നതിന് ഐ.ആർ.ഡി.എക്ക് സമഗ്രമായ പ്രക്രിയയുണ്ട്. ഓരോ കേസുകളും പ്രത്യേകം പരിശോധിക്കുന്നതിനാൽ കാലതാമസമെടുക്കും. ചട്ട ലംഘനം തെളിഞ്ഞാൽ നിയമ നടപടി സ്വീകരിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
ഉത്പന്നങ്ങളുടെ പ്രത്യേകതയും പ്രീമിയം അടക്കുന്ന കാലാവധിയും മറ്റും പരിഗണിച്ച് നൽകാവുന്ന കമ്മീഷന്റെ പരിധി സംബന്ധിച്ച് 2024ലെ ഇൻഷൂറൻസ് ചട്ടങ്ങളിൽ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇൻഷൂറൻസ് കമ്പനികൾ നൽകുന്ന കമ്മീഷനിൽ വൻ വർധനയുണ്ടായെന്നാണ് ഐ.ആർ.ഡി.എ കണ്ടെത്തിയിരിക്കുന്നത്. നിയമ ലംഘനം മാത്രമല്ല, ഉപഭോക്താക്കളെ കബളിപ്പിച്ച് ഇൻഷൂറൻസ് പോളിസികൾ വിൽക്കുന്നവെന്നതിന്റെ സൂചനയും ഐ.ആർ.ഡി.എക്ക് ലഭിച്ചിട്ടുണ്ട്.
എട്ട് ലൈഫ് ഇൻഷൂറൻസ് കമ്പനികളും 15 ലൈഫ് ഇതര ഇൻഷൂറൻസ് കമ്പനികളും അനുവദിക്കപ്പെട്ടതിനേക്കാൾ കൂടുതൽ തുക കമ്മീഷൻ നൽകിയതായാണ് ഐ.ആർ.ഡി.എ രേഖകൾ പറയുന്നത്. 2024-25 വർഷം 60,800 കോടി രൂപയാണ് ഇൻഷൂറൻസ് കമ്പനികൾ കമ്മീഷൻ നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വർധനവാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.