ബാങ്ക് ലോക്കറുകൾ സുരക്ഷിതമാണോ? ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?

വിവാഹത്തിന് കരുതിവെച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ, തലമുറകളായി കൈമാറിവന്ന പാരമ്പര്യ സ്വത്തുക്കൾ, പ്രധാനപ്പെട്ട രേഖകൾ എന്നിവയൊക്കെ ഉയർന്ന സുരക്ഷ ലഭിക്കുമെന്ന ഒറ്റ വിശ്വാസത്തിലാണ് നമ്മൾ ബാങ്കുകളിലെ സ്റ്റീൽ ലോക്കറുകളിൽ സൂക്ഷിക്കുന്നത്. വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല എന്ന തോന്നലാണ് ഇതിനുകാരണം.

പക്ഷേ ഈ ബാങ്ക് ലോക്കർ സംവിധാനം സുരക്ഷിതമാണോ? 

വീടുകളിൽ സൂക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് ലോക്കറുകളെങ്കിലും, അതിനുള്ളിലെ എല്ലാ സാധനങ്ങൾക്കും ബാങ്കുകൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഉപഭോക്താക്കൾ മനസിലാക്കണമെന്നാണ് ബാങ്കിങ് വിദഗ്ദർ പറയുന്നത്. വീടുകളിലെ മോഷണങ്ങളിൽ നിന്ന് ലോക്കറുകൾ സുരക്ഷ നൽകുന്നുണ്ടെങ്കിലും, പുതിയ ആർ.ബി.ഐ മാർഗനിർദേശങ്ങൾ പ്രകാരം ബാങ്കുകൾ സമ്പൂർണ ഇൻഷുറൻസ് നൽകുന്നില്ലെന്നും ബാങ്കിന്‍റെ ബാധ്യതകൾക്ക് പരിധിയുണ്ടെന്നും വ്യക്തമാക്കുന്നുണ്ടെന്ന് ഇവർ പറയുന്നത്. 

മാറ്റങ്ങൾ എന്തൊക്കെ?

2022 മുതൽ പ്രാബല്യത്തിൽ വന്ന ആർ.ബി.ഐയുടെ പുതുക്കിയ ലോക്കർ നിർദേശങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഇത് നിർബന്ധിത പുതിയ ലോക്കർ കരാറുകളും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും കൊണ്ടുവന്നു.ഓരോ തവണ ലോക്കർ ഉപയോഗിക്കുമ്പോഴും ബാങ്കുകൾ എസ്.എം.എസ്, ഇമെയിൽ സന്ദേശങ്ങൾ നൽകണം, 180 ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കണം, ഇലക്ട്രോണിക് ലോക്കറുകൾ കർശനമായ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

ചില പ്രത്യേക സാഹചര്യങ്ങളിൽ ബാങ്കിന്‍റെ ഉത്തരവാദിത്തം എന്താണെന്നും ഈ നിയമങ്ങൾ വ്യക്തമാക്കുന്നുണ്ട്. ബാങ്കിന്‍റെ സ്വന്തം അനാസ്ഥ മൂലം ഉണ്ടാകുന്ന മോഷണം, തീപിടിത്തം, അല്ലെങ്കിൽ ജീവനക്കാരുടെ തട്ടിപ്പ് എന്നിവ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് ബാങ്കുകൾക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടായിരിക്കും.

ലോക്കർ സുരക്ഷയുടെ ഉത്തരവാദിത്തം ആർക്കാണ്?

ലോക്കർ സുരക്ഷയുടെ ഉത്തരവാദിത്തം ബാങ്കും ഉപഭോക്താവും ഒരുപോലെ പങ്കിടുന്നുണ്ടെന്നാണ് ബാങ്കിങ് വിദഗ്ദൻ പറയുന്നത്. സുരക്ഷ എന്നത് പങ്കുവെക്കപ്പെട്ട ഉത്തരവാദിത്തമാണ്. പണം, അപകടകരമായ വസ്തുക്കൾ തുടങ്ങിയ നിരോധിത സാധനങ്ങൾ സൂക്ഷിക്കാതിരിക്കാനും, പാസ്‌വേഡുകളും താക്കോലും സുരക്ഷിതമായി സൂക്ഷിക്കാനും ഉപഭോക്താക്കൾക്ക് മാത്രമാണ് ഉത്തരവാദിത്തം.

സാധനങ്ങൾ കാണാതായാൽ എന്ത് സംഭവിക്കും?

ബാങ്കിന്‍റെ അനാസ്ഥയോ, തീപിടിത്തം, മോഷണം, അല്ലെങ്കിൽ ജീവനക്കാരുടെ തട്ടിപ്പ് എന്നിവയോ മൂലമാണ് നഷ്ടം സംഭവിച്ചതെങ്കിൽ മാത്രമേ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ. അത്തരം സന്ദർഭങ്ങളിൽ, ബാങ്കിന്‍റെ നഷ്ടപരിഹാര തുക ലോക്കറിന്‍റെ വാർഷിക വാടകയുടെ 100 ഇരട്ടിയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് ബാങ്കുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ പൊതുവേ ഉത്തരവാദികളാകില്ല.

ലോക്കറിലെ സാധനങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കുമോ?

ബാങ്കുകൾക്ക് ലോക്കറിനുള്ളിലെ സാധനങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ നിയമപരമായി അവകാശമില്ലാത്തതിനാൽ നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യം തെളിയിക്കുക ബുദ്ധിമുട്ടാണ്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഉപഭോക്താക്കൾക്ക് ബില്ലുകൾ, ചിത്രങ്ങൾ, അംഗീകൃത ജ്വല്ലറികളിൽ നിന്നുള്ള മൂല്യനിർണയ സർട്ടിഫിക്കറ്റുകൾ എന്നിവയെ ആശ്രയിക്കേണ്ടി വരും.

ലോക്കറുകൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾക്കായി ബാങ്കുകൾ ഇൻഷുറൻസ് നൽകുന്നില്ല, കൂടാതെ നേരിട്ടോ അല്ലാതെയോ ഇത്തരം പ്രൊഡക്റ്റുകൾ വിൽക്കുന്നതിൽ നിന്ന് ആർ.ബി.ഐ ബാങ്കുകളെ വിലക്കിയിട്ടുമുണ്ട്. ബാങ്കുകൾ നൽകുന്ന ചെറിയ നഷ്ടപരിഹാരം എന്നത് അവരുടെ അനാസ്ഥക്കുള്ള പിഴ മാത്രമാണ്, അല്ലാതെ സാധനങ്ങളുടെ യഥാർഥ മൂല്യത്തിന് പകരമല്ല.

ലോക്കർ ഉടമകൾ വരുത്തുന്ന പൊതുവായ തെറ്റുകൾ

അടിസ്ഥാന നിയമങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് പല ലോക്കർ തർക്കങ്ങളും ഉണ്ടാകുന്നതെന്ന് കുമാർ ചൂണ്ടിക്കാട്ടി. പല ഉപഭോക്താക്കളും നോമിനേഷൻ വിവരങ്ങൾ പുതുക്കുകയോ വർഷത്തിലൊരിക്കലെങ്കിലും ലോക്കർ ഉപയോഗിക്കുകയോ ചെയ്യാറില്ല. ഇത് വാടക ഈടാക്കുന്നതിനായി ബാങ്ക് ലോക്കർ ബലമായി തുറക്കുന്നതിലേക്ക് നയിച്ചേക്കാം.

ലോക്കർ താക്കോൽ പരിശോധിക്കാതിരിക്കുകയോ സന്ദർശനത്തിന് ശേഷമുള്ള SMS അലർട്ടുകൾ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്നത് അനധികൃതമായി ആരെങ്കിലും ലോക്കർ തുറന്നാൽ അത് അറിയുന്നത് വൈകിപ്പിക്കും. കുടുംബങ്ങൾ അവരുടെ സാധനങ്ങളുടെ ചിത്രങ്ങളും മൂല്യനിർണയവും അടങ്ങിയ കൃത്യമായ വിവരങ്ങൾ വീട്ടിലെ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണം.

ഒരു നോമിനിയെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും ലോക്കറിന്‍റെ ഭൗതികാവസ്ഥ ഉറപ്പുവരുത്താൻ ഇടക്കിടെ ലോക്കർ സന്ദർശിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ, വെള്ളപ്പൊക്ക സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന ശാഖകൾ തിരഞ്ഞെടുക്കുന്നതും സ്വന്തമായി ഇൻഷുറൻസ് എടുക്കുന്നതും സമ്പൂർണ സുരക്ഷ നൽകും.

Tags:    
News Summary - is bank lockers are safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.