ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നു: ഇന്ത്യയുടെ ഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നുവെന്ന് പഠനം

ഇന്ത്യയുടെ ഡിജിറ്റൽ ഉപഭോഗ രീതികളിൽ അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ പ്രകടമാകുന്നതായി 'ദി ഗ്രേറ്റ് ഇന്ത്യൻ വാലറ്റ് 4.0 - 2026' പഠന റിപ്പോർട്ട്. വായ്പ പോലുള്ള ആവശ്യങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വ്യാപകമായി ഉപയോഗിക്കുമ്പോൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിന് ആളുകൾ വീണ്ടും ഓഫ്‌ലൈൻ ചാനലുകൾ തെരഞ്ഞെടുക്കുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ബില്ലുകൾ അടയ്ക്കാൻ ഓഫ്‌ലൈൻ രീതി തെരഞ്ഞെടുക്കുന്നവരുടെ അനുപാതം 2025ലെ 43 ശതമാനത്തിൽ നിന്ന് 2026ൽ 59 ശതമാനമായി ഉയർന്നു. അതേസമയം, ഓൺലൈൻ വഴി ബിൽ അടയ്ക്കാൻ താൽപ്പര്യപ്പെടുന്നവരുടെ നിരക്ക് 54 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കുറഞ്ഞു. മാറിയ കുടുംബ സാഹചര്യങ്ങളും ജി.എസ്.ടി 2.0 കൊണ്ടുവന്ന വിലമാറ്റങ്ങളും ഉപഭോക്താക്കളുടെ ഈ മാറ്റത്തിന് കാരണമായിട്ടുണ്ടാകാമെന്ന് പഠനം സൂചിപ്പിക്കുന്നു.

വായ്പയെടുക്കൽ കൂടുതൽ ഡിജിറ്റലാകുന്നു

സാമ്പത്തിക ഇടപാടുകളെല്ലാം ഒരേ രീതിയിലല്ല മാറിക്കൊണ്ടിരിക്കുന്നത്. ബിൽ പേമെന്‍റുകൾ ഓഫ്‌ലൈനിലേക്ക് മാറുമ്പോൾ, വായ്പയെടുക്കുന്നവർ കൂടുതൽ ഡിജിറ്റൽ രീതിയിലേക്ക് മാറുകയാണ്. 2026ൽ 51 ശതമാനം ആളുകളും വായ്പയെടുക്കാൻ ഓൺലൈൻ മാർഗങ്ങളാണ് തെരഞ്ഞെടുത്തത് (2025ൽ ഇത് 50 ശതമാനമായിരുന്നു).

റീട്ടെയിൽ പേയ്മെന്‍റുകളുടെ കാര്യത്തിൽ ഓൺലൈൻ, ഓഫ്‌ലൈൻ രീതികൾ തുല്യ നിലയിലാണ് (രണ്ടും 49% വീതം). പലചരക്ക് സാധനങ്ങളും മരുന്നുകളും വാങ്ങുന്നതിൽ ഓഫ്‌ലൈൻ തന്നെയാണ് മുന്നിൽ. 82 ശതമാനം ആളുകളും ഈ ആവശ്യങ്ങൾക്കായി ഇന്നും ഓഫ്‌ലൈൻ കടകളെയാണ് ആശ്രയിക്കുന്നത്.

ഓൺലൈൻ ആപ്പുകളേക്കാൾ വേഗതയും വിശ്വാസ്യതയും പരിചയവുമുള്ള തദ്ദേശീയ കടകളെയാണ് നിത്യോപയോഗ ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾ കൂടുതൽ വിശ്വസിക്കുന്നത്. ഗാർഹികോപകരണങ്ങൾ വാങ്ങുന്നതിൽ ചെറിയ തോതിൽ ഓൺലൈൻ സ്വാധീനം കൂടിയിട്ടുണ്ട് (ഓഫ്‌ലൈൻ മുൻഗണന 84 ശതമാനത്തിൽ നിന്ന് 80 ശതമാനമായി കുറഞ്ഞു).

ഡിജിറ്റൽവത്കരണം

ഉപഭോക്താക്കൾ എല്ലാ ഷോപ്പിങ് പേയ്മെന്‍റും ഒറ്റയടിക്ക് ഓൺലൈനിലേക്ക് മാറ്റുന്നില്ലെന്നതാണ് ഈ പഠനം വ്യക്തമാക്കുന്നത്. ഇടപാടുകളുടെ സ്വഭാവത്തിനനുസരിച്ചാണ് ആളുകൾ ചാനലുകൾ തെരഞ്ഞെടുക്കുന്നത്.

വായ്പകൾ ഓൺലൈനിലൂടെ എടുക്കാൻ ആളുകൾ താൽപ്പര്യപ്പെടുമ്പോൾ, ബിൽ പേയ്മെന്‍റുകൾക്കായി ഓഫ്‌ലൈൻ രീതിയാണ് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്. 17 നഗരങ്ങളിലെ താഴെത്തട്ടിലുള്ള ഉപഭോക്താക്കളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ പഠന റിപ്പോർട്ട്.

Tags:    
News Summary - Study shows India's digital shopping habits are changing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.