പ്രകൃതി ദുരന്തങ്ങളിൽ കർഷകർക്ക് കൈത്താങ്ങ്; കൃഷിവകുപ്പിന്റെ സംസ്ഥാനതല ഹെൽപ് ലൈനും നിരീക്ഷണ കേന്ദ്രവും ആരംഭിച്ചു

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് വേഗത്തിൽ നഷ്ടപരിഹാരവും കൃത്യമായ മാർഗനിർദേശവും ഉറപ്പാക്കാൻ കൃഷിവകുപ്പ്. കൃഷി ഡയറക്ടറേറ്റിലും എല്ലാ ജില്ല ആസ്ഥാനങ്ങളിലും പ്രത്യേക ഹെൽപ് ലൈൻ സംവിധാനവും സംസ്ഥാനതല നിരീക്ഷണ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. പ്രകൃതിക്ഷോഭ ദുരിതങ്ങൾക്കിടയിൽ കർഷകർക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ നടപടി.

സംസ്ഥാനത്തെ കൃഷിനാശ റിപ്പോർട്ടുകൾ, അപേക്ഷകളുടെ നിലവാരം, നഷ്ടപരിഹാര വിതരണം എന്നിവ ഇനിമുതൽ സംസ്ഥാന തലത്തിൽ നേരിട്ട് വിലയിരുത്തും. എയിംസ് പോർട്ടൽ വഴിയുള്ള അപേക്ഷകളുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനുള്ള ഡേറ്റ ബേസും ഇതിനോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രീകൃത നിരീക്ഷണ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു.

പ്രകൃതിക്ഷോഭമുണ്ടായാൽ കൃഷിഭവൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി നഷ്ടം വിലയിരുത്തി 24 മണിക്കൂറിനുള്ളിൽ എഫ്.ഐ.ആർ തയാറാക്കി എയിംസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. സംസ്ഥാന വിള ഇൻഷുറൻസ് ആനുകൂല്യത്തിന് കർഷകർ 15 ദിവസത്തിനകം എയിംസ് പോർട്ടൽ വഴി അപേക്ഷിക്കണം. പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിനായി 10 ദിവസത്തിനകം പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

നിലവിൽ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ നഷ്ടപരിഹാരം എന്നിവയുടെ വിതരണത്തിൽ വലിയ കാലതാമസം നേരിട്ടിരുന്നു. അതിന് പരിഹാരമായാണ് പുതിയ മാറ്റം. പ്രകൃതിക്ഷോഭം, രോഗ-കീടബാധ, വന്യജീവി ആക്രമണം എന്നിവ നേരിടുന്ന കർഷകർക്ക് പദ്ധതി ഏറെ പ്രയോജനപ്പെടും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നുള്ള വിഹിതവും, പ്രകൃതിക്ഷോഭങ്ങൾക്കായുള്ള അടിയന്തര സഹായ പദ്ധതി വഴിയുള്ള തുകയും പുതിയ സംവിധാനത്തിലൂടെ വേഗത്തിൽ ലഭ്യമാക്കും. ഇതിനായി സംസ്ഥാന-ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിലെ കർഷകർക്ക് കാർഷിക സംബന്ധമായ സംശയങ്ങൾക്കും പരാതികൾക്കുമായി ബന്ധപ്പെടാവുന്ന ഔദ്യോഗിക സംസ്ഥാന ഹെൽപ്പ് ലൈൻ നമ്പറുകൾ താഴെ നൽകിയവയാണ്.

  • കർഷക കോൾ സെന്റർ (ടോൾ ഫ്രീ നമ്പർ): 1800-425-1661
  • കേന്ദ്രീകൃത കിസാൻ കോൾ സെന്റർ (ടോൾ ഫ്രീ): 1800-180-1551 അഥവാ 1551
  • കൃഷി വകുപ്പ് ഹെൽപ്പ് ലൈൻ (AIMS): 0471-2968122, 0471-2309122
Tags:    
News Summary - To help farmers in natural disasters; State-level helpline and monitoring center of the Agriculture Department launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.