കൊല്ലം: മൺസൂൺ മഴയിൽ ജില്ലയിലാകെ ‘ഒഴുകിപ്പോയത്’ ഒരു കോടിയോളം രൂപയുടെ കൃഷി. കഴിഞ്ഞ ജൂൺ ഒന്ന് മുതൽ ജൂലൈ 22 വരെ 99.45 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ജില്ലയിലെ കർഷകർ നേരിട്ടത്. ആകെ 14.24 ഹെക്ടർ കൃഷിസ്ഥലത്തെ വിളവ് ആണ് ഇക്കാലയളവിൽ നശിച്ചത്.
646 കർഷകർ ലാഭം പ്രതീക്ഷിച്ചിടത്ത് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ നിലയിൽ എത്തി. മൺസൂൺ തിമിർത്തുപെയ്ത ജൂണിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. 84.01 ലക്ഷം രൂപയുടെ കൃഷിനാശം ജൂണിൽ മാത്രം ഉണ്ടായി. താരതമ്യേന മഴ കുറഞ്ഞ ജൂലൈയിൽ ഇതുവരെ 15.45 ലക്ഷം രൂപയാണ് കർഷകർക്ക് നഷ്ടമായത്.
വാഴ കർഷകരാണ് മഴയിൽ കൂടുതൽ നാശം നേരിട്ടത്. വിളവെടുപ്പിന് പാകമായതും അല്ലാത്തതുമായ കുലച്ച വാഴകളാണ് കൂട്ടത്തിൽ ഭൂരിഭാഗവും നശിച്ചത് എന്നത് നഷ്ടത്തിന്റെ ആക്കം കൂട്ടുന്നു. കുലച്ച വാഴകളുടെ നഷ്ടം മാത്രം കണക്കാക്കിയാൽ 64.59 ലക്ഷം രൂപയാണ് ജില്ലയിലെ കർഷകർക്ക് കൈമോശം വന്നത്. കാറ്റിലും മഴയിലും 10765 കുലച്ച വാഴകൾ ആണ് 4.31 ഹെക്ടറിൽ ആയി ഒടിഞ്ഞുതൂങ്ങിയത്. 292 കർഷകരുടെ പരിശ്രമമാണ് മഴയിൽ പാഴായത്. കുലക്കാത്ത വാഴകൾ നശിച്ചതിൽ 29.20 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടായത്. 212 കർഷകരുടെ കൃഷി നശിച്ചു. 2.92 ഹെക്ടറിൽആയി 7300 വാഴകൾ ആണ് നശിച്ചത്.
വാഴകൃഷി കഴിഞ്ഞാൽ കിഴങ്ങുവർഗ വിളകളിലാണ് നാശനഷ്ടം കൂടുതൽ. പച്ചക്കറി, നാളികേരം, റബർ, നെല്ല്, വെറ്റില, മരിച്ചീനി എന്നിങ്ങനെ വിവിധയിനം കൃഷികളിൽ കർഷകർ നാശം നേരിട്ടു. ജൂണിലും ഏറ്റവും കൂടുതൽ കൃഷി നശിച്ചത് വാഴ കർഷകരുടേതാണ്. 12.61 ഹെക്ടറിലാണ് ജൂണിൽ കൃഷി നശിച്ചത്. 598 കർഷകരെ ആ മാസത്തിൽ മൺസൂൺ ബാധിച്ചു.
കുലച്ചവാഴകൾ നശിച്ചതിൽ 54.51 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 24.40 ലക്ഷം രൂപ കുലക്കാത്ത വാഴകൾ നശിച്ചതിലും നഷ്ടമുണ്ടായി. ജൂലൈയിൽ 1.62 ഹെകട്റിൽ കൃഷി നശിച്ചതിൽ 48 കർഷകർക്കാണ് ദുരിതം നേരിട്ടത്. കുലച്ചതും കുലക്കാത്തതുമായ വാഴകൾ നശിച്ചതിൽ 14.88 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.