ചങ്ങരംകുളം: ഏറെ ഔഷധ ഗുണമുള്ള നെല്ലിനമായ രക്തശാലി നെൽകൃഷിയുടെ പ്രാരംഭ പ്രവൃത്തികൾ പൂർത്തിയാക്കി നടീൽ ആരംഭിച്ചു. എറവറാംകുന്ന് പൈതൃക കർഷക സംഘത്തിന്റെ കീഴിലാണ് കൃഷി ആരംഭിച്ചത്. ഈ വർഷവും രക്തശാലി കൃഷി വിപുലപ്പെടുത്താനാണ് പൈതൃക കർഷക കൂട്ടായ്മയുടെ തീരുമാനം. വിഷരഹിത കൃഷിരീതിയിലൂടെ പൈതൃക കർഷക സംഘം നെല്ലും പച്ചക്കറിയും പഴവർഗങ്ങളും കൃഷി ചെയ്തുവരുന്നു.
നിരവധി ഔഷധ ഗുണങ്ങളുള്ള ഈ നെല്ലിനം കൃഷി ചെയ്ത് അരിയാക്കി ചങ്ങരംകുളത്തെ പൈതൃക ഇക്കോ ഷോപ്പിലൂടെയാണ് വിപണനം നടത്തുന്നത്. വിത്ത് ആവശ്യം ഉള്ളവർക്കും നൽകുന്നുണ്ട്. ഒന്നര ഏക്കറിൽ ആണ് ഈ വർഷം കൃഷി ചെയ്യുന്നത്.
രക്തശാലി നെൽവിത്ത് വിതച്ച് ഞാറുകളാക്കിയാണ് നടീൽ നടത്തുന്നത്. രക്തശാലി അരിയുടെ ഉപയോഗത്തിലൂടെ രക്തകോശങ്ങളുടെ ഉൽപാദനം വർധിക്കുകയും വിളർച്ച പരിഹരിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുകയും കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഉപകരിക്കുകയും ചെയ്യുന്നു. പ്രമേഹം, കാൻസർ സാധ്യത കുറയ്ക്കാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഈ അരി നല്ലതാണ്.
പൈതൃക കർഷക സംഘം ഇതുകൂടാതെ ഔഷധ നെല്ലിനമായ കറുത്ത നവര, നവര, എന്നിവയും 14 ഏക്കറിൽ പൗർണമി നെല്ലിനവും കൃഷി ചെയ്യുന്നുണ്ട്. വിത്തിനും അരിക്കും 919947890889, 9400212928 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.