വൈക്കം കുലശേഖരമംഗലം നളന്ദയിൽ സുന്ദരൻ കുലശേഖരമംഗലത്ത് നടത്തിയ കണിമത്തൻ വിളവെടുപ്പ് ഉദ്ഘാടനം
മറൻവതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ് നിർവഹിക്കുന്നു
മറവൻതുരുത്ത്: വിഷുവിന് കണിയൊരുക്കാൻ കണി മത്തൻ വിളയിച്ച് സുന്ദരൻ നളന്ദ. വൈക്കം കുലശേഖരമംഗലം നളന്ദയിൽ സുന്ദരൻ കർണാടകയിൽ വ്യാപകമായി കൃഷിചെയ്യുന്ന കണിമത്തൻ (ഡിസ്കോ മത്തൻ) പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്താണ് തിളക്കമാർന്ന വിജയം നേടിയത്. കായ്ക്കുമ്പോൾ മഞ്ഞ നിറമുള്ള കണിമത്തൻ മൂപ്പെത്തുമ്പോൾ ഓറഞ്ച് നിറമാകും. 60ാം ദിവസം കായ്ച്ച് 30 ദിവസത്തിനകം മൂപ്പെത്തുന്ന കണ്ണിനും മനസിനും കുളിരു പകരുന്ന കണിമത്തൻ അടുത്ത വർഷം വിപുലമായി കൃഷി ചെയ്യാനാണ് സുന്ദരന്‍റെ തീരുമാനം. 50 വർഷമായി കാർഷിക രംഗത്ത് നിറസാന്നിധ്യമായ സുന്ദരൻ നളന്ദ ലാഭനഷ്‌ടങ്ങൾക്കപ്പുറം കൃഷിയെ നെഞ്ചിലേറ്റിയ കർഷകനാണ്.
കുലശേഖരമംഗലത്ത് പ്ലാക്കത്തറ വിജയന്റെ 64 സെന്റ് പുരയിടത്തിലാണ് കണിമത്തൻ കൃഷി ചെയ്തത്. മറവൻതുരുത്ത് പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹകരണത്തോടെ സമ്മിശ്രകൃഷി നടത്തുന്ന സുന്ദരന് കൃഷി വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.വിളവെടുപ്പ് മറൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പി.ആർ. ശരത്കുമാർ, സീമ ബിനു, മറവൻതുരുത്ത് കൃഷി അസിസ്റ്റന്റ് കെ.സി. മനു, കർഷകരായ എ.ഡി. രാജപ്പൻ അരുൺ ഭവനം, സജി തട്ടാന്‍റെതറ, വിജയൻ പ്ലാക്കത്തറ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.