ദിലീപ് കുമാർ വിളവെടുത്ത ഭീമൻ മരച്ചീനിയുമായി
ഭീമൻ മരച്ചീനി വിളവെടുത്ത് ദിലീപ് കുമാർ; ഒരു ചുവടിൽ ലഭിച്ചത് 43 കിലോഗ്രാം
വേലൂർ: മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയ വേലൂരിലെ ദിലീപ് കുമാറിന്റെ തോട്ടത്തിലെ ഒരു ചുവടിൽ വിളഞ്ഞത് 43 കിലോഗ്രാം തൂക്കമുള്ള മരച്ചീനി. നീലൻ ഇനത്തിലുള്ള മരച്ചീനിയിൽ നിന്നാണ് ഈ വിളവ് ലഭിച്ചത്.
ആറു വർഷത്തിലധികമായി ഇദ്ദേഹം ഈ ഇനം കൃഷി ചെയ്യാൻ തുടങ്ങിയിട്ട്. കൂമ്പു പറമ്പൻ, രാമന്തല എന്നീ ഇനം മരച്ചീനികളും കൃഷി ചെയ്യുന്നുണ്ട്. നീലൻ വിഭാഗത്തിലുള്ളതിൽനിന്ന് മുൻവർഷം ഒരു ചുവടിൽനിന്ന് 32 കിലോ വിളവ് ലഭിച്ചിരുന്നു.
ഈ വർഷം ആയിരത്തിലധികം ചുവട് മരച്ചീനിയാണ് കൃഷി ചെയ്തത്. വർഷങ്ങളായി വിവിധ വിളകൾ കൃഷി ചെയ്യുന്ന കർഷകനാണ് ദിലീപ് കുമാർ. വേലൂർ കിരാലൂർ പെരുമ്പള്ളിപ്പാട്ട് ഫൈസലിന്റെ 14 ഏക്കർ സ്ഥലത്ത് വാഴ, ഇഞ്ചി, കൂർക്ക, പയർ, പാവക്ക, പച്ചമുളക്, പൊടി കിഴങ്ങ്, കാവത്ത്, കുക്കുംബർ, മത്തൻ, ചേന, കരിമ്പ് തുടങ്ങി നിരവധി വിളകളാണ് കൃഷി ചെയ്യുന്നത്. ഒരു ഏക്കർ സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും നെൽകൃഷിയും ചെയ്യുന്നുണ്ട്. വേലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായ ഭാര്യ ഷേർളി ദിലീപ് കുമാറും മകൻ അശ്വത്തും കൃഷിയിൽ ദിലീപ് കുമാറിനെ സഹായിക്കാൻ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.