മലബാർ വേപ്പ്

10 വർഷം കൃഷി ചെയ്താൽ ഒരു കോടിയിലധികം വരുമാനം; അധികമാരും ചെയ്തുനോക്കാത്ത ഈ കൃഷിയെക്കുറിച്ചറിയാം

10 വർഷം കൊണ്ട് ഒരു കോടിയോളം ആദായം ലഭിക്കുന്ന ഒരു കൃഷിയാണോ നിങ്ങൾ അന്വേഷിക്കുന്നത്. എങ്കിൽ മലബാർ വേപ്പെന്നും മലായ് വെമ്പെന്നുമൊക്കെ അറിയപ്പെടുന്ന മെലിയ ദുബിയ നല്ലൊരു ചോയ്സാണ്. വളരെ പെട്ടെന്ന് തന്നെ വളരുമെന്ന് മാത്രമല്ല ഏതു കാലാവസ്ഥയിലും അധികം കീടങ്ങളുടെ ആക്രമണമേൽക്കാതെ ആരോഗ്യത്തോടെ വളരുന്നവയാണ് ഈ മരങ്ങൾ. പ്ലൈവുഡ് പേപ്പർ വ്യവസായ മേഖലയിൽ പ്രധാന ഘടകമാണ് മലബാർ വേപ്പിന്‍റെ തടിയുടെ പൾപ്പ്. തീപ്പെട്ടികൾ, പെൻസിലുകൾ, സംഗീതോപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ അടക്കമുള്ളവ ഇവകൊണ്ട് നിർമിക്കുന്നുണ്ട്.

നിങ്ങൾക്ക് ലഭ്യമായ സ്ഥലത്തിന്‍റെ അളവനുസരിച്ച് പേപ്പർ പൾപ്പിനു വേണ്ടിയോ തടിക്ക് വേണ്ടിയോ തൈകൾ നടാം. പൾപ്പിനു വേണ്ടിയാണെങ്കിൽ ഒരേക്കറിൽ 1000 ചെടികൾ വരെ നടണം. മൂന്ന് മുതൽ 5 വർഷം വരെ വളർച്ചയെത്തുമ്പോൾ വിളവെടുക്കാം. തടിക്ക് വേണ്ടിയാണെങ്കിൽ ഒരേക്കറിൽ 110 എണ്ണം എന്ന കണക്കിൽ കുറച്ച് തൈകളേ നടാവൂ. ഇത് 5 മുതൽ 7 വർഷം വരെയാകുമ്പോൾ വിളവെടുക്കാം. ഏത് രീതി തിരഞ്ഞെടുത്താലും ലാഭം ഉറപ്പാണ്.

മലബാർ വേപ്പിന്റെ ഒരു മരത്തിന് ആറ് വർഷം കൊണ്ട് 7,000 രൂപ വരെ വരുമാനം ലഭിക്കും. ഒരു ഏക്കറിൽ 350 മരങ്ങൾ നട്ടുപിടിപ്പിച്ചാൽ ഏകദേശം 10 ക്വിന്റൽ തടി ഉത്പാദിപ്പിക്കാൻ കഴിയും. ഇത് 24 ലക്ഷത്തിലധികം രൂപ വരുമാനം നേടിത്തരും.  വർഷം കൂടുന്തോറും ലാഭവും കൂടും.

പത്താം വർഷമാകുമ്പോഴേക്കും മലബാർ വേപ്പിന്‍റെ തടി ഫർണിച്ചർ കമ്പനികൾക്ക് ചതുരശ്ര അടിക്ക് ഏകദേശം 1,000 രൂപയ്ക്ക് വിൽക്കാനാകും. വിൽക്കുന്ന സമയത്തെ മാർക്കറ്റ് വിലയനുസരിച്ച് വിലയിൽ വ്യത്യാസം വരും. പൂർണ വളർച്ചയെത്തിയ ഒരു മരത്തിൽ നിന്ന് 30 - 50 ചതുരശ്ര അടി തടി ലഭിക്കും. ഇതിന് ഏകദേശം 30,000 രൂപ വില വരും. ഒരേക്കറിൽ ഏക്കറിൽ 350 മരങ്ങൾ ഉണ്ടെങ്കിൽ ഒരു ദശാബ്ദത്തിനുള്ളിൽ കർഷകർക്ക് ഒരു കോടി രൂപയിലധികം സമ്പാദിക്കാൻ കഴിയും.

പടർന്നു പന്തലിക്കില്ല എന്നതാണ് മലബാർ വേപ്പിന്‍റെ ഏറ്റവും വലിയ നേട്ടം. അതു കൊണ്ട് തന്നെ മറ്റു ചെടികളും ഇവക്കൊപ്പം കൃഷി ചെയ്യാം. പക്ഷേ വേരുകൾ ഏറെ ദൂരം സഞ്ചരിക്കുമെന്നതിനാൽ മറ്റു ചെടികൾക്ക് വേണ്ട പോഷകങ്ങൾ വലിച്ചെടുക്കും. കപ്പലണ്ടി, ഗ്രീൻ പീസ് തുടങ്ങിയവയാണ് പ്രധാനമായും മലബാർ വേപ്പിനൊപ്പം കൃഷി ചെയ്യാറ്. ജാതി, തെങ്ങ്, തേക്ക് എന്നിവക്കൊപ്പവും ഇവ കൃഷി ചെയ്യാം. രണ്ട് വർഷം കൊണ്ട് തന്നെ 40 അടി വളരുന്നവയാണ് മലബാർ വേപ്പ്. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലാണ് മലബാർ വേപ്പ് പ്രധാനമായും കൃഷി ചെയ്യുന്നത്.

Tags:    
News Summary - article about Melia Dubia plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.