കാർഷികമേഖലയിലൂടെ ദക്ഷിണേഷ്യയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും -വേൾഡ് ബാങ്ക് ഗ്രൂപ്

അഹമ്മദാബാദ്: ഭക്ഷ്യസംസ്കരണം, സംഭരണം, ലോജിസ്റ്റിക്സ് തുടങ്ങിയ അനുബന്ധ മേഖലകൾ വിപുലമാക്കുന്നതിലൂടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് വേൾഡ് ബാങ്ക് ഗ്രൂപ്. നിലവിൽ ദക്ഷിണേഷ്യയിലെ തൊഴിൽമേഖലയുടെ 43 ശതമാനവും കൃഷിയെ ആശ്രയിച്ച് നിലനിൽക്കുന്നതുകൊണ്ടുതന്നെ ആഗോള ഭക്ഷ്യശൃംഖലയിൽ വൻശക്തിയായി മാറാൻ ഈ മേഖലക്ക് സാധിക്കുമെന്നും വേൾഡ് ബാങ്ക് വ്യക്തമാക്കി. കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള 'സാപ്ലിങ്' പദ്ധതിയുടെ ഭാഗമായി അഹമ്മദാബാദിൽ സംഘടിപ്പിച്ച ചർച്ചയിലാണ് ഈ വിലയിരുത്തൽ.

ഏകദേശം 700 ബില്യൺ യു.എസ് ഡോളർ മൂല്യമുള്ളതാണ് ദക്ഷിണേഷ്യയിലെ കാർഷിക മേഖലയെങ്കിലും, പ്രദേശത്തിന്റെ ആകെ ആഭ്യന്തര ഉൽപാദനത്തിലേക്ക് (ജി.ഡി.പി) ഇത് വെറും 16 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിളവെടുപ്പിന് ശേഷമുള്ള ഭക്ഷ്യവിഭവങ്ങളുടെ നഷ്ടമാണ്. ദക്ഷിണേഷ്യയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ 30 ശതമാനത്തിലധികവും ഓരോ വർഷവും പാഴായിപ്പോകുകയോ നശിക്കുകയോ ചെയ്യുന്നു. ഏതാണ്ട് 30 കോടി ജനങ്ങൾക്ക് ആഹാരം നൽകാൻ തികയുന്ന അളവാണിത്. കേവലം കൃഷിയിടങ്ങളിൽ ഒതുങ്ങാതെ, അതിനപ്പുറത്തേക്ക് ഭക്ഷ്യസംവിധാനങ്ങളെ അടിമുടി പരിഷ്കരിച്ചാൽ മാത്രമേ ദാരിദ്ര്യനിർമാർജനവും സാമ്പത്തിക വളർച്ചയും വൻതോതിലുള്ള നിക്ഷേപങ്ങളും സാധ്യമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.

ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും ചർച്ചയിൽ പ്രശംസിക്കപ്പെട്ടു. 1950-51 കാലഘട്ടത്തിൽ 51 ദശലക്ഷം ടണ്ണായിരുന്ന ഇന്ത്യയിലെ ഭക്ഷ്യധാന്യ ഉൽപ്പാദനം നിലവിൽ 330 ദശലക്ഷം ടണ്ണിലധികമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി 4.9 ബില്യൺ ഡോളറിൽനിന്ന് 10 ബില്യൺ ഡോളറായി വർധിച്ചു. നിലവിൽ രാജ്യത്തെ നിർമാണ മേഖലയുടെ മൂല്യവർധനവിൽ 9 ശതമാനവും കയറ്റുമതിയുടെ 13 ശതമാനവും ഭക്ഷ്യസംസ്കരണ മേഖലയുടെ പങ്കാണ്. എങ്കിലും ആകെ തൊഴിലവസരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ മേഖലയിലെ പങ്കാളിത്തം ഇപ്പോഴും കുറവാണ്. വലിയൊരു പങ്ക് കാർഷിക ഉൽപ്പന്നങ്ങളും ഇപ്പോഴും സംസ്കരിക്കപ്പെടാതെയാണ് വിപണിയിലെത്തുന്നത്.

ഈ ലക്ഷ്യങ്ങൾ മുൻനിർത്തി വേൾഡ് ബാങ്ക് ഗ്രൂപ്പ് 'അഗ്രികണക്റ്റ്', 'സാപ്ലിങ്' എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിൽ അഗ്രികണക്റ്റ് പദ്ധതി വഴി 2030-ഓടെ ആഗോളതലത്തിൽ 30 കോടി കർഷകരെ നേരിട്ട് വിപണിയുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനം, നയപരമായ പരിഷ്കാരങ്ങൾ, സ്വകാര്യ നിക്ഷേപം ഉറപ്പാക്കൽ എന്നിവയിലൂടെയാണ് ഇത് നടപ്പാക്കുക. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ഈ പദ്ധതികളുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Agriculture sector can create millions of jobs in South Asia - World Bank Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.