സൗത്ത് പനമണ്ണയിലെ നഗരസഭ മാലിന്യ സംസ്കരണ പ്ലാൻറിനോട് ചേർന്നുള്ള ചെണ്ടുമല്ലി തോട്ടം


കോടികൾ ചിലവഴിച്ച് മാലിന്യം നീക്കം ചെയ്തു; ട്രഞ്ചിങ് ഗ്രൗണ്ടിനെ മനോഹരമാക്കി ചെണ്ടുമല്ലി കൃഷി

ഒറ്റപ്പാലം: സൗത്ത് പനമണ്ണ ട്രഞ്ചിങ് ഗ്രൗണ്ടിലെ ‘മാലിന്യമല’യിൽനിന്നുള്ള ദുർഗന്ധം പഴങ്കഥ. നഗരസഭയുടെ അധീനതയിലുള്ള ഇവിടെ നിന്നും ഇപ്പോൾ ഉയരുന്നത് ചെണ്ടുമല്ലിയുടെ സുഗന്ധം. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ഹരിതകർമ്മ സേനയും മുന്നിട്ടിറങ്ങി ചെയ്ത ചെണ്ടുമല്ലി കൃഷിയാണ് മാറ്റങ്ങൾക്ക് കാരണമായത്. മഞ്ഞയും ചുവപ്പും നിറങ്ങളിലാറാടി നിൽക്കുന്ന ചെണ്ടുമല്ലിയുടെ ചന്തം കൺകുളിർമയേകും. വാർഡുകളിൽനിന്നും സംസ്കരണ പ്ലാന്റിൽ നിത്യേന എത്തിക്കുന്ന മാലിന്യങ്ങൾ തരം തിരിക്കുന്ന തിരക്കിനിടയിലും ചെണ്ടുമല്ലി ചെടികൾക്കിടയിലെ കളകൾ പറിച്ചുനീക്കാനും ചെടികൾക്ക് വെള്ളം നനക്കാനും ഹരിതകർമ്മ സേനാംഗങ്ങൾ സമയം കണ്ടെത്തിയതിന്റെ നേർസാക്ഷ്യം കൂടിയാണ് ഉദ്യാനഭംഗി. സ്ഥിരമായി അഞ്ച് തൊഴിലാളികൾ പ്ലാന്റിലുണ്ട്. റോട്ടേഷൻ ഡ്യൂട്ടിയിൽ പത്ത് പേരെത്തും. ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ മഹിമക്കാണ് ചുമതല.

മൂക്ക് പൊത്താതെ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെത്താൻ കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. 1990 മുതൽ കുമിഞ്ഞുകൂടിയ മാലിന്യ മല തന്നെയായിരുന്നു ഇവിടെ. ആധുനിക സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭയെടുത്ത തീരുമാനമാണ് തുണയായത്. 14,145 ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്യാനുണ്ടെന്നായിരുന്നു അക്കലത്തെ കണക്കെടുപ്പിൽ കണ്ടെത്തിയത്. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ മണ്ണിനടിയിൽ പത്ത് പന്ത്രണ്ട് അടിയോളം താഴ്‌ചയിൽ മാലിന്യമുള്ളതായി കണ്ടെത്തുകയും 45,000 നും 50,000 ഇടയിൽ ക്യുബിക് മീറ്റർ മാലിന്യം ഉള്ളതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോടികളാണ് മാലിന്യ നീക്കത്തിനായി നഗരസഭ വകയിരുത്തിയിരുന്നത്. ഏഴോ എട്ടോ മാസം മുമ്പാണ് ചെണ്ടുമല്ലി കൃഷിയെന്ന ആശയത്തിന് വിത്തിട്ടത്.

Tags:    
News Summary - From Garbage Mountain To Garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.