മഴക്കുറവ്; രാജ്യത്ത് അരി ഉൽപാദനം വലിയ തോതിൽ കുറയുമെന്ന് റിപ്പോർട്ട്

മുംബൈ: മഴക്കുറവിനെ തുടർന്ന് ഈ വർഷം ഇന്ത്യയുടെ അരി ഉത്പാദനം കുറയുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. വിളവെടുപ്പ് കാലത്തെ മഴക്കുറവ് കാർഷിക വിളകളുടെ ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തെ റെക്കോഡ് ഉത്പാദനമായ 154 ദശലക്ഷം ടണ്ണിൽ നിന്ന് ഏകദേശം 10 ദശലക്ഷം ടണ്ണിന്റെ കുറവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 2009-10 ലെ വരൾച്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിതെന്ന് റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പറഞ്ഞു. രാജ്യത്ത് മൺസൂൺ കാലത്ത് സാധാരണയേക്കാൾ 15 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ചില പ്രധാന അരി ഉത്പാദന സംസ്ഥാനങ്ങളിൽ ഇത് 42 ശതമാനം വരെയാണെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഉത്പാദനം കുറയുമെന്ന ആശങ്കയെത്തുടർന്ന് ആഭ്യന്തര വിപണിയിൽ അരി വില ഉയർന്നുതുടങ്ങിയിട്ടുണ്ട്.

അതേസമയം, ഉത്പാദനം കുറയുമെങ്കിലും മുൻ വർഷങ്ങളിലെ റെക്കോഡ് വിളവെടുപ്പിലൂടെ സമാഹരിച്ച വൻ കരുതൽ ശേഖരം ഇന്ത്യയ്ക്ക് ആശ്വാസമാകും. നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ തന്നെ റെക്കോഡ് അളവിൽ അരി കയറ്റുമതി ചെയ്യാൻ ഇത് സഹായിക്കുമെന്നും പറയപ്പെടുന്നു. സെപ്റ്റംബർ ഒന്നിലെ കണക്കുകൾപ്രകാരം സർക്കാറിന്റെ പക്കലുള്ള അരിയുടെ കരുതൽ ശേഖരം 59.6 ദശലക്ഷം ടണ്ണിലെത്തിയിട്ടുണ്ട്. ഒക്ടോബർ ഒന്നോടെ സർക്കാറിന്റെ ലക്ഷ്യം 10.3 ദശലക്ഷം ടൺ മാത്രമായിരിക്കെയാണ് ഈ വൻ ശേഖരം.

ലോകത്തെ ഏറ്റവും വലിയ അരി ഉൽപാദകരും കയറ്റുമതിക്കാരുമായ ഇന്ത്യയിൽ ഉത്പാദനം കുറയുന്നത് ആഭ്യന്തര വിപണിയിൽ വില വർധനവിന് ഇടയാക്കും. തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ മറ്റ് കയറ്റുമതി രാജ്യങ്ങളിലും വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ അരിയുടെ കയറ്റുമതിച്ചെലവും ഉയർത്തും.

Tags:    
News Summary - Rain deficit to significantly impact India's rice production this year: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.