കോർപ്പറേറ്റ് കരിയർ വിട്ട് കാപ്സിക്കം കൃഷി; എം.ബി.എ ബിരുദധാരിയുടെ വാർഷിക വരുമാനം കോടികൾ
മഹാരാഷ്ട്ര: കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് കാപ്സിക്കം കൃഷിയിലേക്ക് തിരിഞ്ഞ എം.ബി.എ ബിരുദധാരി നേടിയത് നാലു കോടി രൂപയുടെ വാർഷിക വിറ്റുവരവ്. മഹാരാഷ്ട്രയിലെ ജുന്നാർ സ്വദേശിയായ പ്രണിതയാണ്, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആധുനിക കൃഷിരീതിയിലൂടെ കാർഷികരംഗത്ത് ഈ വൻ വിജയം കൈവരിച്ചത്.
പ്രമുഖ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടി.ഐ.എസ്.എസ്) നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പ്രണിത, ഫുഡ് പ്രോസസ്സിങ് മേഖലയിലെ ഇന്റേൺഷിപ്പ് പരിചയത്തിൽ നിന്നാണ് കാർഷിക സംരംഭകത്വത്തിലേക്ക് ആകർഷിക്കപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ച് സ്ഥിരതയുള്ള വരുമാനം ഉറപ്പാക്കാൻ ആധുനിക പോളിഹൗസ് സംവിധാനമാണ് പ്രണിത ഉപയോഗിക്കുന്നത്.
വിപണിയിൽ വർഷം മുഴുവൻ ഉയർന്ന ഡിമാൻഡ് ലഭിക്കുന്ന പച്ചക്കറിയാണ് കാപ്സിക്കം. 2020-ൽ കോവിഡ് ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ഒരു ഏക്കർ ഭൂമിയിൽ ആരംഭിച്ച ഈ സംരംഭത്തിനായി 20 ലക്ഷം രൂപ സ്വന്തമായും ബാക്കി തുക സർക്കാർ സബ്‌സിഡി വഴിയുമാണ് സമാഹരിച്ചത്. ലോക്ക്ഡൗൺ പ്രതിസന്ധികൾക്കിടയിലും ആദ്യ വിളവെടുപ്പിൽ തന്നെ 40 ടൺ കാപ്സിക്കം ഉത്പാദിപ്പിക്കുകയും ഒന്നാം വർഷം 32 ലക്ഷം രൂപയുടെ വിറ്റുവരവ് നേടുകയും ചെയ്തു. നിലവിൽ നാല് കോടി രൂപയാണ് പ്രണിതയുടെ കാപ്സിക്കം ബിസിനസ്സിന്റെ ആകെ വിറ്റുവരവ്. ഇതിൽ 2.25 കോടി രൂപ അറ്റലാഭമാണ്. നാസിക്, ദാദർ, ജയ്പൂർ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ മൊത്തവ്യാപാരികൾക്ക് നേരിട്ടാണ് നിലവിൽ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. പരമ്പരാഗത രീതികളിൽ നിന്ന് മാറി ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാൽ കൃഷിയും മികച്ച ബിസിനസ്സ് വിജയമാക്കാമെന്ന് തെളിയിക്കുന്നതാണ് ഈ യുവസംരംഭകയുടെ നേട്ടം.
യുവതലമുറ കോർപ്പറേറ്റ് ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കടുത്ത തൊഴിൽ സമ്മർദവും അമിതമായ ജോലിഭാരവും കാരണം ഐ.ടി ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് രാജി വെച്ചൊഴിയുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. കരിയറിലെ ഇത്തരം പ്രതിസന്ധികളിൽ ഉഴലുന്ന യുവാക്കൾക്ക് മുമ്പിൽ, സ്വന്തം കഴിവും വിദ്യാഭ്യാസവും മണ്ണിലിറക്കി വിജയം കൊയ്ത ഈ യുവതി ഒരു മികച്ച മാതൃകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.