കൊച്ചി: കാർഷിക വ്യവസായവുമായി ബന്ധപ്പെട്ട് യുവാക്കളിൽ അറിവ് വളർത്തണമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ രാമചന്ദ്രൻ. കൃഷിക്ക് ഒപ്പം കളമശേരിയുടെ ഭാഗമായി നടക്കുന്ന ടി.വി.എസ് ജംഗ്ഷനിൽ നടക്കുന്ന കാർഷികോത്സവം 2023 വേദിയിൽ 'മൂല്യ വർധിത സംരംഭങ്ങളും കാർഷിക വികസനവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ വളരെയധികം ജൈവവൈവിധ്യമുള്ള സംസ്ഥാനമാണ് കേരളം. ലോകരാജ്യങ്ങൾ എല്ലാംതന്നെ അവരുടെ സമ്പന്നമായ ജൈവവൈവിധ്യം ഉപയോഗപ്പെടുത്തി വരുമാനം സൃഷ്ടിക്കുന്നുണ്ട്. കേരളവും ജൈവവൈവിധ്യത്തിൽ നിന്നും ഉദ്പാദനം നടത്തുന്നുണ്ടെങ്കിലും ഇവിടെ കാർഷിക വ്യവസായിക അടിത്തറയില്ല. നമ്മുടെ കാർഷിക വ്യവസായിക സമ്പത്ത് ജൈവ വൈവിധ്യ സമ്പത്തിന് ആനുപാതികമല്ല. ജൈവ വൈവിധ്യങ്ങളുടെ ഉത്പാദന രംഗത്തു വൻ സാധ്യതകളാണ് കേരളത്തിലുള്ളത്.
പുതിയ വിത്തിനങ്ങൾ ഉപയോഗിച്ചും ആധുനിക കൃഷിരീതികൾ മാതൃകയാക്കിയും കേരളത്തിലെ കാർഷിക മേഖലയിലെ വരുമാനവും ഉത്പാദനവും മെച്ചപ്പെടുത്താൻ സാധിക്കും. വ്യക്തമായ കാർഷിക നിർദ്ദേശങ്ങൾ നൽകി കർഷകരെ ശരിയായ ദിശയിൽ മുന്നോട്ട് നയിക്കണമെന്നും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് യുവാക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പരിശീലനം നൽകണം. ചെറുകിട സംരംഭക മേഖലയിൽ അഭിമാനകരമായ സാധ്യതകളാണ് വഴിതുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള വ്യവസായ നയം 2023 പ്രകാരം കേരളത്തെ സംരംഭങ്ങളുടെ പറുദീസയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും നിലവിൽ പ്രവർത്തിക്കുന്ന എല്ലാ സംരംഭങ്ങളും തുടർന്നു പോകുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് സെമിനാറിൽ പറഞ്ഞു. നബാർഡ് ഡി.ഡി.എം (ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് മാനേജർ) അജേഷ് ബാലു, കോളമിസ്റ്റ് ടി.എസ് ചന്ദ്രൻ എന്നിവർ കർഷകർക്ക് നിർദേശങ്ങൾ നൽകി.
കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കൃഷിക്ക് ഒപ്പം കളമശ്ശേരി കോ ഓഡിനേറ്റർ എം.പി വിജയൻ, തൃക്കാക്കര കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി.എസ്.എ കരീം, വെളിയത്ത്നാട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എസ്.ബി ജയരാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.