മത്സ്യക്കുഞ്ഞുങ്ങളെ
തീരത്ത് നിക്ഷേപിക്കുന്നു
ദോഹ: ഖത്തറിന്റെ തീരവും ഫാമുകളും മത്സ്യസമ്പന്നമാക്കി, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ റാസ് മത്ബഖിലെ അക്വാട്ടിക് റിസർച് സെന്ററിൽ മൂന്നു വർഷത്തിനിടെ ഉൽപാദിപ്പിച്ച് തീരങ്ങളിൽ നിക്ഷേപിച്ചത് 80 ലക്ഷത്തിലധികം മത്സ്യക്കുഞ്ഞുങ്ങൾ. ഖത്തറിലെ മത്സ്യകൃഷി രംഗത്തുണ്ടായ പുതുവിപ്ലവമാണിതെന്ന് അക്വാട്ടിക് റിസർച് സെന്റർ മേധാവി ഇബ്രാഹിം സൽമാൻ അൽ മുഹന്നദി പറഞ്ഞു.
ഖത്തർ സമുദ്രത്തിൽ തുറന്നുവിടാനും മത്സ്യഫാമുകൾക്ക് വിതരണം ചെയ്യാനുമായി പ്രാദേശിക മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പിനു കീഴിലെ കേന്ദ്രം പ്രവർത്തിക്കുന്നത്. 2020 മുതൽ 2022 വരെ 80 ലക്ഷത്തിലധികം മത്സ്യങ്ങളെയാണ് കേന്ദ്രത്തിൽ ഉൽപാദിപ്പിച്ചതെന്നും അവയിൽ 60 ലക്ഷത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെ ഖത്തർ സമുദ്രത്തിൽ തുറന്നുവിട്ടെന്നും അൽ മുഹന്നദി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് കടലിൽ പൊങ്ങിക്കിടക്കുന്ന കൂടുകളിലെ മത്സ്യകൃഷി പദ്ധതിയായ ‘സമക്ന’ക്കുവേണ്ടി 12 ലക്ഷം ഷാം മത്സ്യക്കുഞ്ഞുങ്ങളെയും 50,000 ഹമൂർ മത്സ്യക്കുഞ്ഞുങ്ങളെയും നൽകിയതായും അൽ റയ്യാൻ ടി.വിക്കു നൽകിയ അഭിമുഖത്തിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടി.അഗ്രിക്കോ ചെമ്മീൻ ഫാമിന് 14 ലക്ഷം ലാർവകളെയും നൽകി. മന്ത്രാലയത്തിനു കീഴിലെ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പ്രാദേശിക ഫാമുകൾക്കായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്.
ജി.സി.സിയിൽ ഏറ്റവും മികച്ച ഗുണനിലവാരത്തിൽ ഷാം, ഹമൂർ മത്സ്യങ്ങളെ ഉൽപാദിപ്പിക്കുന്നതിൽ ഖത്തറിലെ അക്വാട്ടിക് റിസർച് സെന്റർ വിജയിച്ചു. അൽ സാഫിയെയും സെബൈതിയും എന്നീ ഇനം മത്സ്യങ്ങളെ ഉൽപാദിപ്പിച്ചു. ഇനി അൽ ഷഗ്റ മത്സ്യം ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ് -അദ്ദേഹം വിശദീകരിച്ചു.
ഒരു വർഷത്തിനുള്ളിൽ മൂന്നു ലക്ഷം ഹമൂർ കുഞ്ഞുങ്ങളെ വളർത്തുന്നതിനായി അക്വാട്ടിക് സെന്റർ ഓപറേറ്റർമാരുമായി പുതിയ കരാർ ഒപ്പുവെച്ചതായും കടലിലേക്ക് തുറന്നുവിടാനാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളുടെ ആവശ്യകത വിലയിരുത്താൻ അടുത്ത മാസത്തോടെ ഗവേഷണ പദ്ധതി ആരംഭിക്കും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുക, കടലിൽ മത്സ്യസമ്പത്ത് ഉറപ്പാക്കുക, മത്സ്യഫാമുകൾക്ക് ആരോഗ്യത്തോടെയുള്ള മത്സ്യക്കുഞ്ഞുങ്ങളെ നൽകുകയെന്ന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ഗുണനിലവാരത്തോടെ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്താൽ മത്സ്യങ്ങൾക്കും ചെമ്മീനുകൾക്കുമായി രണ്ടു ഹാച്ചറികളാണുള്ളത്. ക്ലോസ്ഡ് ഇന്റൻസിവ് സിസ്റ്റം, റീസർക്കുലേറ്റിങ് അക്വാകൾചറൽ സിസ്റ്റം എന്നീ സാങ്കേതികവിദ്യയിൽ ഫിഷ് ഹാച്ചറിയും ബയോേഫ്ലാക്ക് സാങ്കേതികവിദ്യയിൽ ചെമ്മീൻ ഹാച്ചറിയുമാണ് പ്രവർത്തിക്കുന്നത്.
ഗൾഫ് മേഖലയിലെ ഹമൂർ മത്സ്യങ്ങളുടെ ഏറ്റവും വലിയ കൃഷിയിടമായി റാസ് മത്ബഖിലെ ജലഗവേഷണ കേന്ദ്രം മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉൽപാദനശേഷി വർധിപ്പിക്കാനായി വലിയ കുളങ്ങൾ നിർമിക്കുന്നതിനും ഗവേഷണ ആവശ്യങ്ങൾക്കായി മാതൃകാ ഫാമുകൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.