റബർ വില കുതിക്കുന്നു, 300 കടന്നേക്കും; ഉൽപാദനം കുറവായത് കർഷകർക്ക് തിരിച്ചടി

കോട്ടയം: കർഷക സ്വപ്നങ്ങളിൽ പച്ച പുതപ്പിച്ച് റബർ വില കുതിക്കുന്നു. ചരിത്രം കുറിച്ച് 300 രൂപ കടന്നേക്കുമെന്ന സൂചന നൽകിയാണ് വിലയിലെ കുതിപ്പ്. ഷീറ്റ് റബറിനും ലാറ്റക്സിനും റെക്കോഡ് വിലയ്ക്കാണ് വ്യാപാരം നടക്കുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയും തൊഴിലാളി ക്ഷാമവും കാരണം ഉൽപാദനം കുറവായതിനാൽ ഭൂരിഭാഗത്തിനും വിലവർധനയുടെ പ്രയോജനം ലഭ്യമാകാത്തത് കർഷക പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്.

മേന്മയേറിയ ആർ.എസ്.എസ് 4 ഇനം ഷീറ്റിന് വ്യാഴാഴ്ച 274 രൂപയായിരുന്നു റബർ ബോർഡ് വില. ആർ.എസ്.എസ് 5 ഗ്രേഡിന് കിലോയ്ക്ക് 270 രൂപയും തരംതിരിക്കാത്തതിന് 242 രൂപയുമാണ് വില. റബർ ബോർഡ് വിലയിലും മൂന്നും നാലും രൂപ കയറ്റി പ്രമുഖ വ്യാപാരികൾ ചരക്കെടുപ്പ് തുടരുന്നതാണ് വില ഇനിയും ഉയർന്നേക്കുമെന്ന പ്രതീക്ഷ നൽകുന്നത്. പ്രമുഖ ഉൽപാദക രാജ്യങ്ങളായ തായ്ലന്‍റ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് രാജ്യാന്തര വിപണിയിൽ റബറിന് പ്രിയമേറ്റുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പെട്രോളിയം വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും റബറിന്‍റെ ഡിമാന്‍റ് ഉയർത്തുന്നുണ്ട്.

ഷീറ്റ് റബറിനൊപ്പം ഒട്ടുപാലിനും പ്രിയമേറിയിട്ടുണ്ട്. ഇതോടെ ഒട്ടുപാൽ വിലയിലും കുതിപ്പുണ്ട്. 166 രൂപയ്ക്കു വരെ വ്യാപാരികൾ ഒട്ടുപാൽ വാങ്ങുന്നുണ്ടെന്നാണ് വിവരം. മിക്ക തോട്ടങ്ങളിലും തൊഴിലാളി ക്ഷാമത്തെ തുടർന്ന് ഉൽപാദനം നടക്കാത്തതിന് പുറമെ കാലാവസ്ഥ വ്യതിയാനം ഉൽപാദനത്തിൽ സൃഷ്ടിക്കുന്ന ഇടിവും വില വർധനയിലും കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വർഷക്കാലമായിട്ടും മഴ മാറിനിൽക്കുമ്പോൾ അനുഭവപ്പെടുന്ന കടുത്ത ചൂട് ഉൽപാദനത്തിൽ വൻ കുറവുണ്ടാക്കുന്നുണ്ട്. മഴക്കാലമായതിനാൽ ടാപ്പിങ് നടക്കുന്ന തോട്ടങ്ങളും കുറവാണ്.

Tags:    
News Summary - Rubber prices are soaring, may cross 300; low production is a setback for farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.