എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം തോട്ടത്തിലെ
നേന്ത്രവാഴകൾ നശിപ്പിച്ച നിലയിൽ
പയ്യന്നൂർ: നെൽവയലുകളിൽ വൻതോതിൽ കൃഷി നശിപ്പിക്കുന്നതിനുപുറമെ ഇതര വിളകളിലും വിളയാടി കാട്ടുപന്നിക്കൂട്ടം. എരമം കുറ്റൂർ, കടന്നപ്പള്ളി പാണപ്പുഴ തുടങ്ങിയ ഇടനാടൻ ഗ്രാമങ്ങളിൽ വൻതോതിൽ കൃഷിയിടങ്ങളിൽ പന്നികൾ നാശം വരുത്തുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു. വയലുകളിലും പറമ്പുകളിലും വേനൽക്കാല പച്ചക്കറികളും വാഴകളും കൂട്ടമായെത്തുന്ന പന്നികൾ നശിപ്പിക്കുന്നുണ്ട്.
എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ കഴിഞ്ഞ ദിവസം രാത്രി നേന്ത്രവാഴകൾ പന്നിക്കൂട്ടം കുത്തി മറിച്ചിട്ടു. ഇതിനുപുറമെ കവുങ്ങ്, ചെറിയ തെങ്ങ്, പച്ചക്കറികൾ എന്നിവയും നശിപ്പിച്ചു. പന്നികളുടെ വിളയാട്ടം കാരണം പച്ചക്കറി ഉൾപ്പെടെ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. പന്നികളെ നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുത്തിരുന്നുവെങ്കിലും ഇത് മിക്ക പ്രദേശങ്ങളിലും ഫലപ്രദമല്ലെന്നും ഇവർ പരാതിപ്പെടുന്നു. എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ പേരൂൽ ചേപ്പായി കോട്ടത്തിനുസമീപം കഴിഞ്ഞ ദിവസം എൻ.കെ. ബാബുരാജിന്റെ നിരവധി നേന്ത്രവാഴകൾ ഉൾപ്പെടെയുള്ള കൃഷിയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. പന്നിശല്യം തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കർഷകൻ ബാബുരാജ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.