ഏപ്രിൽ മാസത്തിൽ ജനുവരിയിലെ തണുപ്പും അപ്രതീക്ഷിത മഞ്ഞുവീഴ്ചയും കനത്ത മഴയും; വിളനാശഭീതിയിൽ കർഷകർ

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നു. ഏപ്രിൽ മാസത്തിലും ശൈത്യകാലത്തിന് സമാനമായ സാഹചര്യമാണ് പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ അനുഭവപ്പെടുന്നത്. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും മഞ്ഞുവീഴ്ചയും വൻ കൃഷിനാശത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് കർഷകർ.

ഹിമാചൽ പ്രദേശിന്റെ ഉയർന്ന മേഖലകളിൽ ഈ മാസം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ഷിംലയിലെ ഖരാപഥർ, നർക്കണ്ഡ, ചമ്പ, ലാഹോൾ-സ്പിതി, മണാലി എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഇതോടെ പല വിദൂര ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിനെ തുടർന്ന് മേഖലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു.

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മണിക്കൂറിൽ 40–60 കി.മീ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റും മഴയും താപനിലയിൽ വൻ ഇടിവുണ്ടാക്കി. ചിലയിടങ്ങളിൽ താപനില സാധാരണയേക്കാൾ 10 ഡിഗ്രി വരെ താഴ്ന്നു. ചണ്ഡീഗഡ്, ലുധിയാന, അമൃത്‌സർ എന്നിവിടങ്ങളിൽ ജനങ്ങൾ വീണ്ടും കമ്പിളി വസ്ത്രങ്ങളും ജാക്കറ്റുകളും ധരിച്ച് പുറത്തിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. തലസ്ഥാന നഗരിയിലും ശക്തമായ മഴയെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൂടിൽ നിന്ന് ആശ്വാസം ലഭിച്ചെങ്കിലും കാലാവസ്ഥയിലുണ്ടായ പെട്ടന്നുള്ള മാറ്റം ജനങ്ങളെ ആശങ്കയിലാക്കുന്നതാണ്.

അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് കർഷകരാണ്. പഞ്ചാബിൽ മാത്രം 1.25 ലക്ഷം ഏക്കറിലധികം കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. മുക്തസർ, ഫാസിൽക്ക, ബതിന്ദ ജില്ലകളിൽ വിളവെടുപ്പിന് പാകമായ ഗോതമ്പ് ചെടികൾ കനത്ത മഴയിലും കാറ്റിലും നശിച്ചു. ഹിമാചലിലെ ആപ്പിൾ കർഷകരും കടുത്ത ആശങ്കയിലാണ്. പൂവിടുന്ന സമയത്തെ ഈ തണുപ്പും മഴയും വിളവിനെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

"കഴിഞ്ഞ രാത്രി ഞങ്ങൾക്ക് ഫാനുകൾ ഓഫ് ചെയ്ത് കമ്പിളി പുതപ്പ് ഉപയോഗിക്കേണ്ടി വന്നു. ജനുവരിയിലെ കഠിനമായ തണുപ്പാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. യുദ്ധവും വിലക്കയറ്റവും സൃഷ്ടിക്കുന്ന സമ്മർദത്തിന് പുറമെ കാലാവസ്ഥാ വ്യതിയാനം കൂടി വന്നതോടെ എന്ത് സംഭവിക്കുമെന്ന് പറയാനാകാത്ത അവസ്ഥയാണ്," ചണ്ഡീഗഡ് സ്വദേശിനി രൂപ് കമൽ പറഞ്ഞു.

യു.പിയിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ പ്രകൃതിയുടെ അപ്രതീക്ഷിത ഭാവമാറ്റം സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്. വിളകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. 

Tags:    
News Summary - April feels like January: Punjab, Himachal; trigger crop loss fears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.