പശ്ചിമേഷ്യൻ പ്രതിസന്ധി; രാജ്യത്തെ വളം വിതരണത്തെ ബാധി​ച്ചേക്കുമെന്ന് വിദഗ്ധർ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധി രാജ്യത്തെ കാർഷിക വളം വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദഗ്ധർ. കാർഷികോൽപ്പന്നങ്ങളുടെ കുറവും ഭക്ഷ്യവസ്തുക്കളുടെ വില വർധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാർഷിക വളം നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും ഉൽപ്പന്നങ്ങളും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി തുടരുന്നതിനാൽ ഇറക്കുമതി നിലച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

വളം വിതരണം തടസപ്പെടാതിരിക്കാനും കർഷകരെ പ്രതി​സന്ധിയിലേക്ക് തള്ളിവിടാതിരിക്കാനും നടപടികൾ സ്വീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആഭ്യന്തര വളം ഉൽപാദനം വർധിപ്പിക്കുന്നതിനും ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ഇന്ത്യ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. വരുന്ന സീസണിലേക്ക് നിലവിലെ സംഭരണം മതിയാകുമെന്നും യുദ്ധം തുടർന്നാൽ ഇതിൽ മാറ്റം വന്നേക്കാമെന്നുമാണ് വിദഗ്ധർ പറയുന്നുത്.

ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നതാണ് യൂറിയ പോലുള്ള നൈട്രജൻ വളങ്ങൾ. നെല്ല്, ഗോതമ്പ് തുടങ്ങിയവക്കാണ് യൂറിയ കൂടുതലായി ഉപയോഗിക്കുന്നത്. വർഷത്തിൽ നാലുകോടി ടൺ യൂറിയയാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. യൂറിയയുടെ ക്ഷാമം രാജ്യത്തെ വിളകളുടെ നടീൽ പ്രവർത്തനങ്ങളെ രൂക്ഷമായി ബാധിച്ചേക്കാം. നിലവിൽ, കർഷക സഹകരണ സംഘങ്ങൾ വഴിയും നിർമാതാക്കളും വിതരണക്കാരും നടത്തുന്ന വെയർഹൗസുകൾ വഴിയും സാധനങ്ങൾ ലഭ്യമാണ്. യുദ്ധം നീണ്ടു നിന്നാൽ സ്റ്റോക്ക് വേഗം തീരുമെന്നും കർഷകർ പ്രതിസന്ധിയിലാ​കുമെന്നും വിദഗ്ധർ പറയുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ വിള സീസണിലാണ് രാസവള ഉപയോഗം ഏറ്റവും കൂടുതലാകുന്നത്. ഇറക്കുമതി തടസ്സങ്ങൾ തുടർന്നാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഗ്യാസ് വില ഉയരുന്നതും ക്ഷാമവും യൂറിയ പോലുള്ള വളങ്ങളുടെ നിർമാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് വളത്തിന്റെ വില വർധനക്കും കാരണ​മായേക്കും. അതേസമയം, വളങ്ങളുടെ തുല്യവും തടസ്സമില്ലാത്തതുമായ വിതരണം ഉറപ്പാക്കാൻ കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ ബുധനാഴ്ച ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രതിസന്ധി നീങ്ങി ഷിപ്പിങ് സാധാരണ വേഗതയിൽ പുനരാരംഭിച്ചാൽ ആഴ്ചകൾക്കുള്ളിൽ വിതരണ ശൃംഖലകൾ സ്ഥിരത കൈവരിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു

Tags:    
News Summary - Indias fertiliser supplies under strain as war disrupts shipments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.