നടൻ മാത്രമല്ല, മികച്ച കർഷകനുമാണ്; ആർ. മാധവന്റെ ടെറസിൽ വിളയുന്നത് തക്കാളി മുതൽ ബ്രൊക്കോളി വരെ

സിനിമാ താരങ്ങളുടെ ജീവിതരീതികളും ആരോഗ്യ പരിപാലന മുറകളും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അഭിനയരംഗത്ത് തിളക്കമാർന്ന മികവ് കാഴ്ച വെക്കുന്നതോടൊപ്പം തന്നെ മറ്റു നിഖില മേഖലകളിലും നൈപുണ്യം തെളിയിച്ച നിരവധി സെലിബ്രിറ്റികളുണ്ട്. അങ്ങനെ സ്വന്തം ടെറസ്സിൽ നിറഞ്ഞുനിൽക്കുന്ന ജൈവകൃഷിയിലൂടെ വൈറലായിരിക്കുകയാണ് തെന്നിന്ത്യൻ സ്റ്റാർ ആർ. മാധവൻ.

മുംബൈയിലെ തന്റെ വീടിന്റെ ടെറസിൽ പച്ചക്കറികൾ വിജയകരമായി വളർത്തി മാതൃകയാവുകയാണ് താരം. ടെറസിൽ മാത്രമല്ല, തമിഴ്‌നാട് പഴനിക്കടുത്ത് സ്വന്തമായി ഒരു തെങ്ങിൻതോപ്പ് തന്നെ താരം പരിപാലിച്ചുപോരുന്നുണ്ട്. ഒട്ടും ഫലഭൂയിഷ്ഠമല്ലാത്ത ഏക്കറുകണക്കിന് വരണ്ട ഭൂമി അദ്ദേഹവും സഹോദരനും വാങ്ങുകയും കഠിനപ്രയത്‌നത്തിനൊടുവിൽ സമൃദ്ധമായ തെങ്ങിൻതോട്ടമാക്കി മാറ്റുകയുമായിരുന്നു.

2014ൽ വീടിന്റെ ബാൽക്കണിയിൽ ഒരു കൗതുകത്തിന് തുടങ്ങിയ കൃഷി തന്റെ ജീവിതത്തിലെ ഒരു ശീലമായി മാറിയെന്ന് താരം പറയുന്നു. ഒരു സിനിമയുടെ തിരക്കഥ രചനയുമായി ബന്ധപ്പെട്ട് വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വന്നതോടെയാണ് കൃഷിയിലും ഒരു കൈ നോക്കാമെന്ന താൽപര്യം താരത്തിന് ഉടലെടുത്തത്. തുടർന്ന്, ജൈവകൃഷിയെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് അദ്ദേഹം ഗവേഷണം നടത്തുകയും അതിനായി ശ്രമിക്കുകയും ചെയ്തതോടെ നടൻ എന്നതിലുപരി ഒരു കർഷകനും ജന്മമെടുക്കുകയായിരുന്നു. വീട്ടിലേക്കാവശ്യമായ സീസണൽ പച്ചക്കറികളുടെ 70 ശതമാനവും ഇന്ന് വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

വിളവെടുക്കുന്നത് വെണ്ടക്ക മുതൽ ബ്രൊക്കോളി വരെ

വർഷങ്ങളായി വിവിധതരം പഴങ്ങളും പച്ചക്കറികളുമാണ് മാധവൻ തന്റെ വീട്ടിൽ പരീക്ഷിക്കുന്നത്. വെണ്ടക്ക, വഴുതന, ബ്രൊക്കോളി, തക്കാളി, വെള്ളരി തുടങ്ങി നിരവധി വിളകൾ അദ്ദേഹത്തിന്റെ ടെറസ് ഗാർഡനിൽ വിളഞ്ഞുനിൽക്കുന്നുണ്ട്. മണ്ണൊരുക്കുന്നത് മുതൽ വിത്തുപാകി, നനച്ച്, വിളവെടുക്കുന്നത് വരെയുള്ള പ്രക്രിയകലെല്ലാം ചെയ്യുന്നത് നടൻ തന്നെയാണ്. പുതിയ പരീക്ഷണങ്ങളോടൊപ്പം എല്ലാം തന്റെ ടെറസ്സിൽനിന്ന് വിളവെടുക്കുന്നതിനാൽ വിഷം ചേർത്ത ഫലങ്ങളെയും പച്ചക്കറികളെയും പേടിക്കാറില്ല. പാടത്ത് നമുക്കായി ഉഴുതിമറിക്കുന്ന കർഷകർ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് ഓരോ വ്യക്തിയും മനസ്സിലാക്കാൻ സ്വന്തമായി ഒരു പച്ചക്കറിയെങ്കിലും കൃഷി ചെയ്തു നോക്കണമെന്നാണ് നടന്റെ അഭിപ്രായം. തുള്ളിനന വഴി ലഭിക്കുന്ന ജലത്തിന്റെ ഇരുപതിൽ ഒന്ന് ഭാഗം വെള്ളം മാത്രമാണ് അദ്ദേഹം തന്റെ കൃഷിക്കായി ഉപയോഗിക്കുന്നത്. വരൾച്ച നേരിടുന്ന സമയങ്ങളിൽ സ്വയം പര്യാപ്തത നേടാനുള്ള ഏറ്റവും മികച്ച മാർഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി മാധവൻ ചില ലളിതമായ വഴികൾ പങ്കുവെക്കുന്നു

  • കൃഷി തുടങ്ങുന്നതിനു മുമ്പ് മണ്ണിന്റെ ഗുണനിലവാരം ഉറപ്പാക്കണം. താരതമ്യേന ശുദ്ധമായ മണ്ണും പുഴയോരത്തെ മണ്ണും കൂട്ടിക്കലർത്തി ഉപയോഗിക്കുക
  • മികച്ച ഗുണനിലവാരമുള്ള ജൈവ വിത്തുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. താൻ യൂറോപ്പിൽനിന്നാണ് തന്റെ ആദ്യ വിത്തുകൾ വാങ്ങിയതെങ്കിലും അവയിൽ പലതും യഥാർഥത്തിൽ ഇന്ത്യൻ ഇനങ്ങളായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു
  • ഗ്രാമങ്ങളിലെ കർഷകരുടെ പക്കൽ ജൈവ വിത്തുകൾ ലഭ്യമായിരിക്കാം. പ്രാദേശികമായി ലഭ്യമല്ലെങ്കിൽ ഓൺലൈൻ വഴിയും വിത്തുകൾ കണ്ടെത്താം
  • വിത്തുപാകിക്കഴിഞ്ഞാൽ ചെടികൾക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
  • ചെടികൾക്ക് നല്ല രീതിയിൽ വളരാൻ മികച്ച വായുസഞ്ചാരം അത്യാവശ്യമാണ്. ഒതുങ്ങിനിൽക്കുന്ന അല്ലെങ്കിൽ വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങൾ ചെടികളുടെ വളർച്ചയെ ബാധിക്കും
  • കൂടുതൽ വെള്ളമൊഴിച്ചാൽ ചെടികൾ നന്നായി വളരണമെന്നില്ല. ചെടികളുടെ യഥാർത്ഥ ആവശ്യകത മനസ്സിലാക്കി നനയ്ക്കുക
  • എലി അടക്കമുള്ള പ്രാണികളിൽ നിന്നും ജീവികളിൽ നിന്നും പുതിയ തളിർചെടികളെ സംരക്ഷിക്കാൻ തുടക്കത്തിൽ അവ മൂടി വെക്കുക

അഭിനത്തിലെന്നല്ല സ്വന്തം ജീവിതത്തിൽ പരീക്ഷണങ്ങൾ നടത്തി വിജയം കൈവരിക്കാമെന്ന പ്രചോദനമാണ് താരം നമുക്ക് നൽകുന്നത്. സിനിമയ്ക്കൊപ്പം പ്രകൃതിയോട് ഇണങ്ങിനിന്നുകൊണ്ടുള്ള മാധവന്റെ കാർഷിക ജീവിതം വലിയ രീതിയിൽ പ്രശംസ പിടിച്ചുപറ്റുകയാണ്. 

Tags:    
News Summary - Actor Turned Farmer: R. Madhavan's Terrace Garden Flourishes with Broccoli and Tomatoes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.