വാഷിങ്ടൺ: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനി വിജയിച്ചതിന് പിന്നാലെ നാടുവിടാനൊരുങ്ങുകയാണെന്ന് ന്യൂയോർക്കിലെ ശതകോടീശ്വരൻ. പ്രമുഖ വ്യവസായിയായ ബാരി സ്റ്റേൺലിച്ചാണ് ന്യൂയോർക്കിൽ നിന്ന് തന്റെ സ്ഥാപനം മാറ്റാൻ തീരുമാനിച്ചത്. പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്‌റാൻ മംദാനിയുടെ നേതൃത്വത്തിൽ ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെയായി മാറും എന്നാണ് ശതകോടീശ്വരനായ റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ ബാരി സ്റ്റേൺലിച്ച് പറയുന്നത്.
വരുന്ന ജനുവരി ഒന്നിനാണ് മംദാനി സ്ഥാനമേൽക്കുക. സ്റ്റാർവുഡ് കാപിറ്റൽ ഗ്രൂപ്പിന്‍റെ ചെയർമാനും സി.ഇ.ഒയുമായ സ്റ്റേൺലിച്ച്, മംദാനിയുടെ വിജയത്തിന് പിന്നാലെ തന്‍റെ സ്ഥാപനം ന്യൂയോർക്കിൽ നിന്ന് മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിജയത്തിനുശേഷം, വാടക സ്ഥിരപ്പെടുത്തിയ അപ്പാർട്ടുമെന്റുകളിലെ വാടക മരവിപ്പിക്കുക, സൗജന്യ ബസ് സർവീസുകൾ നൽകുക, ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ഒരു സാർവത്രികവും സൗജന്യവുമായ ശിശുസംരക്ഷണ പരിപാടി തുടങ്ങിയ തന്റെ പ്രചാരണ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും മംദാനി പറഞ്ഞിരുന്നു. ഇതാണ് സ്റ്റേൺലിച്ചിനെ ചൊടിപ്പിച്ചത്. സ്റ്റെർൺലിച്ചിന്റെ കമ്പനിയായ സ്റ്റാർവുഡ് ക്യാപിറ്റൽ ഗ്രൂപ്പിന് ന്യൂയോർക്കിൽ നിരവധി വാണിജ്യ, റെസിഡൻഷ്യൽ സ്ഥാപനങ്ങളും സംയുക്ത സംരംഭങ്ങളുമുണ്ട്.
'തീവ്ര ഇടതുപക്ഷക്കാർ ശരിക്കും ഭ്രാന്തന്മാരാണ്. കുടിയേറ്റക്കാർ ഇനിമുതൽ വാടക നൽകേണ്ടതില്ലെന്നാണ് അവർ പറയുന്നത്. ഇനി വാടക നൽകാത്തതിന്റെ പേരിൽ അവരെ പുറത്താക്കാൻ പറ്റുകയില്ല. ഇത് വൈകാതെ നഗരം മൊത്തം വ്യാപിക്കു. ഒരാൾ പൈസ നൽകുന്നില്ലെന്ന് കണ്ടാൽ പിന്നെ കൂടുതലാളുകൾ വാടക തരാൻ മടിക്കും. പതിയെ, അടിസ്ഥാനപരമായി ന്യൂയോർക്ക് സിറ്റി മറ്റൊരു മുംബൈ ആയിമാറും.' ബാരി പറഞ്ഞു.
ഇത്തരമൊരു മനോഭാവം നഗരത്തിന്റെ സാമ്പത്തിക സ്ഥിതിക്കും വാടകവിപണിക്കും ഒന്നിനുപുറകെ ഒന്നൊന്നായി ദോഷം ചെയ്യുമെന്നും സംഭാഷണത്തിനിടെ ന്യൂയോർക്ക് സിറ്റിയെയും മുംബൈയെയും തമ്മിൽ നടത്തിയ താരതമ്യത്തിൽ അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടുകൾ സ്വീകരിക്കുമെന്ന് മംദാനി പറഞ്ഞിരുന്നു.
ലോകം ആകാംക്ഷയോടെയാണ് ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിനെ നോക്കിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ സൊഹ്റാൻ മംദാനി ഉജ്ജ്വല വിജയം കൈവരിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയവും ജീവിതവുമൊക്കെ വീണ്ടും ചർച്ചയായിരുന്നു. 10 ശതമാനത്തിലധികം വോട്ടിന്റെ, ഭൂരിപക്ഷത്തോടെയാണ് മംദാനി ന്യൂയോർക്കിൻറെ ആദ്യത്തെ മുസ്‌ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയിൽ ജനിച്ച ഉഗാണ്ടൻ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാൻ മംദാനി. സലാം ബോംബെ, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ഓസ്‌കർ നോമിനി കൂടിയായ മീര നായർ. സൊഹ്റാൻ മംദാനി ജനിച്ചതും തന്റെ കുട്ടിക്കാലം ചെലവഴിച്ചതും ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.