വാഷിങ്ടൺ: ന്യൂയോർക്കിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിക്കു മുന്നോടിയായി സുരക്ഷാ നിർദേശങ്ങളുമായി സംഘാടകരായ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച്ച്.എ.എഫ്). മേയർ എന്ന നിലയിൽ , 29ന് മാഡിസൺ സ്ക്വയർ ഗാർഡനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന മോഹൻ ഭാഗവതിന്റെയും മറ്റും സുരക്ഷയും പൗരാവകാശങ്ങളും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സൊഹ്റാൻ മംദാനി നിറവേറ്റണമെന്നും എച്ച്.എ.എഫ് അഭ്യർത്ഥിച്ചു. വാഷിങ്ടൺ ഡി.സി കേന്ദ്രീകരിച്ചുള്ള ഹിന്ദു-അമേരിക്കൻ അഡ്വക്കസി ആൻഡ് എഡ്യൂക്കേഷണൽ ഓർഗനൈസേഷനും സമാന നിർദേശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
എക്സ് പോസ്റ്റിലൂടെയാണ് എച്ച്.എ.എഫ് കമ്മ്യൂണിറ്റി അഡ്വൈസറി അലേർട്ട് പുറത്തിറക്കിയിരിക്കുന്നത്. 29ന് സംഗമത്തിൽ പങ്കെടുക്കുന്നവർ ജാഗ്രത പാലിക്കണം, ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിക്കണമെന്നും ഇടപെടലുകൾ മാന്യമായി സൂക്ഷിക്കമെന്നും അഡ്വൈസറി അലേർട്ടിൽ നിർദേശിക്കുന്നു. പരിപാടിക്ക് മുന്നോടിയായി, ഹിന്ദു അമേരിക്കക്കാരെ ലക്ഷ്യമിടുന്ന ആക്ടിവിസ്റ്റുകൾ ആഘോഷം തടസ്സപ്പെടുത്താനും റദ്ദാക്കാനും ശ്രമിച്ചിട്ടുണ്ട്. സംഗമത്തിൽ പങ്കെടുക്കുന്നവർ ഉൾപ്പെടെയുള്ള എല്ലാ ന്യൂയോർക്കുകാരെയും സംരക്ഷിക്കാനും എല്ലാവരുടെയും സുരക്ഷയും പൗരാവകാശങ്ങളും ഉറപ്പുനൽകാനും തങ്ങൾ മേയർ സൊഹ്റാൻ മംദാനിയോട് അഭ്യർഥിക്കുന്നുവെന്നും കമ്മ്യൂണിറ്റി അഡ്വൈസറി അലേർട്ടിൽ വ്യക്തമാക്കി.
ഇന്ത്യയിൽ ന്യൂനപക്ഷ വേട്ടയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ഭാഗവതിന്റെ സന്ദർശനത്തെയും ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് യു.എസിൽ ചൂടേറിയ ചർച്ച നടക്കുന്നതിനിടെയാണ് ഹിന്ദുത്വ സംഘടനയുടെ ജാഗ്രതാ നിർദേശം വന്നിരിക്കുന്നത്. ആർ.എസ്.എസിനും അതിന്റെ അംഗങ്ങൾക്കും ഇന്ത്യൻ ഉദ്യോഗസ്ഥർക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആർ.എഫ്) യു.എസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ മതസ്വാതന്ത്ര്യ അന്തരീക്ഷം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച യു.എസ്.സി.ഐ.ആർ.എഫ്, മോഹൻ ഭാഗവതിന് നൽകിയ വിസ റദ്ദാക്കാനും ഭാവിയിൽ യു.എസിലേക്ക് പ്രവേശിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ യു.എസ്.സി.ഐ.ആർ.എഫ് പരാമർശങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളുകയും ചെയ്തിരുന്നു. മാഡിസൺ സ്ക്വയർ ഗാർഡനിൽ നിശ്ചയിച്ചിട്ടുള്ള പരിപാടിയെ താൻ പിന്തുണയ്ക്കുന്നില്ലെന്ന് മംദാനി അറിയിച്ചിരുന്നു. എന്നാൽ സ്വകാര്യമായി സംഘടിപ്പിച്ച ഒരു ഒത്തുചേരൽ റദ്ദാക്കാൻ ന്യൂയോർക്ക് സിറ്റി അധികാരികൾക്ക് നിയമപരമായ അധികാരമുണ്ടോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മേയർ എന്ന നിലയിൽ തന്റെ വ്യക്തിപരമായ ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. “ഞാൻ നമ്മുടെ നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മേയർ എന്ന നിലയിലും ഇവിടെ നിൽക്കുന്നു, എന്റെ അമ്മയുടെ കുടുംബം മുഴുവൻ ഇനിയും ഇന്ത്യയിലുണ്ട്. എന്റെ കുടുംബം എന്നെ പഠിപ്പിച്ചതുമായ ഇന്ത്യയെന്നത് എല്ലാ വിഭാഗം ജനങ്ങളും തുല്യാവകാശത്തോടെ ജീവിക്കുന്ന, മതേതരത്വവും ബഹുസ്വരതയും പുലരുന്ന ഒരു രാജ്യമാണ്. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ, ഒഴിവാക്കൽ നയം അടിസ്ഥാനമാക്കിയുള്ള ഒരു മുന്നേറ്റം വളരുന്നത് കാണുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്’ -മംദാനി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.