ന്യൂഡൽഹി: നേപ്പാളിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ നൂറിലധികം പേർ മരണപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിൽ നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. ബുധനാഴ്ചയുണ്ടായ ദുരന്തത്തിന് പിന്നാലെ മണിക്കൂറുകൾക്കകം സൈനിക വിമാനത്തിൽ 10 ടൺ ദുരന്തനിവാരണ സാമഗ്രികളും അവശ്യമരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചു. ടിബറ്റൻ സ്വയംഭരണ പ്രദേശമായ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നേപ്പാൾ പ്രദേശങ്ങളിലുണ്ടായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.
കൈലാസ് മാനസസരോവർ തീർഥാടകർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ കാണാതായതോടെ, ദുരന്തത്തിനിരയായ ഇന്ത്യൻ പൗരന്മാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാഠ്മണ്ഡുവിലെയും ബീജിങ്ങിലെയും ഇന്ത്യൻ എംബസികൾ നേപ്പാൾ, ചൈനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണ്.
നേപ്പാളിന് സാധ്യമായ എല്ലാവിധ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള അനുശോചനം നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായെ ഫോണിൽ വിളിച്ച് അദ്ദേഹം അറിയിച്ചു. ഈ പ്രയാസകരമായ ഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ സഹോദരീസഹോദരന്മാർക്കൊപ്പം ഉറച്ചുനിൽക്കുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യയുടെ സഹായ വാഗ്ദാനത്തിനും സഹാനുഭൂതിക്കും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തസമയത്ത് ഇന്ത്യ നേപ്പാളിനൊപ്പം നിൽക്കുമെന്നും 10 ടൺ ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും അറിയിച്ചു. ദുരന്തബാധിതരായ പൗരന്മാരുടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നേപ്പാൾ സർക്കാറുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.