സ്ഫോടന ദൃശ്യങ്ങൾ

റഷ്യയിലെ ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപിടുത്തവും സ്ഫോടനവും; 7 മരണം, 9 പേരെ കാണാനില്ല

മോസ്കോ: റഷ്യയുടെ വടക്കുകിഴക്കൻ പ്രദേശമായ അമുറിലെ പ്രമുഖ പെട്രോകെമിക്കൽ നിർമാണ കേന്ദ്രമായ അമുർ ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ (AGCC) വൻ തീപിടുത്തവും ശക്തമായ സ്ഫോടനവുമുണ്ടായി. പ്രവർത്തനസജ്ജമാകുന്നതിന് മുന്നോടിയായുള്ള പ്രീ-കമ്മീഷനിങ് ജോലികൾ നടന്നു വരികെയാണ് അപകടം സംഭവിച്ചത്. വലിയ വ്യാവസായിക പ്ലാന്റിൽ പടർന്നുപിടിച്ച തീയും കറുത്ത പുകപടലങ്ങളും ഉയർന്ന പ്രദേശങ്ങളിൽ നിന്നും പ്രകടമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അപകടത്തിൽ 6 ചൈനീസ് പൗരന്മാർ ഉൾപ്പെടെ 7 പേർ മരണപ്പെട്ടതായി പ്ലാന്റ് അധികൃതർ സ്ഥിരീകരിച്ചു. സ്ഫോടനത്തിന് ശേഷം 9 പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. 152 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ 36 പേരെ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

റഷ്യൻ പെട്രോകെമിക്കൽ കമ്പനിയായ സിബൂറും ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള സിനോപെക്കും  സംയുക്തമായാണ് 10 ബില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന ഈ ഭീമൻ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഏകദേശം 10 ബില്യൺ ഡോളർ (ഏകദേശം 83,000 കോടിയിലധികം രൂപ) ചെലവഴിച്ചാണ് സവോബോഡ്നി നഗരത്തിന് സമീപം 325 ഹെക്ടറിലായി പ്ലാന്റ് പടുത്തുയർത്തുന്നത്.

നിർമാണത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ മുപ്പതിനായിരത്തോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. 2016ൽ എഞ്ചിനീയർമാർക്കുള്ള പരിശീലനത്തോടെ ആരംഭിച്ച പദ്ധതി 2024ലാണ് കമ്മീഷനിങ്  ഘട്ടത്തിലേക്ക് കടന്നത്. പ്രതിവർഷം 2.3 മില്യൺ ടൺ പോളിഎത്തിലീനും 4,00000 ടൺ പോളിപ്രൊപ്പിലീനും ഉൽപ്പാദിപ്പിക്കാൻ ഈ സമുച്ചയത്തിന് ശേഷിയുണ്ടാകും. പ്ലാന്റ് പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ ആയിരത്തോളം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

സമീപത്തുള്ള അമുർ ഗ്യാസ് പ്രോസസിങ് പ്ലാന്റിൽ നിന്നാണ് എജിസിസിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭിക്കുന്നത്. പ്രതിവർഷം 2 മില്യൺ ടൺ ഈഥെയ്നും 1.5 മില്യൺ ടൺ എൽപിജിയും ഇവിടെനിന്ന് എജിസിസിയിലേക്ക് സംസ്കരണത്തിനായി എത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാവസായിക സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പ്രത്യേകമായി പരിശോധിച്ചുവരികയാണ്.

Tags:    
News Summary - Fire and Explosion Hit Russia’s Amur Gas Chemical Complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.