സിംഗപ്പൂർ: ജനനനിരക്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് മാതാപിതാക്കളെ പ്രസവത്തിന് പ്രോത്സാഹിപ്പിക്കാൻ വൻ സാമ്പത്തിക പാക്കേജുമായി സിംഗപ്പൂർ. ജനനം മുതൽ 17 വയസ് പൂർത്തിയാകുന്നത് വരെ ഓരോ സിംഗപ്പൂർ പൗരനായ കുട്ടിക്കും ഏകദേശം 70,000 സിംഗപ്പൂർ ഡോളർ (ഏകദേശം 47 ലക്ഷം ഇന്ത്യൻ രൂപ) നേരിട്ടുള്ള സാമ്പത്തിക സഹായമായി നൽകുമെന്ന് പ്രധാനമന്ത്രി ലോറൻസ് വോങ് നാഷണൽ ഡേ റാലിയിൽ പ്രഖ്യാപിച്ചു.
നിലവിലുള്ള 'ബേബി ബോണസ്' പദ്ധതിക്ക് പകരമായി കൊണ്ടുവരുന്ന പുതിയ 'എസ്ജി ചൈൽഡ് സപ്പോർട്ട് പാക്കേജ്' 2027 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഒറ്റത്തവണയായി പണം നൽകുന്നതിന് പകരം ഘട്ടംഘട്ടമായാണ് തുക ലഭ്യമാക്കുക
സിംഗപ്പൂരിലെ പ്രത്യുൽപാദന നിരക്ക് 2024-ലെ 0.97-ൽ നിന്ന് 2025-ൽ റെക്കോർഡ് താഴ്ചയായ 0.87-ലേക്ക് കൂപ്പുകുത്തിയതാണ് രാജ്യത്തെ ഇത്തരമൊരു അടിയന്തര നടപടിക്ക് പ്രേരിപ്പിച്ചത്. ഒരു രാജ്യത്തിന്റെ ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താൻ ശരാശരി 2.1 എന്ന ഫെർട്ടിലിറ്റി നിരക്ക് ആവശ്യമുള്ളിടത്താണ് സിംഗപ്പൂർ ഈ കടുത്ത വെല്ലുവിളി നേരിടുന്നത്. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും തൊഴിൽ സേന ചുരുങ്ങുകയും ചെയ്യുന്ന 'സൂപ്പർ-ഏജ്ഡ്' സമൂഹമായി രാജ്യം മാറുന്നത് തടയാൻ പണത്തിന് പുറമെ മാതാപിതാക്കൾക്ക് കൂടുതൽ ചൈൽഡ് കെയർ അവധിയും ഭവന നിർമാണത്തിൽ മുൻഗണനയും നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.