കാഠ്ണ്ഡു: കാഠ്മണ്ഡുവിൽ ഒഴുകിയെത്തിയ പ്രളയജലത്തിനും മണ്ണുമലകൾക്കും ഇടയിൽ നിന്ന് 24കാരനായ ബിബെക് കുമാൽ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മരണത്തിന് തൊട്ടുമുമ്പുള്ള ആ നിമിഷങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും ആ യുവാവിന്റെ മനസ്സ് വിറങ്ങലിച്ചു നിൽക്കുകയാണ്.
ചൈനയിലെ തിബറ്റ് അതിർത്തിയോട് ചേർന്നുള്ള രസുവ ജില്ലക്ക് താഴെ ബിദൂർ പ്രദേശത്ത് ജോലി ചെയ്യുന്ന വീടിന് പുറത്ത് കുഴി നിർമിക്കുന്നതിനിടയിലാണ് മിന്നൽ പ്രളയം ഇരച്ചെത്തിയത്. പെട്ടെന്ന് ഒരു വലിയ ഇരമ്പൽ ശബ്ദം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കുഴിയിൽ നിന്ന് തലയുയർത്തിയ അദ്ദേഹം കണ്ടത് കുഴിക്കു മുകളിൽ നിന്നിരുന്ന സഹപ്രവർത്തകരായ നാലുപേർ ഭീതിയോടെ പിന്നോട്ടു മാറുന്നതാണ്. പെട്ടെന്നു കുഴിയിൽനിന്നു കയറാൻ അവർ കുമാലിനോടു വിളിച്ചു പറഞ്ഞു.
ഏറെ പരിശ്രമിച്ച് കുഴിയിൽനിന്നു വലിഞ്ഞുകയറിപ്പോഴേക്കും കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടിരുന്നു. ‘ഞാൻ ജീവനും കൊണ്ട് ഓടാൻ തുടങ്ങി. എന്നാൽ ഭൂകമ്പം പോലെ കറുത്ത വെള്ളവും മണ്ണും കല്ലും പെട്ടെന്ന് ഞങ്ങളുടെ നേർക്ക് പാഞ്ഞുവന്നു. കുത്തൊഴുക്കിൽ ചെളിക്കും അവശിഷ്ടങ്ങൾക്കിടയിലൂടെ ഞാൻ ഏറെ ദൂരം ഒലിച്ചുപോയി. എന്നാൽ വഴിയിൽ നിന്ന ഒരു മാവിൻ കൊമ്പിൽ തടഞ്ഞുനിന്നത് കൊണ്ട് രക്ഷപ്പെട്ടു. ആ മരം ഇല്ലായിരുന്നെങ്കിൽ ഞാൻ എപ്പോഴേ ഒലിച്ചുപോയിരുന്നേനെ’ ബിബെക് കുമാൽ ഓർത്തെടുത്തു
മാവിൻ കൊമ്പിൽ തൂങ്ങിക്കിടക്കുമ്പോൾ താൻ ജോലി ചെയ്തിരുന്ന വീട് നിമിഷനേരം കൊണ്ട് ഒലിച്ചുപോകുന്നത് കുമാൽ കൺമുന്നിൽ കണ്ടു. പിന്നീട് പൊലീസെത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഒഴുക്കിനിടയിൽ പാറക്കല്ലുകൾ വന്നിടിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എങ്കിലും സ്വന്തം വീട് തകരാതെ രക്ഷപ്പെട്ട ആശ്വാസത്തിലാണ് അദ്ദേഹം. നിലവിൽ ബിബെക് കുമാൽ തന്റെ സഹോദരനൊപ്പം കാഠ്മണ്ഡുവിലെ നാഷണൽ ട്രോമ സെന്ററിലാണുള്ളത്.
പർവ്വതനിരകൾ നിറഞ്ഞ നേപ്പാളിൽ എല്ലാ മൺസൂൺ കാലത്തും ഇത്തരം ദുരന്തങ്ങൾ പതിവാണ്. ഇതിനുമുമ്പ് 2015ൽ അയ്യായിരത്തിലധികം പേരുടെ ജീവനെടുത്ത മഹാഭൂകമ്പത്തെയും ബിബെക് അതിജീവിച്ചിരുന്നു. ട്രോമ സെന്ററിൽ ബിബെകിനൊപ്പം ചികിത്സയിലുള്ള 11കാരിയായ റിഹാന ലാമിച്ചാനെയും അത്ഭുതകരമായാണ് പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്കൂൾ അടച്ചതിനെ തുടർന്ന് പുഴ മുറിച്ചുകടക്കുന്നതിനിടയിലാണ് റിഹാന ശക്തമായ പ്രളയത്തിൽപ്പെട്ടത്. നെഞ്ചിനും കാലിനും പരിക്കേറ്റെങ്കിലും ജീവനോടെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഈ കുരുന്നും കുടുംബവും.
നേപ്പാളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയ ഈ പെട്ടെന്നുണ്ടായ പ്രളയത്തിൽ ഇതുവരെ 165 ഓളം ആളുകളാണ് മരിച്ചത്. വിദേശ സഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളെ ഇനിയും കണ്ടെത്താനുണ്ട്. കാഠ്മണ്ഡുവിലെയും രസുവയിലെയും വിവിധ ആശുപത്രികളിൽ പരിക്കേറ്റവർ ചികിത്സയിലാണ്. നേപ്പാൾ-തിബറ്റ് അതിർത്തിയിലെ നദിയിലേക്ക് വലിയൊരു മൺകൂനയും പാറക്കെട്ടുകളും ഇടിഞ്ഞുവീണതാണ് ഈ ഭീകരമായ വെള്ളപ്പൊക്കത്തിന് കാരണം. നിമിഷനേരം കൊണ്ടാണ് ഈ വെള്ളപ്പൊക്കം മനുഷ്യരെയും ഗ്രാമത്തെയും തൂത്ത് വാരിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.