ബുനോൾ: തക്കാളികൾ പരസ്പരം എറിഞ്ഞ് ആഘോഷിക്കുന്ന ലോകപ്രശസ്ത ഉത്സവമായ ‘ലാ ടൊമാറ്റിന’ സ്പെയിനിലെ ബുനോൾ നഗരത്തിൽ അരങ്ങേറി. ആഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ച നടക്കുന്ന ഈ വിചിത്രവും വർണാഭവുമായ ആഘോഷത്തിൽ സ്വദേശികൾക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളും പങ്കെടുത്തു.
ഏകദേശം ഒരു മണിക്കൂർ നീളുന്ന തക്കാളിപ്പോരാട്ടമാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണം. തക്കാളികൾ നിറച്ച ട്രക്കുകൾ നഗരവീഥികളിലെത്തുന്നതോടെയാണ് ആവേശം അണപൊട്ടിയൊഴുകുന്നത്. തുടർന്ന് ആദ്യ വെടിയൊച്ചയോടെ പോരാട്ടം ആരംഭിക്കുകയും ട്രക്കുകളിൽ നിന്നുള്ള തക്കാളികൾ ജനങ്ങൾ പരസ്പരമെറിയാൻ തുടങ്ങുകയും ചെയ്യും. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ തെരുവുകൾ മുഴുവൻ ചുവപ്പുനിറമാകും. രണ്ടാമത്തെ വെടിയൊച്ചയോടെയാണ് പോരാട്ടത്തിന് സമാപനം കുറിക്കുന്നത്.
ഇത്തവണ 165 ടൺ തക്കാളിയാണ് ആഘോഷത്തിന് ഉപയോഗിച്ചത്. ആഘോഷത്തിന് മുമ്പ് അധികൃതർ നഗരത്തിലെ കെട്ടിടങ്ങൾ ടാർപോളിൻ ഉപയോഗിച്ച് മൂടുകയും പൊലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് വിദേശികളാണ് ഇത്തവണയും എത്തിച്ചേർന്നത്. 2011ൽ ‘സിന്ദഗി ന മിലേഗി ദോബാറ’ എന്ന ബോളിവുഡ് ചിത്രത്തിൽ ആഘോഷം ചിത്രീകരിക്കപ്പെട്ട ശേഷം ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ലാ ടൊമാറ്റിനയുടെ ചരിത്രത്തിന് എട്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1945ൽ ബുനോളിൽ നടന്ന യുവാക്കളുടെ ഒരു സംഘർഷത്തിനിടെയാണ് തക്കാളികൾ ഉപയോഗിച്ചുള്ള ഈ വിചിത്രമായ ആഘോഷത്തിന് തുടക്കമായതെന്നാണ് ചരിത്രരേഖകൾ പറയുന്നത്. പിന്നീട് യുവാക്കൾ മനഃപൂർവം തക്കാളികളുമായെത്തി ഇത് ആവർത്തിച്ചു. ചില ഘട്ടങ്ങളിൽ അധികൃതർ ആഘോഷം നിരോധിച്ചെങ്കിലും ജനങ്ങളുടെ സമ്മർദത്തെ തുടർന്ന് പിന്നീട് ഇത് വീണ്ടും അനുവദിക്കുകയായിരുന്നു.
1957ൽ ആഘോഷം തടഞ്ഞതിനെ തുടർന്ന് ‘തക്കാളിയുടെ ശവസംസ്കാരം’ എന്ന പ്രതീകാത്മക പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. സംഗീതത്തിന്റെ അകമ്പടിയോടെ തക്കാളി വെച്ച ശവപ്പെട്ടിയുമായി നടത്തിയ ആ പ്രതിഷേധം വലിയ ജനശ്രദ്ധ നേടിയതോടെയാണ് ആഘോഷത്തിന് വീണ്ടും അനുമതി ലഭിക്കുന്ന സാഹചര്യമുണ്ടായത്.
തക്കാളിപ്പോരാട്ടം അവസാനിക്കുന്നതോടെ ബുനോൾ നഗരം ശുചീകരിക്കുന്ന പതിവുമുണ്ട്. തക്കാളിച്ചാറിൽ മുങ്ങിയ ആളുകളെയും തെരുവുകളെയും വെള്ളം ഉപയോഗിച്ച് വൃത്തിയാക്കും. പോരാട്ടത്തിൽ പങ്കെടുത്തവർ തന്നെ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ജലധാരകളും ഹോസുകളും ഉപയോഗിച്ച് ശരീരത്തിലെ തക്കാളിച്ചാർ കഴുകിക്കളയുകയും ചെയ്യുന്നതാണ് രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.