ഡോണൾഡ് ട്രംപ്

‘ഇന്ത്യ-പാക് സംഘർഷം ആണവയുദ്ധമായേനെ; അവസാനിപ്പിച്ചത് താരിഫ് ഭീഷണിയിലൂടെ’ -80ാം തവണയും ക്രെഡിറ്റ് ആവർത്തിച്ച് ട്രംപ്

വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ സൈനിക നടപടിയും ഇന്ത്യ-പാക് സംഘർഷവും അവസാനിപ്പിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2025 മേയ് പത്തിന് ശേഷം ഇത് 80ാമത്തെ തവണയാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് അവകാ​ശപ്പെടുന്നത്. ഭീമമായ താരിഫ് ചുമത്തുമെന്ന് ഭീഷണി മുഴക്കിയാണ് താൻ യുദ്ധം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘എട്ട് യുദ്ധങ്ങൾ ഇതുവരെയായി അവസാനിപ്പിച്ചു. ഇവയിൽ ആറും താരിഫ് ഭീഷണി മുഴക്കിയാണ് അവസാനിപ്പിച്ചത്. നിങ്ങൾ യുദ്ധം നിർത്തിയില്ലെങ്കിൽ താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. യുദ്ധത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നത് എനിക്ക് കാണാൻ കഴിയില്ല’ -ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ ഡോണൾഡ് ട്രംപ് പറഞ്ഞു.

ഇന്ത്യ -പാകിസ്താൻ സംഘർഷം ആണവയുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് എന്റെ അഭിപ്രായം. അവർ ശരിക്കും അതിലേക്കായിരുന്നു നീങ്ങിയത്. പത്ത് വിമാനങ്ങൾ ഇരുവിഭാഗങ്ങളിലുമായി വെടിവെച്ചു വീഴ്ത്തി -ട്രംപ് പറഞ്ഞു.

ഡോണൾഡ് ട്രംപി​ന്റെ ഇടപെടലിലൂടെ ഒരു കോടി ജീവനാണ് രക്ഷിക്കാൻ കഴിഞ്ഞതെന്ന് പാകിസ്താൻ പ്രധാനമന്ത്രി പറഞ്ഞുവെന്നും അദ്ദേഹം അഭിമുഖത്തിൽ അവകാശപ്പെട്ടു.

സംഘർഷം ആണവ യുദ്ധത്തിലേക്കും നീങ്ങിയേനെ. നികുതി ഇല്ലാതെ ഇതൊന്നും സംഭവിക്കില്ലെന്നാണ് എന്റെ അഭിപ്രായം -ട്രംപ് പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിൽ തുടങ്ങിയ ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാനുള്ള തീരുമാനം ഡോണൾഡ് ട്രംപായിരുന്നു സാമൂഹിക മാധ്യമത്തിൽ ആദ്യം പ്രഖ്യാപിച്ചത്. ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചുവെങ്കിലും, യുദ്ധം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ലോകവേദികളിൽ ഉൾപ്പെടെ ട്രംപ് തന്റേതായി പ്രഖ്യാപിച്ചു. മേയ് 10 മുതൽ ഇതുവരെയായി 80 തവണയെങ്കിലും ട്രംപ് ഇക്കാര്യം ആവർത്തിച്ചു.

Tags:    
News Summary - India and Pakistan war could have been nuclear, 10 planes were shot down: Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.