പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

'അമേരിക്ക ഞങ്ങളെ ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി ഉപയോഗിച്ചു': അഫ്ഗാൻ യുദ്ധത്തിൽ പാകിസ്താന് തെറ്റുപറ്റി -ഖ്വാജ ആസിഫ്

ഇസ്‌ലാമാബാദ്: തന്ത്രപരമായ താൽപ്പര്യങ്ങൾക്കായി അമേരിക്ക  പാകിസ്താനെ ചൂഷണം ചെയ്തെന്നും ആവശ്യം കഴിഞ്ഞപ്പോൾ 'ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി' വലിച്ചെറിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കക്കെതിരെയും മുൻ പാക് ഭരണാധികാരികൾക്കെതിരെയും ഖ്വാജ ആസിഫ് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.

അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങളിൽ അമേരിക്കക്കൊപ്പം ചേരാനുള്ള പാകിസ്താന്റെ തീരുമാനം ചരിത്രപരമായ വലിയൊരു തെറ്റായിരുന്നുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.

1999ന് ശേഷം, പ്രത്യേകിച്ച് സെപ്റ്റംബർ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായി വീണ്ടും സഖ്യമുണ്ടാക്കിയത് പാകിസ്താന് വലിയ ദോഷം ചെയ്തു. വാഷിംങ്ടണിന്റെ പിന്തുണ നേടാനുള്ള ഈ ശ്രമം രാജ്യത്തെ അക്രമങ്ങളിലേക്കും സാമ്പത്തിക തകർച്ചയിലേക്കും തള്ളിയിട്ടതായി ഖ്വാജ ആസിഫ് പറഞ്ഞു.

അഫ്ഗാൻ യുദ്ധത്തിൽ പാകിസ്ഥാൻ പങ്കുചേർന്നത് മതപരമായ കടമ (ജിഹാദ്) മൂലമാണെന്ന പതിറ്റാണ്ടുകളായുള്ള വാദം അദ്ദേഹം തള്ളി. രാഷ്ട്രീയ ലാഭത്തിനായി 'ജിഹാദ്' എന്ന പേരിൽ ജനങ്ങളെ യുദ്ധത്തിലേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്നും ഇത് വിനാശകരമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധകാലത്തെ നയങ്ങൾ ന്യായീകരിക്കാനായി പാകിസ്താന്റെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ പോലും മാറ്റങ്ങൾ വരുത്തി. ഇതിന്റെ ഫലമായി സമൂഹത്തിൽ തീവ്രവാദം പടർന്നുപിടിച്ചു. ജനറൽ സിയാ ഉൾ ഹഖ്, ജനറൽ പർവേസ് മുഷറഫ് എന്നിവരുടെ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച ഖ്വാജ ആസിഫ്, അമേരിക്കൻ പിന്തുണ എന്ന 'ഊന്നുവടി'ക്ക് വേണ്ടിയാണ് ഇവർ രാജ്യത്തെ അന്യരുടെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്ന് ആരോപിച്ചു.

അമേരിക്ക അവരുടെ ലക്ഷ്യം പൂർത്തിയാക്കി പിന്മാറിയെങ്കിലും പാകിസ്താൻ ഇന്നും ഭീകരാക്രമണങ്ങളിലും സുരക്ഷാ ഭീഷണികളിലും വലയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമുക്കുണ്ടായ നഷ്ടങ്ങൾ ഒരിക്കലും പരിഹരിക്കാനാവില്ലെന്നും മറ്റുള്ളവരുടെ യുദ്ധത്തിലെ ഒരു കരു മാത്രമായി പാകിസ്താൻ മാറിയത് തിരുത്താനാവാത്ത തെറ്റാണെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.

Tags:    
News Summary - 'America used us worse than toilet paper': Pakistan made mistakes in Afghan war - Khawaja Asif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.