ഹമാസ് വിരുദ്ധ സംഘത്തലവൻ അബു ഷബാബ് കൊല്ല​പ്പെട്ടു; മരണം ആഭ്യന്തര ഏറ്റുമുട്ടലിലെന്ന് ഇസ്രായേൽ

ഗസ്സ/ തെൽ അവീവ്: ഹമാസിനെ നേരിടാൻ ഗസ്സയിൽ ഇസ്രായേൽ പിന്തുണയോടെ രൂപീകരിച്ച അബു ഷബാബ് സായുധ സംഘത്തിന്റെ തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ. വ്യാഴാഴ്ച തെക്കൻ ഗസ്സയിൽ ആഭ്യന്തര ഏറ്റുമുട്ടലിലാണ് ഇയാൾ മരിച്ചതെന്ന് ഇസ്രായേലി പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.

ഹമാസുമായുള്ള ഏറ്റുമുട്ട​ല​ല്ലെന്നും അബു ഷബാബ് സംഘാംഗങ്ങൾ ചേരിതിരിഞ്ഞ് വെടിവെപ്പും കയ്യാങ്കളിയും നടക്കുകയായിരുന്നുവെന്നും ഇസ്രായേൽ മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്തു. ഗുരുതര പരിക്കേറ്റ അബു ഷബാബിനെ ഇസ്രായേലിലെ  ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

ഇസ്രായേലുമായി സഹകരിക്കുന്നതിനെച്ചൊല്ലി സായുധസംഘത്തിൽ ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇസ്രായേൽ പത്രമായ ‘വൈനെറ്റ്’ റിപ്പോർട്ട് ചെയ്തു. അതേസമയം, അബുഷബാാബിന്റെ മരണം സംബന്ധിച്ച് സായുധസംഘമോ ഇസ്രായേലി അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുമ്പോൾ ഹമാസിനെതിരെ രംഗത്തുവന്ന ഇസ്രായേൽ അനുകൂല സംഘത്തിന്റെ തലവനാണ് തെക്കൻ ഗസ്സയിലെ റഫ ആസ്ഥാനമായുള്ള ഗോത്ര നേതാവായ അബു ഷബാബ്. ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽ വന്ന ശേഷവും ഗസ്സയിൽ ഇസ്രായേൽ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഇവർ പ്രവർത്തനം തുടരുകയായിരുന്നു.

Tags:    
News Summary - Yasser abu Shabab leader of Israel-backed militia, killed in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.